മുക്കം∙ നേപ്പാളിലെ കഠ്മണ്ഡുവിലെ കലാപ ഭൂമിയിൽ നിന്നു സുരക്ഷിതരായി കോഴിക്കോട്ടെ നാൽപതംഗ വിനോദ യാത്രാ സംഘം നാട്ടിൽ തിരിച്ചെത്തി. കലാപ ഭൂമിയിലെ വെടിവയ്പുകളിൽ നിന്നും പട്ടാള പരിശോധനകളെയും അതിജീവിച്ചാണ് സംഘം ഇന്നലെ നാട്ടിലെത്തിയത്.
ബെംഗളൂരു വഴിയായിരുന്നു സംഘത്തിന്റെ മടക്കം. മുക്കം, കാരശ്ശേരി, കൊടിയത്തൂർ, അരീക്കോട് തുടങ്ങിയ ഭാഗങ്ങളിലുള്ളവരാണു സംഘത്തിൽ ഏറെയും.
കഴിഞ്ഞ ഞായറാഴ്ചയാണു സംഘം നേപ്പാളിലെ കഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ചിരുന്നത്. കഠ്മണ്ഡുവിലെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്.
വെടിയൊച്ചകളും തീ കത്തിക്കലും കെട്ടിടങ്ങളുടെ തകർച്ചയുമൊക്കെ അവർ നേരിട്ടു കണ്ടു. നാഗർകോട്ട് സന്ദർശിച്ച് പൊക്രഹിൽ സ്റ്റേഷനിലേക്ക് പോകവെയാണ് റോഡിൽ കുടുങ്ങിയതെന്ന് സംഘത്തിലുള്ള അബൂബക്കർ പറഞ്ഞു.
ഒന്നര ദിവസത്തോളം റൂമിൽ തന്നെ കഴിയേണ്ടി വന്നു. കർഫ്യു നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്ര വെട്ടിച്ചുരുക്കിയാണ് മടക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ, എംഎൽഎമാരായ ലിന്റോ ജോസഫ്, എം.കെ.മുനീർ, എം.കെ.രാഘവൻ എംപി, ജോൺ ബ്രിട്ടാസ് എംപി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, വിദേശകാര്യ മന്ത്രാലയം, നേപ്പാൾ ഇന്ത്യൻ എംബസി എന്നിവരുടെ ഇടപെടലുകൾ തുണയായതായും ഇവരോട് കടപ്പാടുള്ളതായും യാത്രാ സംഘം പറഞ്ഞു.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ സഹോദരി വസീദ ജംഷിദ്, ബക്കർ, റിട്ട.അധ്യാപകൻ എം.കെ.ബാബു, ഭാര്യ സരോജിനി, കൊടിയത്തൂരിലെ റിട്ട.അധ്യാപകൻ എ.എം.അബ്ദുല്ല, കാരശ്ശേരിയിലെ റിട്ട
അധ്യാപകൻ ബഷീർ, അനിത തുടങ്ങിയവരായിരുന്നു മുക്കം ഭാഗത്തു നിന്നുള്ളവർ. കാരശ്ശേരി പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു നേപ്പാൾ യാത്ര.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]