കൊച്ചി∙ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂവെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. കേരളം വികസിക്കുമ്പോഴാണ് ഇന്ത്യ പൂർണമായി പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആവിഷ്കരിച്ച ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായുള്ള ലെക്ചർ സീരിസിന്റെ ഉദ്ഘാടനവും ഐഡിയ ഫെസ്റ്റ് ലോഞ്ചിങ്ങും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
വികസിത ഭാരതം എന്ന സങ്കൽപ്പത്തിന് കേവലം സാമ്പത്തിക അളവുകോലുകൾക്കപ്പുറം വിശാലമായ അർഥങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന ഭൗതികമായ സമൃദ്ധി എന്ന ആശയത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള ആശയം തികച്ചും വ്യത്യസ്തമാണ്.
ഒരു രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക സ്ഥിരത മാത്രം അടിസ്ഥാനമാക്കി വികസിത രാജ്യം എന്ന് പറയാൻ കഴിയില്ല. ഭാരതീയ തത്വചിന്തയനുസരിച്ച് യഥാർത്ഥ വികസനത്തിന്റെ അടിസ്ഥാനം ‘സർവേ ജനാ സുഖിനോ ഭവന്തു’ എന്ന ദർശനമാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവുകളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സമഗ്രമായ പുരോഗതിയാണ് നമ്മുടെ ലക്ഷ്യം.
കൊളോണിയൽ കാഴ്ചപ്പാടുകളിൽ നിന്ന് ഭാരതീയ ചിന്തയെ മോചിപ്പിക്കാനുള്ള സുപ്രധാന ശ്രമമാണിത്. അടിമത്ത മനോഭാവമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിലൂടെയല്ല, മറിച്ച് സ്വാഭിമാനവും പുരോഗമന ചിന്തയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെയാണ് വികസിത ഭാരതം യാഥാർത്ഥ്യമാവുക എന്നും ഗവർണർ പറഞ്ഞു.
ചെറിയ സംസ്ഥാനമായ ഗോവയ്ക്ക് പോലും നിരവധി സമുദ്ര അനുബന്ധ വ്യവസായങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ വിദ്യാഭ്യാസ രീതി കൊളോണിയൽ ചിന്താഗതിയിൽ നിന്ന് പുറത്തുവരണം. തൊഴിലന്വേഷകരെ സൃഷ്ടിക്കുന്നതിന് പകരം സംരംഭകരെ വാർത്തെടുക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറണം.
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ സാംസ്കാരിക വേരുകളുമായി വീണ്ടും ബന്ധിപ്പിക്കാനുള്ള ശക്തമായ ചുവടുവെപ്പാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
എല്ലാ മാസവും പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര കേരളത്തിന്റെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു. ‘സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിടുന്ന ഐഡിയ ഫെസ്റ്റ് കേരളം നേരിടുന്ന വികസന, സാമൂഹിക വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്നതാണ്.
മാലിന്യം കലാരൂപങ്ങളാക്കി മാറ്റുക, കൊച്ചിക്കായി ജലമലിനീകരണ സൂചിക നിർമിക്കുക, കുളവാഴ പ്രശ്നത്തിന് പരിഹാരം കാണുക, വ്യവസായ പ്രമുഖരുടെ സഹായത്തോടെ വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താൻ ‘പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്’ തുടങ്ങിയ പദ്ധതികളും ഫ്യൂച്ചർ കേരള മിഷന്റെ’ ഭാഗമായി നടപ്പാക്കും. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി, സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണ് സർവകലാശാല ഇതിലൂടെ ശ്രമിക്കുന്നത് ” – അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]