വടകര∙ ദേശീയപാത 66 വികസനത്തിൽ അഴിയൂർ–വെങ്ങളം ഭാഗത്തിന്റെ നിർമാണം അടുത്ത മാർച്ചോടെ പൂർത്തിയാകുമെന്നു കലക്ടർ സ്നേഹിൽ കുമാർ സിങ്. ‘മന്ദഗതിയിലായിരുന്ന പ്രവൃത്തി ഇപ്പോൾ വേഗത്തിൽ ആയിട്ടുണ്ട്.
കരാർ കമ്പനി തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മഴയും മണ്ണിന്റെ അഭാവവും ചില ഭാഗങ്ങളിൽ ഉയർന്ന പ്രതിഷേധവും പ്രവൃത്തി വൈകാൻ കാരണമായി ’ –കലക്ടർ പറഞ്ഞു.
അഴിയൂർ–വെങ്ങളം ഭാഗത്തെ പ്രവൃത്തി വിലയിരുത്തിയ ശേഷമായിരുന്നു കലക്ടറുടെ പ്രതികരണം.
സർവീസ് റോഡിന്റെ അവസ്ഥയും ഗതാഗതക്കുരുക്കും അദ്ദേഹം പരിശോധിച്ചു. കൊയിലാണ്ടി ബൈപാസിന്റെയും കുന്ന്യോറമല, പുത്തലത്തുകുന്ന് എന്നിവിടങ്ങളിലെയും, ബൈപാസ് ആരംഭിക്കുന്ന നന്തി ഭാഗത്തെയും നിർമാണ പുരോഗതിയും വടകര പുതിയ സ്റ്റാൻഡ് പരിസരത്തെ പ്രവൃത്തിയും വിലയിരുത്തി.
ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുവെ, സൈറ്റ് എൻജിനീയർ രാജ് സി.പാൽ, ആർഡിഒ അൻവർ സാദത്ത്, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ്.വാര്യർ, വടകര തഹസിൽദാർ ആർ.രഞ്ജിത്ത്, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കലക്ടർ അറിയിച്ചത്:
∙മണ്ണിടിച്ചിൽ തടയുന്നതിനു മടപ്പള്ളി, മൂരാട് ഭാഗങ്ങളിൽ ഉൾപ്പെടെ നടത്തിയ സോയിൽ നെയ്ലിങ് പൂർണമായും മാറ്റും. വേണ്ടിടത്ത് കോൺക്രീറ്റ് ഭിത്തി പണിയും.
ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുക്കുന്നതിനു ദേശീയപാത അതോറിറ്റി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ∙പ്രധാന ജംക്ഷനുകളിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കും. നന്തി ജംക്ഷൻ, തിക്കോടി അയ്യപ്പൻ ടെംപിൾ അപ്രോച്ച് റോഡ്, പയ്യോളി, വടകര ജംക്ഷൻ എന്നിവിടങ്ങളിലെ സർവീസ് റോഡുകൾ പൂർണമായും ഗതാഗത യോഗ്യമാക്കും.
∙ കൊയിലാണ്ടി ബൈപാസ് ഒന്നര മാസത്തിനകം പൂർത്തിയാക്കും. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം പാത ഒരു മാസം കൊണ്ടു തുറന്നു കൊടുക്കും.
പൊയിൽകാവ്, ചെങ്ങോട്ട്കാവ് എന്നിവിടങ്ങളിൽ പാത 2 മാസം കൊണ്ടും പൂർണമാകും.
∙ നന്തി, തിക്കോടി, പയ്യോളി ജംക്ഷനുകളിലെ സർവീസ് റോഡ് പൂർത്തിയാക്കി. സർവീസ് റോഡ് തകർന്ന ഭാഗങ്ങൾ ഉടൻ നന്നാക്കും.
കൊയിലാണ്ടി, നന്തി ജംക്ഷനുകളിൽ അപ്രോച്ച് റോഡിന്റെ പ്രശ്നമുണ്ട്. ∙തിക്കോടി, പെരുമാൾപുരം, പയ്യോളി, വടകര ഭാഗങ്ങളിലെ പ്രവൃത്തി വേഗത്തിൽ ആക്കാൻ നിർദേശിച്ചിട്ടുണ്ട്. വടകര, പയ്യോളി ജംക്ഷനുകളിൽ കോൺക്രീറ്റ് നിർമിതി ബാക്കിയാണ്.
2 ആഴ്ചയ്ക്കകം പ്രവൃത്തിയിൽ കാര്യമായ പുരോഗതി ദൃശ്യമാകും. ചില നിർമാണങ്ങൾ ഡിസംബറോടെ പൂർത്തിയാകും.
∙സർവീസ് റോഡ് പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഡ്രെയ്നേജ് സ്ലാബിന്റെ ഗുണമേന്മ ഉറപ്പു വരുത്തും. വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥ ഉണ്ട്. ഒഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും.
ചില ഭാഗങ്ങളിലെ വീതിക്കുറവു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ∙സർവീസ് റോഡുകൾ സാധ്യമാകുന്ന സ്ഥലങ്ങളിൽ പരമാവധി വീതി കൂട്ടാനും നിരപ്പല്ലാത്ത ഭാഗങ്ങൾ നിരപ്പാക്കാനും, അനാവശ്യമായി റോഡുകളിൽ കൂട്ടിയിട്ട നിർമാണ സാമഗ്രികൾ നീക്കാനും നിർദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]