ശാസ്താംകോട്ട ∙ സിപിഐ ലോക്കൽ സമ്മേളനത്തിലെ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ കത്തിക്കുത്തേറ്റു വീണ യുവ നേതാവ് സിപിഎമ്മിൽ ചേർന്നു.
സിപിഐ ശൂരനാട് മുൻ മണ്ഡലം കമ്മിറ്റിയംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന സി.ബി.കൃഷ്ണചന്ദ്രനാണു സിപിഎമ്മിൽ ചേർന്നത്. പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിനിടെ നടന്ന രൂക്ഷമായ വിഭാഗീയതയെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
പിന്നീട് വിഭാഗീയത ആരോപിച്ച് പാർട്ടി നേതൃത്വം കൃഷ്ണചന്ദ്രനെ മാത്രം മണ്ഡലം കമ്മിറ്റിയിൽ നിന്നു സസ്പെൻഡ് ചെയ്തു.
കൃഷ്ണചന്ദ്രൻ സിപിഐ സംസ്ഥാന കമ്മിറ്റിക്ക് ഉൾപ്പെടെ നൽകിയ പരാതികൾ പരിഗണിച്ചില്ല. തനിക്കെതിരെ ബോധപൂർവമായ അപവാദ പ്രചാരണങ്ങൾ ഉണ്ടായെന്നും കഴിഞ്ഞ 6 മാസത്തിനിടെ 6 ലോക്കൽ കമ്മിറ്റിയംഗങ്ങളും എഐഎസ്എഫ്, എഐവൈഎഫ് മണ്ഡലം ഭാരവാഹികളും പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നതായും കൃഷ്ണചന്ദ്രൻ പറഞ്ഞു.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ശൂരനാട് സമര സേനാനിയുമായിരുന്ന അമ്പിയിൽ ജനാർദനൻ നായരുടെ ചെറുമകനാണ് കൃഷ്ണചന്ദ്രൻ. കാപ്പെക്സ് ചെയർമാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എം.ശിവശങ്കരപ്പിള്ള കൃഷ്ണചന്ദ്രനു പതാക കൈമാറി സിപിഎമ്മിലേക്ക് സ്വീകരിച്ചു.
ഏരിയ സെക്രട്ടറി ബി.ശശി, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.പ്രദീപ്, പി.ഓമനക്കുട്ടൻ, എൻ.സന്തോഷ്, ബിന്ദു ശിവൻ, റമീസ്, ലോക്കൽ സെക്രട്ടറി ഹാരിസ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]