പത്തനംതിട്ട∙ കാത്തിരിപ്പിനൊടുവിൽ ഇലന്തൂരിൽ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും 16ന് 11ന് നടത്തും. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ചെലവിൽ ഒരു നില കെട്ടിടമാണു നിർമിക്കുന്നത്.
കെയുആർഡിഎഫിൽ നിന്നാണു പണം അനുവദിച്ചത്. താഴത്തെ നിലയിൽ 16 കടമുറികളാണു പണിയുന്നത്.
വാടകയ്ക്കു നൽകുന്നതോടെ പഞ്ചായത്തിന്റെ തനത് വരുമാനത്തിലും വർധന പ്രതീക്ഷിക്കുന്നു. ചിത്തിര വിലാസം പബ്ലിക് മാർക്കറ്റിലെ ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ആന്റോ ആന്റണി എംപി നിർവഹിക്കും.
പ്രസിഡന്റ് ജയശ്രീ മനോജ് അധ്യക്ഷത വഹിക്കും.
പഴയ കെട്ടിടം കാലപ്പഴക്കത്താൽ അൺഫിറ്റായി കണ്ടെത്തിയിരുന്നു. 2020–21 സാമ്പത്തിക വർഷത്തിൽ വാടക കരാർ പുതുക്കി നൽകുന്നതിനു മുന്നോടിയായി ഈ കെട്ടിടത്തിന്റെ ഫിറ്റ്നസ് അസിസ്റ്റന്റ് എൻജിനീയർ പരിശോധിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നു പഞ്ചായത്ത് കമ്മിറ്റിക്കു റിപ്പോർട്ടും നൽകി. ഇതു പരിഗണിച്ച പഞ്ചായത്ത് കമ്മിറ്റി, കടമുറികൾ വാടകയ്ക്കു നൽകേണ്ടതില്ലെന്ന് 2020 ഫെബ്രുവരി 2ന് തീരുമാനിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കൈവശക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് ഇതേ വർഷം ഒക്ടോബറിൽ നിലപാടെടുത്തു.
പഞ്ചായത്ത് കമ്മിറ്റിയുടെ ഈ തീരുമാനത്തിൻമേൽ നവംബറിൽ സെക്രട്ടറി വിയോജനക്കുറിപ്പ് അയച്ചു.
ഉപയോഗശൂന്യമെന്നു സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയിട്ടും കെട്ടിടത്തിലെ വാടകക്കാരെ ഒഴിപ്പിക്കാത്തതു പദ്ധതി അവലോകനത്തിൽ വിമർശനത്തിന് ഇടയാക്കി. ജീർണിച്ച കെട്ടിടം തകർന്നു വീഴുകയോ ആളപായം ഉണ്ടാവുകയോ ചെയ്താൽ പഞ്ചായത്തിനാകും ഉത്തരവാദിത്തമെന്ന മുന്നറിയിപ്പും ലഭിച്ചു.ഈ കെട്ടിടത്തിൽ 28 കടമുറികളാണുണ്ടായിരുന്നത്.
തുടർന്നു കെട്ടിടത്തിലെ വാടകക്കാരുമായി പുതിയ ഭരണസമിതി ചർച്ച നടത്തിയ ശേഷമാണു പഴയ കെട്ടിടം പൊളിച്ചുനീക്കിയത്.
പഴയ കെട്ടിടത്തിലെ കച്ചവടക്കാർക്ക് അർഹമായ പരിഗണന നൽകാൻ ശ്രമമുണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കിയിരുന്നു. ഒരു വർഷമാണു പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമാണ കാലാവധിയെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല പറഞ്ഞു.രണ്ടുംമൂന്നും നിലകൾ ഫണ്ട് ലഭ്യമാകുന്നതു പ്രകാരം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ‘എൽ’ രൂപത്തിലാണ് കെട്ടിടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]