തിരുവനന്തപുരം∙ നമ്മളുടെ ജനപ്രതിനിധികളും ആരോഗ്യ–തദ്ദേശ വകുപ്പുകളും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച കുളങ്ങളുടെ കൽപ്പടവുകൾ കയറിയാണ് അമീബിക് മസ്തിഷ്കജ്വരം കേരളത്തിൽ എത്തിയതെന്നാണ് റിപ്പോർട്ട്. രോഗം കണ്ടുപിടിച്ച കുളങ്ങൾ വ്യത്തിയാക്കിയെന്നു വരുത്തി ഫ്ലെക്സ് വച്ചതല്ലാതെ പിന്നീട് ഒന്നും സംഭവിച്ചില്ല.
മസ്തിഷ്കജ്വരം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെയും മരിച്ചവരുടെയും കണക്ക് എടുക്കുന്നതല്ലാതെ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും കൂടുതൽ വോട്ടുള്ള കുളത്തിലേക്ക് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാട്ടർ അതോറിറ്റി വെള്ളം ശേഖരിക്കുന്ന ജലാശയങ്ങൾ പോലും മലിനമാകുന്നുണ്ട്.
പരാതി പറയുമ്പോൾ മാത്രം നടപടിയെടുക്കുമെങ്കിലും നാട് മുഴുവൻ ശുദ്ധജലമെത്തിക്കാൻ ശേഖരിക്കുന്ന ജലാശയങ്ങൾ സുരക്ഷിതമാക്കാൻ സംവിധാനമില്ല.
നെയ്യാറിലെത്തും പന്നിഫാം മാലിന്യം കണ്ണടച്ച് അധികൃതർ
വെള്ളറട∙ ഒറ്റശേഖരമംഗലം, ആര്യങ്കോട് പഞ്ചായത്തുകളിൽ ഇരുപതിലേറെ അനധികൃത പന്നിഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ ഒന്നും തന്നെ കൃത്യമായി മാലിന്യ സംസ്കരണം നടത്തുന്നില്ല.
മലിനജലം പുറത്തേക്കൊഴുക്കി വിടുന്നതാണ് പതിവ്. ഈ മലിനജലം മഴവെള്ളത്തിനൊപ്പം ചെറുതോടുകളിലും ചിറ്റാറുകളിലും കൂടെ ഒഴുകി നെയ്യാറിൽ എത്തുന്നു.
നെയ്യാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ജില്ലയിലെ പല ഭാഗങ്ങളിലേക്കും വെള്ളം എടുക്കുന്നുണ്ട്. അനധികൃത പന്നി ഫാമുകൾക്കു പ്രവർത്തന അനുമതി നൽകുന്ന അധികൃതർ മലിനജലം ഒഴുക്കി വിടുന്നത് കണ്ടിട്ടും കണ്ണുകൾ ഇറുക്കി അടച്ച് നടക്കുകയാണ്.
വാമനപുരം നദിയിൽ മാലിന്യക്കൂമ്പാരം, നടപടിയില്ലെന്ന് നാട്ടുകാർ
ആറ്റിങ്ങൽ∙ വാമനപുരം നദിയിൽ നിന്നു വാട്ടർ അതോറിറ്റി ശുദ്ധജലവിതരണത്തിനായി വെള്ളം പമ്പ് ചെയ്യുന്ന സ്ഥലത്ത് നിന്ന് കഷ്ടിച്ച് 300 മീറ്ററോളം അകലെ മാലിന്യം കൂടിക്കിടക്കുന്നതിന് എതിരെ നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയില്ല.
രണ്ട് മാസം മുൻപ് ഒഴുകിയെത്തിയ മുളക്കമ്പുകളിൽ തടഞ്ഞാണ് വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യവും മറ്റ് ജൈവ – അജൈവ മാലിന്യങ്ങളും കൂടിക്കിടക്കുന്നത്. പനവേലിപ്പറമ്പ് കടവിനു സമീപമാണ് മാലിന്യക്കൂമ്പാരം.
ഹാ കഷ്ടം !
