തിരുവനന്തപുരം∙ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ പിരിച്ചുവിട്ട് ജയിലിലടയ്ക്കണമെന്നും സുജിത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്. പൊലീസിന്റെ മനുഷ്യത്വരഹിതവും ക്രൂരവുമായ മർദന നടപടികളെ ന്യായീകരിക്കുകയാണു മുഖ്യമന്ത്രിയെന്ന്, കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
പൊലീസ് മർദനം നിയമസഭയിൽ ശക്തമായി ഉന്നയിക്കും.
നീതിക്കായി സുജിത്തും ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസും നടത്തിയതു സമാനതകളില്ലാത്ത പോരാട്ടമാണ്. വർഗീസിനു ഡിസിസി നിർവാഹക സമിതിയിലേക്കു സ്ഥാനക്കയറ്റം നൽകുമെന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു.
ടി.എൻ.പ്രതാപൻ, ടി.സിദ്ദീഖ് എംഎൽഎ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവർ പങ്കെടുത്തു. ജോസഫ് ടാജറ്റ് തന്റെ കഴുത്തിലെ 2 പവൻ സ്വർണമാല സുജിത്തിനെ അണിയിച്ചു.
കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ സന്ദർശിക്കാനെത്തിയപ്പോൾ സുജിത്തിന് വിവാഹ സമ്മാനമായി സ്വർണ മോതിരം നൽകിയിരുന്നു. ഡിസിസി മാല കൂടി നൽകണമെന്ന് സണ്ണി ജോസഫ് ഇന്നലെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്നാണ് ടാജറ്റ് മാല സമ്മാനിച്ചത്.
കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല കിളിമാനൂരിലും കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കരയിലും മുൻ കെപിസിസി പ്രസിഡന്റുമാരായ എം.എം.ഹസൻ വിഴിഞ്ഞത്തും കെ.മുരളീധരൻ മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലും ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വെഞ്ഞാറമൂട്ടിലും കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ മലപ്പുറത്തും പി.സി.വിഷ്ണുനാഥ് കുണ്ടറ, കണ്ണനല്ലൂർ എന്നിവിടങ്ങളിലും ഷാഫി പറമ്പിൽ വടകരയിലും എഐസിസി സെക്രട്ടറി റോജി എം.ജോൺ അങ്കമാലിയിലും ഉദ്ഘാടനം നിർവഹിച്ചു.
മർദിച്ച പൊലീസുകാരെ അടിച്ചു കാലൊടിക്കും: കെ.മുരളീധരൻ
കുന്നംകുളം സ്റ്റേഷനിൽ സുജിത്തിനെ മർദിച്ച നാലു പൊലീസുകാരെയും അടിച്ചു കാലൊടിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
മ്യൂസിയം പൊലീസ് സ്റ്റേഷനു മുൻപിൽ കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. നാലുപേരെയും സേനയിൽനിന്നു പിരിച്ചുവിടുന്നതുവരെ സമരവുമായി മുന്നോട്ടുപോകും.
പിരിച്ചുവിട്ടില്ലെങ്കിൽ എട്ടുമാസം കഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പിരിച്ചുവിടും. എന്നാൽ അതുവരെ മിണ്ടാതിരിക്കുമെന്നു കരുതണ്ട.
സ്ഥിതി ശാന്തമാകുമ്പോൾ ഇവരെ പുറത്തിറക്കിയാൽ, ചുറുചുറുക്കുള്ള പ്രവർത്തകർ അടിച്ചു കാലൊടിക്കും– മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
കാട്ടാക്കട
∙ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകരുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ കാട്ടാക്കടയിൽ സംഘർഷം. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈദ്യുതി ബോർഡിന്റെ വാഹനം റോഡിൽ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബല പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി.അനീഷ്,മണ്ഡലം പ്രസിഡന്റ് റിജു വർഗീസ്,നാഷനൽ കോഓർഡിനേറ്റർ ഷാജി ദാസ് എന്നിവരെ സ്റ്റേഷനിലേക്ക് മാറ്റിയതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമായി.
പ്രവർത്തകരെ വിടാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ച് സ്റ്റേഷനു മുന്നിൽ നേതാക്കളും പ്രവർത്തകരും കുത്തിയിരുന്നു.
പിടികൂടിയ പ്രവർത്തകരെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷമാണു പ്രവർത്തകർ പിരിഞ്ഞ് പോയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]