പാലക്കാട് ∙ സമരമുഖങ്ങളിൽ പൊലീസിനും പ്രതിഷേധക്കാർക്കും ആശ്വാസമായി ജില്ലയ്ക്ക് ഒരു ജലപീരങ്കി എത്തി. പ്രതിഷേധം പരിധി വിടുമ്പോൾ നിയന്ത്രിക്കാനായി പൊലീസ് ആദ്യം പ്രയോഗിക്കുക ജലപീരങ്കിയാണ്.
രണ്ടോ മൂന്നോ തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധം തുടർന്നാൽ മാത്രമേ ലാത്തിച്ചാർജിലേക്കു നീങ്ങൂ. വിവിധ കാരണങ്ങളാൽ പാലക്കാട്ട് നിരന്തരം സമരം നടക്കുമ്പോഴും ഇടയ്ക്കിടെ ജലപീരങ്കിക്കു ക്ഷാമം നേരിട്ടിരുന്നു. ഇതു പൊലീസിനും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന തൃശൂർ റേഞ്ചിന് ഇതുവരെ ഒരു ജലപീരങ്കിയാണ് ഉണ്ടായിരുന്നത്. ഇത് ആവശ്യാനുസരണം 3 ജില്ലകളിലേക്കും എത്തിക്കുന്നതായിരുന്നു പതിവ്.
ഒരേ ദിവസം തന്നെ എല്ലാ ജില്ലകളിലും പ്രതിഷേധം ഉണ്ടായാൽ ജലപീരങ്കി ലഭിക്കാതെ പൊലീസ് വെള്ളം കുടിക്കുന്നതും പതിവാണ്.
ഇതിനു പരിഹാരമായി തൃശൂർ റേഞ്ചിന് പുതിയൊരു ജലപീരങ്കി കൂടി ലഭ്യമാക്കി. ഇതോടെ പഴയ ജലപീരങ്കി പാലക്കാടിനു നൽകി.
കഴിഞ്ഞ ദിവസം പാലക്കാട്ടു നടന്ന സമരങ്ങളിലെല്ലാം ജലപീരങ്കി പ്രയോഗം ഉണ്ടായിരുന്നു. ഒരുപരിധിവരെ ഇതു പ്രതിഷേധക്കാർക്കും ആശ്വാസകരമാണ്. ഇല്ലെങ്കിൽ തുടക്കത്തിൽ തന്നെ പൊലീസിനു ലാത്തി വീശേണ്ടിവരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]