യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദം ശക്തമാകുന്നതിനിടെ, പോളണ്ടിലേക്കും റഷ്യ ഡ്രോണുകൾ തൊടുത്തതിന് പിന്നിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘സലമി സ്ലൈസിങ്’ തന്ത്രം. കഴിഞ്ഞയാഴ്ച യുക്രെയ്നെതിരായ ആക്രമണത്തിന്റെ ഭാഗമായി 19 തവണയാണ് റഷ്യൻ ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തി കടന്നത്.
എല്ലാ ഡ്രോണുകളും നാറ്റോ സേനയ്ക്കൊപ്പം ചേർന്ന് പോളിഷ് സൈന്യം വെടിവച്ചുവീഴ്ത്തി.
ഒറ്റയടിക്ക് നേരിട്ട് ആക്രമിക്കുന്നതിന് പകരം ചെറു നീക്കങ്ങൾ നടത്തി എതിരാളികളുടെ പ്രതിരോധതന്ത്രവും ശേഷിയും അളക്കുകയാണ് ‘സലമി സ്ലൈസിങ്’ വഴി ഉദ്ദേശിക്കുന്നത്. നാറ്റോ അംഗമാണ് പോളണ്ട്.
അതുകൊണ്ടുതന്നെ, പോളണ്ടിനെ തൊട്ടാൽ നാറ്റോയ്ക്ക് ഇടപെടേണ്ടി വരും. നാറ്റോയുടെ പ്രതികരണ സ്വഭാവം മനസ്സിലാക്കാനായി പുട്ടിൻ ബോധപൂർവം പോളണ്ടിലേക്ക് ഡ്രോണുകൾ അയക്കുകയായിരുന്നെന്ന് വിമർശകർ പറയുന്നു.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് പോളണ്ട് സംഘർഷത്തിന്റെ വക്കിലെത്തുന്നത്.
ഏത് പ്രകോപനവും നേരിടാൻ സൈന്യം സജ്ജമാണെന്ന് പോളണ്ട് അറിയിച്ചിട്ടുമുണ്ട്. അതിർത്തിയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച പോളണ്ട്, സമീപത്തെ വിമാനത്താവളം തൽക്കാലത്തേക്ക് അടച്ചു.
റഷ്യയുടേത് കൈവിട്ട കളിയാണെന്ന പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി, നാറ്റോയിലെ യുഎസ് അംബാസഡർ മാത്യു വിറ്റേക്കർ എന്നിവരും രംഗത്തെത്തി.
പ്രകോപനം തുടരാനാണ് പുട്ടിൻ ഉദ്ദേശിക്കുന്നതെങ്കിൽ തിരിച്ചടിക്കുമെന്ന് മാത്യു വിറ്റേകർ പറഞ്ഞു.
പുട്ടിന്റേത് കടുത്ത പ്രകോപനമാണെന്ന് പ്രതികരിച്ച നെതർലൻഡ്സും ‘ഇ5’ രാജ്യങ്ങളായ പോളണ്ട്, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, ഇറ്റലി എന്നിവയും റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധത്തിന് ശ്രമിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പോളണ്ടിനെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, നേരത്തേ എസ്റ്റോണിയയുടെ വ്യോമാതിർത്തിയും റഷ്യ ഇത്തരത്തിൽ ലംഘിച്ചത് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇതേ ‘സലമി സ്ലൈസിങ്’ കൗശലം പ്രയോഗിച്ചാണ് 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തത്. പെട്ടെന്നൊരു വലിയ യുദ്ധത്തിലൂടെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനു പകരം ചെറു ആക്രമണങ്ങളിലൂടെ ലക്ഷ്യം കൈവരിക്കുന്നതാണ് പുട്ടിന്റെ തന്ത്രം.
തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനും ഇതുവഴി കഴിയും. റഷ്യയുടെ ചെറുതും അപ്രതീക്ഷിതവുമായ നീക്കമാണെന്നതിനാൽ വലിയൊരു പ്രത്യാക്രമണം നടത്താൻ നാറ്റോയ്ക്ക് നിലവിൽ കഴിയുന്നില്ല.
