കൊല്ലങ്കോട് ∙ അനധികൃത കോഴിക്കടത്തിന് അകമ്പടി പോയതെന്നു കരുതി ഡ്രൈവറെ പൊലീസ് മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി 7 വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നു പരാതി. ശുദ്ധജലം വിതരണം ചെയ്യുന്ന ലോറിയുടെ ഡ്രൈവർ കൊല്ലങ്കോട് കോട്ടപ്പാടം സ്വദേശി വിജയകുമാറിനെ (52) മർദനമേറ്റ സംഭവത്തിലാണു ഭാര്യ രാധയുടെ ആരോപണം.2017 മേയ് 24നു കൊല്ലങ്കോട് ടൗണിൽ വച്ചാണു പിക്കപ് വാനിൽ മഫ്തിയിലെത്തിയ പൊലീസുകാർ വിജയകുമാറിനെ കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്ന് അന്നത്തെ ഇൻസ്പെക്ടറും പൊലീസുകാരും ചേർന്നു മർദിച്ചെന്നാണു പരാതി.
രാധാ വിജയകുമാർ നൽകിയ പരാതിയിൽ, പൊലീസിന്റെ വീഴ്ചയിൽ ഒരാൾ കേസിൽ പ്രതിയായി ജയിലിലായ സാഹചര്യം ഗുരുതരമാണെന്ന് അന്നത്തെ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാറിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു.വിജയകുമാർ ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ, കോഴിക്കടത്തുകാർക്കു വിവരം നൽകുന്നതാണെന്നു സംശയിച്ചു മൊബൈൽ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ഇൻസ്പെക്ടർ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് ആരോപണം.
ലുങ്കിയും ഷർട്ടും ധരിച്ചയാളിൽ നിന്ന്, പിടിച്ചുപറിക്കാരാണെന്നു കരുതി, കുതറിമാറിയപ്പോൾ പൊലീസിനെ ആക്രമിച്ചെന്നു വരുത്തി റിമാൻഡ് ചെയ്തെന്നാണു പരാതി. എന്നാൽ, യൂണിഫോമിലെത്തിയ പൊലീസുകാരെ വിജയകുമാർ മർദിച്ചെന്നാണു സാക്ഷിമൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്പെക്ടറുടെ മൊഴിയിൽ വിജയകുമാർ കോഴി കടത്തുന്ന സംഘത്തിനു സഹായം ചെയ്തു പ്രതിഫലം വാങ്ങുന്നയാളാണെന്നു സമർഥിച്ചതായി കമ്മിഷൻ കണ്ടെത്തി.
പക്ഷേ, ഡിവൈഎസ്പിയുടെ മൊഴിയിൽ ഇതില്ലാത്തതിനാൽ ഇൻസ്പെക്ടറുടെ മൊഴി മനുഷ്യാവകാശ കമ്മിഷൻ തള്ളി. തൃശൂർ റേഞ്ച് ഐജിയോടു റിപ്പോർട്ട് നൽകാൻ നിർദേശിച്ച് കമ്മിഷൻ 2018 ജനുവരി 12ന് ഉത്തരവിട്ടു.
എന്നാൽ 7 വർഷം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു പരാതിക്കാർ പറയുന്നു. സംഭവത്തിൽ ആരോപണവിധേയനായ ഇൻസ്പെക്ടർ ഇപ്പോൾ തൃശൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്.
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
വിജയകുമാറിനെ പൊലീസ് സ്റ്റേഷനിൽ വച്ചു ക്രൂരമായി മർദിക്കുകയും കള്ളക്കേസിൽ ജയിലിലടയ്ക്കുകയും ചെയ്ത പൊലീസുകാരെ സർവീസിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം.
തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന നിരപരാധിയായ വിജയകുമാറിനെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിൽ വച്ചു ക്രൂരമായി മർദിക്കുകയും കള്ളക്കേസിൽ ജയിലിലടയ്ക്കുകയും ചെയ്ത അന്നത്തെ കൊല്ലങ്കോട് ഇൻസ്പെക്ടറും നിലവിൽ തൃശൂർ എസിപിയുമായ സലീഷ് എൻ.ശങ്കരനെ സർവീസിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രകടനം കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് റോഡിനു സമീപത്തു പൊലീസ് തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണു സംഘർഷത്തിലേക്കു വഴിവച്ചത്. തുടർന്നു ജലപീരങ്കി പ്രയോഗിച്ചതോടെ ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വിഷ്ണു, ഡിസിസി എക്സിക്യൂട്ടീവ് അംഗം പ്രദീപ് നെന്മാറ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, ജില്ലാ സെക്രട്ടറി ശ്യാം ദേവദാസ്, കെ.ജി.രാഹുൽ, ബാബു കൊല്ലങ്കോട് എന്നിവരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് ഉദ്ഘാടനം ചെയ്തു.
മനു പല്ലാവൂർ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]