..മുട്ടയ്ക്കാടും വെങ്ങാന്നൂരും കുളങ്ങളുടെ സ്ഥിതി
കോവളം∙ ഒട്ടേറെ ആളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെങ്ങാനൂർ മുട്ടയ്ക്കാട് ചിറയിൽ കുളത്തിന്റെ സ്ഥിതി ദയനീയം. പായൽ നിറഞ്ഞ കുളത്തിനു ചുറ്റിനും കുറ്റിക്കാടാണ്.
നാട്ടിലെ പ്രധാന ജലസ്രോതസായ ചിറയിൽ കുളം 2022 ൽ തൊഴിലുറപ്പു പദ്ധതി വഴി നവീകരിച്ചെങ്കിലും തുടർ സംരക്ഷണ–ശുചീകരണ നടപടികൾ ഉണ്ടായിട്ടില്ല. അഞ്ചു ലക്ഷത്തോളം രൂപ മുതൽ മുടക്കിൽ അന്നു സംരക്ഷണ ഭിത്തി നിർമിച്ചതിൽ നവീകരണം ഒതുങ്ങി.
പകർച്ചവ്യാധി ഭീഷണി പകരുന്ന സാഹചര്യത്തിൽ കുളം ശുചീകരിക്കാൻ നിർദേശമുണ്ടെങ്കിലും നടപടി എടുത്തിട്ടില്ല.
സമീപത്തെ വലിയകുളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കുളം നിറയെ പായൽ നിറഞ്ഞതിനൊപ്പം പരിസരമാകെ കാടു നിറഞ്ഞ സ്ഥിതി.
കഴിഞ്ഞ വർഷം തൊഴിലുറപ്പു പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയെങ്കിലും തുടർ ശുചീകരണം നടത്താത്തതാണ് കുളത്തിന്റെ സ്ഥിതി മോശമാകാൻ കാരണം. വെങ്ങാനൂർ പഞ്ചായത്തിലെ പല കുളങ്ങളുടെയും സ്ഥിതി സമാനമാണ്.
മരണം വന്നു വിളിച്ചിട്ടും ക്ലോറിനിൽ ഒതുക്കി
ബാലരാമപുരം∙ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചുവെന്ന് സംശയിക്കുന്ന ബാലരാമപുരം സ്വദേശിയായ യുവാവിന്റെ വീടിനു സമീപത്തെ വില്ലിക്കുളം ഇതുവരെ ശുചീകരിച്ചിട്ടില്ല. അന്ന് കുളത്തിൽ കുറച്ച് ക്ലോറിൻ വിതറുക മാത്രമാണ് ചെയ്തത്.
കുളത്തിൽ ആരും ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ബാനർ കുളത്തിന് സമീപം ആരോഗ്യവകുപ്പ് സ്ഥാപിച്ചെങ്കിലും അത് അടുത്തദിവസം തന്നെ ഇളകിപ്പോയി.
ഇപ്പോൾ പായൽ മൂടിക്കിടക്കുകയാണ് അര ഏക്കറോളം വരുന്ന കുളം. ഇതിന് സമീപമാണ് പഞ്ചായത്തിന്റെ മാലിന്യങ്ങൾ ശേഖരിച്ച് വച്ചിരിക്കുന്നത്.
മഴക്കാലത്ത് ഇതിൽ നിന്നു മാലിന്യം ഒലിച്ചിറങ്ങി കുളത്തിലെ ജലത്തിൽ കലരുന്നുമുണ്ട്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളായണി കായൽ കടവിൻമൂല ശുദ്ധജലവിതരണ പദ്ധതി
കോവളം∙വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ഉൾപ്പെടെ ജലമെത്തിക്കുന്ന നാട്ടിലെ പ്രധാന ജല വിതരണ പദ്ധതികളിലൊന്നാണ് വെള്ളായണി കായലിന്റെ കടവിൻമൂല ഭാഗത്തേത്.
എന്നാൽ പദ്ധതിക്കു സമീപത്തും ബണ്ടു റോഡിനു ഇരുവശത്തുമായി വ്യാപിച്ചു കിടക്കുന്ന കായൽ ജലത്തിൽ നിറയെ കുളവാഴയാണ്. ഇവിടെ നിന്നാണ് വലിയൊരു മേഖലയിലേക്കുള്ള ജല വിതരണം.
