തിരുവനന്തപുരം ∙ തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളം മാറ്റത്തിന്റെ പാതയിലാണ്. 10 – 15 വർഷം കൊണ്ട് 8,707 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന് (എഎച്ച്എഎൽ) അനുമതി നൽകിയിരിക്കുന്നത്.
ആദ്യഘട്ടമായി ‘പ്രോജക്ട് അനന്ത’ എന്ന പേരിൽ 1,300 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിൽ 600 കോടി രൂപയുടെ പദ്ധതികൾക്കു തുടക്കമിട്ടുകഴിഞ്ഞു.എയർസൈഡ് ഡവലപ്മെന്റ്–ഏപ്രൺ, ഡ്രെയ്നേജ്, സേഫ്റ്റി ഏരിയ വികസനം–600 കോടി
പ്രോജക്ട് അനന്ത
ടെർമിനൽ 2 വികസനം– 3 വർഷത്തിനുള്ളിൽ 1300 കോടി ചെലവിൽ, പുതിയ കമേഴ്സ്യൽ, അഡ്മിനിസ്ട്രേഷൻ ബ്ലോക്കുകൾ, എയർപോർട്ട് പ്ലാസ, പുതിയ എടിസി ടവർ, പഞ്ചനക്ഷത്ര ഹോട്ടൽ, കൺവൻഷൻ സെന്റർ, പുതിയ കാർഗോ കോംപ്ലക്സ്, മൾട്ടി ലവൽ പാർക്കിങ് സൗകര്യങ്ങൾ.
രാജ്യാന്തര ടെർമിനലിന്റെ (ടി2) സമഗ്ര വികസനം ഇങ്ങനെ
പ്രതിവർഷം 32 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണു നിലവിൽ വിമാനത്താവളത്തിനുള്ളത്.
2030ൽ യാത്രക്കാരുടെ എണ്ണം 1.20 കോടിയാകുമ്പോൾ വേണ്ട സൗകര്യങ്ങൾ ഒരുക്കാനാണ് ശ്രമം.
15 വർഷം മുൻപു നിർമിച്ച ടെർമിനലാണ് ഇപ്പോൾ രാജ്യാന്തര സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഏറ്റവും തിരക്കേറിയ രാത്രി മുതൽ രാവിലെ വരെയുള്ള സമയത്ത് എല്ലായിടത്തും ക്യൂവാണ്.
36 ഇമിഗ്രേഷൻ കൗണ്ടറുകൾ, 6 ഗേറ്റുകൾ, 4 എയ്റോ ബ്രിജുകൾ എന്നിവയാണ് ടെർമിനലിലുള്ളത്.
നവീകരണം പൂർത്തിയാകുമ്പോൾ ഗേറ്റുകളുടെയും എയ്റോബ്രിജുകളുടെയും എണ്ണം 19 ആകും. പുതിയ ടെർമിനൽ കെട്ടിടവും ഉയരും.
2 നില കെട്ടിടത്തിൽ ഒന്നാം നിലയിൽ ഡിപ്പാർചറും താഴത്തെ നിലയിൽ അറൈവലും ക്രമീകരിക്കും. പാലത്തിലൂടെ നേരെ ഒന്നാം നിലയിലേക്ക് എത്താൻ കഴിയും.
ഹോട്ടലും ഉയരും
ടെർമിനലിനു മുന്നിലായി പഞ്ചനക്ഷത്ര ഹോട്ടലും കൺവൻഷൻ സെന്ററും ഒരു വശത്തായി 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൾട്ടി ലവൽ കാർ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും.
ഇതിൽ ഹോട്ടൽ നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ വൈകാതെ ആരംഭിക്കും. പരിസ്ഥിതി അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഹോട്ടൽ നിർമാണം പൂർത്തിയാക്കും.
33,092 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഹോട്ടലിൽ 240 മുറികളുണ്ടാകും.
136 കോടി രൂപയാണ് നിർമാണച്ചെലവ്.
യാത്രക്കാർക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാൻ കമേഴ്സ്യൽ കോംപ്ലക്സും ഹോട്ടലിനൊപ്പം ഉണ്ടാകും. 600 സീറ്റുകളുള്ള കൺവൻഷൻ സെന്ററും പദ്ധതിയിൽ ഉൾപ്പെടും.
മാരിയറ്റ്, ഹയാത്ത് പോലെയുള്ള വൻകിട ബ്രാൻഡുകളെ ഹോട്ടൽ നടത്തിപ്പ് ഏൽപ്പിക്കാനാണു സാധ്യത.പുതിയ എയർ ട്രാഫിക് കൺട്രോൾ ബിൽഡിങ്, പ്രൈവറ്റ് ജെറ്റ് ടെർമിനൽ എന്നിവയും വരും.
10 വിമാനങ്ങൾക്കുള്ള പാർക്കിങ് ബേകളാണു ഇപ്പോഴുള്ളത്. ഇത് 27 എണ്ണമാകും.
കേരളീയ വാസ്തു ശൈലിയിലുള്ള ടെർമിനലായിരിക്കും നിർമിക്കുക.
സിറ്റി സൈഡ് ഡവലപ്മെന്റ്
ഈ പദ്ധതിയുടെ ഭാഗമായി ഏപ്രൺ വികസനം, ഡ്രെയ്നേജ്, സബ്സ്റ്റേഷനുകളുടെ നിർമാണം, ഗേറ്റ് ഹൗസ്, ചുറ്റുമതിൽ, വാച്ച് ടവർ എന്നിവയുടെ നിർമാണ കരാറുകളാണു നൽകിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയുടെ വിസ്തൃതി കൂട്ടാനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു നൽകിയാൽ അതിന്റെ പണികളും വൈകാതെ തുടങ്ങും.
