മൂന്നാർ∙ പെട്ടിമുടിയിൽ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന് എ.രാജ എംഎൽഎ പറഞ്ഞു. പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ 5 കി.മീ.
റോഡ് നിർമാണം പൂർത്തിയായി. 2 കി.മീ.
ദൂരമാണ് ഇനി പൂർത്തിയാക്കാനുള്ളത്. റോഡ് പണിക്കുള്ള സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് വനം വകുപ്പ് തടസ്സം നിന്നതുമൂലമാണ് പണികളുമായി മുന്നോട്ടു പോകാൻ കഴിയാതിരുന്നത്.
സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ തല യോഗത്തിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള തടസങ്ങൾ നീക്കാൻ നടപടിയായി. റോഡിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇടമലക്കുടിയിൽ പനി ബാധിച്ച് കുട്ടി മരണപ്പെടുകയുണ്ടായി.
കൂടാതെ പനി മൂർഛിച്ച് കിടപ്പിലായ വൃദ്ധയെ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിലെത്തിച്ചിരുന്നു. റോഡിന്റെ അപാകതയാണ് ഇതിനെല്ലാം കാരണമെന്നാണ് ആരോപണം.
എന്നാൽ അസുഖ ബാധിതർ ഇടമലക്കുടിയിലുള്ള ആശുപത്രിയിൽ ചികിത്സ തേടുന്നതിന് തയാറാകാത്ത സാഹചര്യമുണ്ട്. രോഗം ബാധിച്ച് അവശനിലയിലെത്തുമ്പോൾ മാത്രമാണ് പലരും ചികിത്സ തേടിയെത്തുന്നത്.
കുടലാർ കുടിയിൽ നിന്നും ആനക്കുളം വഴി മാങ്കുളത്ത് എത്തി അവിടെ നിന്നും അടിമാലിയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
ഇതുവഴിയുള്ള റോഡിന്റെ നിർമാണവും പരിഗണനയിലാണ്. ഇടമലക്കുടിയിലെ എട്ട് ഉന്നതികളിൽ താമസിക്കുന്നവർക്ക് വേണ്ടി ജില്ല ട്രൈബൽ നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ മീൻകുത്തി ഉന്നതിയിൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.
റോഡ് നന്നാക്കാൻ ധർണ
മൂന്നാർ∙ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മുതുവാൻ ആദിവാസി സമുദായ സംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിയിൽ ധർണ നടത്തി.
ധർണ സമുദായ സംഘം മേഖല പ്രസിഡൻ്റ് എം.ശ്രീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംഘം സെക്രട്ടറി ശരത് മറ്റ് നേതാക്കൾ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]