റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയ്ക്കുമേൽ 100% തീരുവ ഈടാക്കണമെന്ന് നാറ്റോയോട് ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഷോഭിച്ച് ഷി ഭരണകൂടം.
ഉപരോധങ്ങളും തീരുവയുദ്ധങ്ങളും പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നു പറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ചൈന യുദ്ധം തുടങ്ങാനോ യുദ്ധത്തിൽ പങ്കുചേരാനോ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
ചൈനയ്ക്കുമേൽ 50 മുതൽ 100% വരെ തീരുവ ഏർപ്പെടുത്തണമെന്നും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുംവരെ അത് തുടരണമെന്നുമാണ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. നിലവിൽ റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്.
എന്നാൽ, ഇതുവരെ ചൈനയ്ക്കുമേൽ ഇതിന്റെപേരിൽ അധികത്തീരുവ ഏർപ്പെടുത്താൻ ട്രംപ് തയാറായിരുന്നില്ല. റഷ്യ-ചൈന ബന്ധം ശക്തമാകുന്നതിന് തടയിടുക കൂടിയാണ് കൂടുതൽ ഉപരോധവും തീരുവയും കൊണ്ടുവരുന്നതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ താൻ ഒരുക്കമാണെന്ന് പറഞ്ഞ ട്രംപ്, നാറ്റോ രാഷ്ട്രങ്ങളും അതിന് തയാറാവണമെന്ന് ആവശ്യപ്പെട്ടു.
ചില നാറ്റോ രാജ്യങ്ങൾ ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ട്രംപ് പറഞ്ഞു. നേരത്തേ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 100% തീരുവ ഏർപ്പെടുത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടെങ്കിലും തള്ളിയിരുന്നു.
ഇതേ ആവശ്യം ട്രംപ് ജി7 രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിട്ടില്ല. ഇതോടെയാണ്, നാറ്റോയെയും കൂട്ടുപിടിക്കാനുള്ള ശ്രമം.
പുട്ടിന്റെ യുദ്ധ മെഷീനുകൾക്ക് റഷ്യൻ എണ്ണ വാങ്ങി ഫണ്ട് ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണെന്നാണ് യുഎസ് വാദിക്കുന്നത്.
എണ്ണ വഴിയുള്ള വരുമാനം തടഞ്ഞ്, പുട്ടിനെ വീണ്ടും വെടിനിർത്തൽ ചർച്ചകൾക്ക് നിർബന്ധിതനാക്കാനാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ കൂടുതൽ തീരുവയാഘാതം അടിച്ചേൽപ്പിക്കുന്നതുവഴി ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം, ചൈനയും റഷ്യയും എല്ലാക്കാലത്തും സുഹൃദ് രാഷ്ട്രങ്ങളാണെന്നും ആ ബന്ധം തുടരുമെന്നും സ്ലൊവേനിയ സന്ദർശിക്കുന്ന വാങ് യി വ്യക്തമാക്കി.
യുദ്ധം ഒന്നിനും പരിഹാരമല്ല, ഉപരോധങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ – വാങ് യി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ ‘ബൈഡൻ-സെലെൻസ്കി യുദ്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, താനായിരുന്നു അപ്പോഴും യുഎസ് പ്രസിഡന്റ് എങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു. അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതുൾപ്പെടെ താൻ മധ്യസ്ഥത വഹിച്ച നീക്കങ്ങളെല്ലാം പാളിയതും ട്രംപിനെ അലോസരപ്പെടുത്തുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]