വിസ്തൃതി ഏറെ കുറഞ്ഞ വിമാനത്താവളമാണു തലസ്ഥാനത്തുള്ളത്.
കൊച്ചി വിമാനത്താവളത്തിന് 1300 ഏക്കർ ഭൂമിയുണ്ടെങ്കിൽ തിരുവനന്തപുരത്ത് 600 ഏക്കർ മാത്രമാണുള്ളത്. ഈ പരിമിതികൾക്കുള്ളിൽനിന്നു നടപ്പാക്കാവുന്ന വികസന പദ്ധതികളുടെ മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.3.4 കിലോമീറ്ററാണ് റൺവേയുടെ നീളം.
ഇരുവശവും 145 മീറ്റർ വീതി വേണമെങ്കിലും 105 മീറ്ററാണുള്ളത്. വിമാനങ്ങൾ റൺവേയിൽനിന്നു തെന്നിമാറുന്ന സാഹചര്യമുണ്ടായാൽ സുരക്ഷിതമായി നിർത്തുന്നതിന് 145 മീറ്റർ വീതി ഇരുവശത്തും വേണം.
ചാക്ക റോഡിൽ ഏറ്റെടുക്കുന്ന ഭൂമി പ്രധാനമായും ഈ ആവശ്യത്തിനാണ് വിനിയോഗിക്കുക. നഷ്ടപ്പെടുന്ന റോഡിന്റെ സ്ഥലത്തിന് പകരമായി ബ്രഹ്മോസ്, ഫയർ സ്റ്റേഷൻ എന്നിവയുടെ ഭൂമി ഏറ്റെടുക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്.
ഫയർ സ്റ്റേഷൻ മാറ്റി സ്ഥാപിക്കാൻ റവന്യു ഭൂമിയും ഈ ഭാഗത്ത് ലഭ്യമാണ്. ലാൻഡിങ് ഏരിയയിലും 4.5 ഏക്കർ ഭൂമിയേറ്റെടുക്കണമെങ്കിലും സേഫ്റ്റി ഏരിയ വീതി കൂട്ടാനുള്ള പണികൾക്കാണു മുൻഗണന.
ആഭ്യന്തര ടെർമിനൽ (ടി വൺ) വികസനം
10 കോടി രൂപ ചെലവിൽ മുഖം മിനുക്കുന്ന പണികളും പുരോഗമിക്കുന്നു.
മഴയും വെയിലും കൊള്ളാതെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാനും പുറത്തു പോകാനുമുള്ള വലിയ മേൽക്കൂരയാണ് ഒരുങ്ങുന്നത്.40 വർഷം പഴക്കമുള്ളതാണ് ആഭ്യന്തര ടെർമിനൽ കെട്ടിടം. 13 ലക്ഷമാണു കാരിയിങ് കപ്പാസിറ്റിയെങ്കിലും കഴിഞ്ഞ വർഷം 26 ലക്ഷം യാത്രക്കാരാണു ടെർമിനൽ ഉപയോഗിച്ചത്.
ഇത് വലിയ തിരക്കിന് കാരണമായിട്ടുണ്ട്. 4 ഗേറ്റുകളാണ് ആകെയുള്ളത്.
സെക്യൂരിറ്റി ഹോൾഡിങ് ഏരിയയിൽ യാത്രക്കാർക്ക് ആവശ്യത്തിന് സ്ഥലമില്ല എന്നീ പ്രശ്നങ്ങളും നേരിടുന്നുണ്ട്.
ആഭ്യന്തര െടർമിനലിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിക്ക് എയർപോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ല. ടെർമിനൽ രണ്ടിന്റെ വികസനം പൂർത്തിയാകുമ്പോൾ എല്ലാ സർവീസുകളും അവിടേക്കു മാറ്റി ആഭ്യന്തര ടെർമിനൽ പൊളിച്ചു പണിയും.
10 കോടി രൂപ ചെലവിൽ താൽക്കാലിക ആശ്വാസത്തിനുള്ള നടപടികളാണ് ഇപ്പോൾ ചെയ്യുന്നത്. സെക്യൂരിറ്റി പരിശോധന പൂർത്തിയാക്കി എത്തുന്ന യാത്രക്കാർക്ക് ഇരിക്കാനുള്ള സ്ഥലം വർധിപ്പിക്കാനും നടപടിയുണ്ടാകും.
വരും, കൂടുതൽ കമ്പനികൾ
യാത്രക്കാരുടെ എണ്ണത്തിൽ പ്രതിവർഷം 10% വർധനയാണുണ്ടാകുന്നത്.
തായ് എയർ ഏഷ്യ, വിയറ്റ്നാം എയർ, ആകാശ എന്നീ വിമാനക്കമ്പനികൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻപു കൊച്ചിയിൽ പോയി യാത്ര ചെയ്തിരുന്നവരിൽ പലരും ഇപ്പോൾ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്.
ടിക്കറ്റ് നിരക്കുകളിലും വലിയ വ്യത്യാസമില്ല.
നഗരത്തിന് തൊട്ടടുത്തുള്ള വിമാനത്താവളം എന്നതാണു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഏറ്റവും വലിയ സൗകര്യം. രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഏറ്റവും വലിയ കുരുക്ക് ചാക്ക ബൈപാസിലാണ്.
ഇവിടെ അടിപ്പാത നിർമിക്കുകയാണെങ്കിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും.
പ്രതിദിന വിമാനസർവീസുകൾ എണ്ണം
2021– 45
2025– 100
വിമാനത്താവളം ഉപയോഗിക്കുന്നവർ– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയുടെ പകുതി ഭാഗം, തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ നിന്നുള്ളവർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]