ഈ സാഹചര്യം മുതലെടുത്ത് ചെറിയ ചുവടുകൾ വച്ചുമുന്നേറുകയാണ് റഷ്യ ചെയ്യുന്നതും.
ക്ഷമ നശിക്കുന്നെന്ന് ട്രംപ്; പുട്ടിനെ എങ്ങനെ തടുക്കും?
പുട്ടിന്റെ തന്ത്രം പൊളിക്കാൻ രാഷ്ട്രീയവും സൈനികവുമായ തിരിച്ചടി തന്നെ കൊടുക്കണമെന്ന ആവശ്യം നാറ്റോയ്ക്കുള്ളിൽതന്നെ ഉയർന്നിട്ടുണ്ട്. നാറ്റോ അംഗരാഷ്ട്രങ്ങളുടെ അതിർത്തിയിൽ സൈനികവിന്യാസം കൂട്ടാനും ആലോചിക്കുന്നു.
ബ്രിട്ടീഷ് സൈന്യം ഇതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
അതേസമയം, പുട്ടിനോടുള്ള തന്റെ ക്ഷമ നശിക്കുകയാണെന്നും റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധത്തിന് ഒരുക്കമാണെന്നും ട്രംപ് പ്രതികരിച്ചു. റഷ്യയെ സാമ്പത്തികമായി ഞെരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ കൂടുതൽ തീരുവ ചുമത്താനുള്ള ശ്രമങ്ങളും ട്രംപ് പയറ്റുന്നുണ്ട്.
ഇന്ത്യയ്ക്കും ചൈനയ്ക്കും 50-100% തീരുവ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ, ജി7 രാഷ്ട്രങ്ങൾ എന്നിവയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്കുമേൽ കൂടുതൽ തീരുവ പ്രഖ്യാപിക്കണമെന്ന് നാറ്റോയോടും ട്രംപ് ആവശ്യപ്പെട്ടു.
റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ഉറപ്പാക്കാനുള്ള തന്റെ തന്ത്രങ്ങൾ പാളുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്.
യുക്രെയ്ൻ നേതാവ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് പുട്ടിൻ വ്യക്തമാക്കിയിട്ടുമുണ്ട്. ‘‘പുട്ടിൻ തയാറാകുമ്പോൾ സെലെൻസ്കി ഉടക്കിടും, സെലെൻസ്കി തയാറാകുമ്പോൾ പുട്ടിനും, നമുക്ക് ഇതെങ്ങനെയും ശക്തമായി നേരിട്ടേ പറ്റൂ’’, ട്രംപ് ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
നാറ്റോ അംഗ രാഷ്ട്രങ്ങളിൽ ചിലവയും ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
അതു നിർത്തണമെന്ന് ആവശ്യപ്പെട്ട ട്രംപ്, നാറ്റോ തയാറാണെങ്കിൽ റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധത്തിന് താനും ഒരുക്കണമാണെന്ന് വ്യക്തമാക്കി.
റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധനീക്കം ആലോചിക്കുകയാണ് യൂറോപ്യൻ യൂണിയനും. റഷ്യൻ എണ്ണയുടെ പരമാവധി വിലപരിധി കഴിഞ്ഞദിവസം ജപ്പാനും 47.60 ഡോളറിലേക്ക് വെട്ടിക്കുറച്ചിരുന്നു.
ഇതിലധികം വില നൽകി റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ജപ്പാനും ഉപരോധം പ്രഖ്യാപിച്ചേക്കും. എണ്ണ വിൽപന വഴി റഷ്യ വരുമാനം നേടുകയും അത് യുക്രെയ്നെതിരായ യുദ്ധത്തിന് പ്രയോജനപ്പെടുത്തുന്നത് തടയുകയുമാണ് ലക്ഷ്യം.
നേരത്തേ യൂറോപ്യൻ യൂണിയനും ബാരലിന് 60 ഡോളറിൽ നിന്ന് വില 47.60 ഡോളറിലേക്ക് താഴ്ത്തിയിരുന്നു.
ജപ്പാനിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒരു ശതമാനത്തിലും താഴെയാണ് റഷ്യയുടെ വിഹിതം. അതേസമയം, എൽഎൻജിയുടെ വിഹിതം 9 ശതമാനമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]