കാക്കനാട്∙ പൊലീസിന്റെ വേഷപ്പകർച്ചകൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ കാൻവാസിലേക്ക് പകർത്തിയപ്പോൾ കാണാൻ ആസ്വാദകരേറെ. കാടും കടലും നിരത്തുകളും തട്ടുകടകളും പ്രളയവുമൊക്കെ പശ്ചാത്തലമാക്കി പൊലീസ് സൈബർ ഡോമിലെ ഇൻസ്പെക്ടർ എ.അനന്തലാൽ വരച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഇൻഫോപാർക്ക് ജ്യോതിർമയ സമുച്ചയത്തിൽ സൈബർ ഡോം പരിസരത്താണ് പ്രദർശനം. അനന്തലാലിന്റെ വരകളെല്ലാം പൊലീസ് വിഷയങ്ങളാണെന്നതും ശ്രദ്ധേയം.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലെ അനുഭവ സാക്ഷ്യങ്ങളാണ് കാൻവാസിലേക്ക് പകർത്തിയവയിൽ കൂടുതലും.
ഓണാഘോഷത്തോടനുബന്ധിച്ചു തുടങ്ങിയ പ്രദർശനം കാണാൻ ടെക്കികളുടെ തിരക്കാണ്. 55 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
വരച്ച എൺപതോളം ചിത്രങ്ങൾ കൈവശമുണ്ടായിരുന്നെങ്കിലും ചിലതൊക്കെ നിറം മങ്ങി നശിച്ചു, മറ്റു ചിലതു സുഹൃത്തുക്കൾ കൊണ്ടുപോയി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ സേവനം അനുഷ്ഠിച്ച കാലത്ത് ലഭിച്ച അവധി ദിനങ്ങളാണ് വരയ്ക്കാൻ തുണയായതെന്ന് അനന്തലാൽ പറഞ്ഞു.
ബാല്യകാലം മുതൽ വരയോട് ഇഷ്ടമായിരുന്നു.
മുതിർന്നപ്പോൾ വരയ്ക്കാൻ പരിശീലനവും നേടി. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ ആദ്യ എസ്എച്ച്ഒ ആയിരുന്ന അനന്തലാൽ വാട്ടർ മെട്രോയുടെ ഹൈക്കോടതി ജെട്ടിയിൽ സ്ഥാപിക്കാൻ 15 അടി നീളവും 6 അടി ഉയരവുമുള്ള പെയ്ന്റിങ് പൂർത്തിയാക്കിയിട്ടുണ്ട്.
ഓയിൽ, വാട്ടർ കളർ, അക്രിലിക് വരകളാണ് സൈബർ ഡോം പരിസരത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട
വിമലാദിത്യ തുടങ്ങിയവർ പ്രദർശനം കാണാനെത്തിയിരുന്നു. ബുധനാഴ്ച സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]