കൊച്ചി/ തിരുവനന്തപുരം∙ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച തലവൂർ വടകോട് ബഥേൽ ചരുവിളയിൽ തേവലക്കര കുടുംബാംഗം ഐസക് ജോർജിന്റെ(ജോമോൻ–33) ഹൃദയം അടക്കമുള്ള 6 അവയവങ്ങൾ ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 28 കാരനായ അങ്കമാലി സ്വദേശിയാണു ഹൃദയം സ്വീകരിച്ചത്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
ഈ മാസം 6ന് രാത്രി 8 ന് കൊട്ടാരക്കര കിഴക്കേതെരുവിലുണ്ടായ അപകടത്തിലാണ് ഐസക് ജോർജിനു പരുക്കേറ്റത്. തിരുവനന്തപുരം കിംസ് ഹെൽത്തിൽ ചികിത്സയിലിരിക്കെ ബുധൻ വൈകിട്ട് 4.15നാണു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഐസക് ജോർജിന്റെ ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്ത ഹൃദയം, വൃക്കകൾ, കരൾ, കോർണിയ എന്നിവ ആറ് പേർക്കാണു പുതുജീവൻ നൽകിയത്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലെത്തിച്ചു.
ഉച്ചയ്ക്ക് 1.29നു കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിൽ എയർ ആംബുലൻസ് ലാൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ ഗതാഗത സൗകര്യം ഒരുക്കിയതിനാൽ അഞ്ചു കിലോമീറ്റർ പിന്നിട്ടു 4 മിനിറ്റു കൊണ്ടു ഹൃദയവുമായി ആംബുലൻസ് ലിസി ആശുപത്രിയിലെത്തി.
ഉടൻ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങി. വൈകിട്ട് 7ന് പൂർത്തിയാക്കി.
കൊട്ടാരക്കര ബ്ലൂം റസ്റ്ററന്റ് ഉടമയായാണ് ഐസക് ജോർജ്.
പുനലൂർ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചാണ് അപകടം. ഭാര്യ: നാൻസി മറിയം സാം.
മകൾ: അമേലിയ നാൻസി ഐസക്. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വീട്ടിലെത്തിക്കും.
സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് കുണ്ടറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ഭാസ്കർ രംഗനാഥൻ, പി. മുരുകൻ, ജോബ് വിൽസൺ, ഗ്രേസ് മരിയ, ആന്റണി ജോർജ്, ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ രാവിലെ 8നു ലിസി ആശുപത്രിയിലെ ഡോക്ടർമാരായ ജേക്കബ് ഏബ്രഹാം, ജീവേഷ് തോമസ്, ജോ ജോസഫ്, ശ്രീശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കിംസ് ആശുപത്രിയിലെത്തി.
ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
ഉച്ചയ്ക്കു 12.35നു തിരുവനന്തപുരത്തു നിന്നു ഹെലികോപ്റ്റർ പുറപ്പെട്ടു. ശസ്ത്രക്രിയ പൂർത്തിയാക്കി 48 മണിക്കൂർ നിർണായകമാണെന്നു ഡോ.
ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ എന്നിവർ പറഞ്ഞു.
ലിസി ആശുപത്രിയിൽ നടക്കുന്ന 29–ാം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്.
ബന്ധുക്കൾക്ക് നന്ദി പറഞ്ഞ് മന്ത്രി വീണ
തീവ്ര ദുഃഖത്തിലും അവയവ ദാനത്തിന് സന്നദ്ധരായ ഐസക് ജോർജിന്റെ ബന്ധുക്കൾക്കും നടപടികൾ വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ), കേരള പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കും ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
മൃതസഞ്ജീവനി പട്ടികയിലുള്ളവരുടെ മുൻഗണനാക്രമത്തിൽ അവയവദാനം പൂർത്തിയാക്കാനുള്ള നടപടികൾ സംസ്ഥാന ആരോഗ്യവകുപ്പു വേഗത്തിൽ പൂർത്തിയാക്കി. ഒരു വൃക്ക തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളജ്, 2 നേത്ര പടലങ്ങൾ തിരുവനന്തപുരം ഗവ. റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ഹെൽത്ത് എന്നിവിടങ്ങളിലെ രോഗികൾക്കാണു ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]