കുളവാഴ നീക്കം ചെയ്യുന്നതിനു കർമപദ്ധതികൾ വന്നെങ്കിലും ഒന്നും വിജയിച്ചില്ല.
സംരക്ഷണഭിത്തി കെട്ടി; വൃത്തിയാക്കിയില്ല
മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്തിലെ പേയാട് വാർഡിൽ ഉൾപ്പെടുന്ന ചീലപ്പാറ അമ്പങ്കോട് കുളവും പരിസരവും കാടുമൂടിയ നിലയിലാണ്. കഴിഞ്ഞ വർഷം നീർത്തട
സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം ചെലവഴിച്ച് കുളത്തിന്റെ ഇടിഞ്ഞു കിടന്ന സംരക്ഷണഭിത്തി കെട്ടി. പക്ഷേ, തുടർ നടപടി ഉണ്ടായില്ല.
കുളം വൃത്തിയാക്കി നീന്തൽ പരിശീലന കേന്ദ്രവും ചുറ്റുമുള്ള സ്ഥലത്ത് വയോജനങ്ങൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ പാർക്കും പണിയണമെന്നാണു ആവശ്യം.
വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ശാന്തുംമൂല ആമക്കുളവും മാലിന്യവും പായലും നിറഞ്ഞ് പ്രദേശവാസികൾക്ക് ദുരിതം സമ്മാനിക്കുകയാണ്. വിളവൂർക്കൽ പഞ്ചായത്തിലെ പെരുകാവ് തുറവൂർ കുളവും മാലിന്യവും കാടും മൂടി ഉപയോഗശൂന്യമായി.
പ്രദേശവാസികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കുളങ്ങൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വാമനപുരത്ത് കുളങ്ങളെല്ലാം കുഴപ്പം; ഫണ്ട് വക മാറ്റിയെന്ന് ആക്ഷേപം
വെഞ്ഞാറമൂട്∙ വാമനപുരം നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിൽ വൃത്തിഹീനമായി കിടക്കുന്ന കുളങ്ങൾ ഉണ്ട്. കഴിഞ്ഞ വർഷം കുളം നവീകരണത്തിനു തുക വകയിരുത്തിയിട്ടും നവീകരിക്കാത്ത കുളങ്ങളും ഉണ്ട്. വാമനപുരം പഞ്ചായത്തിൽ മേലാറ്റുമൂഴി വാർഡിൽ കാരൂർകോണം ചിറ വർഷങ്ങളായി കാടും പായലും നിറഞ്ഞ് ശോചനീയാവസ്ഥയിലാണ്.
ഇത് നവീകരിക്കാൻ വാമനപുരം പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തെങ്കിലും പിന്നീട് ഭരണ സമിതി ഈ കുളത്തെ ഒഴിവാക്കി മറ്റൊരിടത്തേക്ക് തുക മാറ്റിയെന്ന് വാർഡ് അംഗം യു.എസ്.സാബു പറയുന്നു.
ജലക്ഷാമം വർധിക്കുന്നതോടെ പ്രദേശവാസികൾ ഈ കുളം ഉപയോഗിക്കുന്നുണ്ട്.
പുല്ലമ്പാറ പഞ്ചായത്തിൽ കഴിഞ്ഞ വർഷവും ഈ വർഷവും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം നീന്തൽ പഠിക്കാൻ പോകുന്ന വിദ്യാർഥിക്കാണ് രോഗബാധ ഉണ്ടായത്.ഈ വർഷം ഒരു കാർപെന്റർ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു.
സ്ഥിരമായി ഈ രോഗം കാണുന്നതിനാൽ പഞ്ചായത്ത് പ്രദേശം രോഗപ്രതിരോധ പരിപാടികൾക്ക് ഊന്നൽ നൽകിയിരിക്കുകയാണ്.നെല്ലനാട്, കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലും നവീകരിക്കാത്ത കുളങ്ങളുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]