ആലപ്പുഴ∙ സിപിഐ സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്ന നഗരത്തിൽ ഒറ്റയാനായെത്തി വലിയ ചുടുകാട്ടിൽ പുഷ്പാർച്ചന നടത്തിയ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ, തന്നെ സമ്മേളനത്തിലേക്കു ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം സമൂഹമാധ്യമ കുറിപ്പിലൂടെയും തുടർന്നു. സമ്മേളനത്തിൽ തനിക്കു വിലക്കുണ്ടെന്നും അതിൽ വേദനയുണ്ടെന്നും അദ്ദേഹം കുറിച്ചു.
തനിക്കു പറയാനുള്ളതു പിന്നീടു പറയുമെന്ന മുന്നറിയിപ്പുമുണ്ട്.കുറിപ്പിൽ നിന്ന്: ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ. നേതൃത്വത്തിന്റെ വിലക്ക്.
ദുഃഖമുണ്ട്. അത്രമേൽ വേദന.
അച്യുത മേനോനും എംഎന്നും എസ്.കുമാരനും എൻ.ഇ.ബാലറാമും പികെവിയും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച എളിയ പ്രവർത്തകനാണു ഞാൻ.
എന്നെ ഏൽപിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.പ്രായത്തിന്റെ പേരിലാണ് 2022ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കിയത്. 2022 മുതൽ പ്രാഥമിക അംഗമാണു ഞാൻ.
എന്നിൽ എന്തു കുറ്റമാണു നേതൃത്വം കണ്ടുപിടിച്ചത്? ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല.എനിക്കു പറയാനുള്ളതു പിന്നീടു പറയും. സമ്മേളനം ഭംഗിയായി നടക്കട്ടെ, ഗംഭീര വിജയമാകട്ടെ.
എല്ലാ ആശംസകളും നേരുന്നു.താൻ ജീവിതാവസാനം വരെയും കമ്യൂണിസ്റ്റായിരിക്കുമെന്നു പറഞ്ഞാണു കുറിപ്പ് അവസാനിപ്പിക്കുന്നത്.
രണസ്മരണകളുയർത്തി ദീപശിഖാ പ്രയാണം
ആലപ്പുഴ ∙ രണസ്മരണകൾ ജ്വലിക്കുന്ന ദീപശിഖ വയലാറിൽനിന്നു പ്രയാണം തുടങ്ങി; സിപിഐ സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. പ്രതിനിധി സമ്മേളനം ഇന്നു മുതൽ 12 വരെ നഗരത്തിൽ നടക്കും.പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്കെ കൺവൻഷൻ സെന്ററിൽ സ്ഥാപിക്കാനുള്ള ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നു പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ കൊളുത്തി നൽകി.
ജാഥാ ക്യാപ്റ്റൻ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഏറ്റുവാങ്ങി.
ഒട്ടേറെ പ്രവർത്തകരെ സാക്ഷിയാക്കി അത്ലിറ്റുകളുടെ അകമ്പടിയോടെ തുടങ്ങിയ പ്രയാണം രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ വൈകിട്ട് ഏഴോടെ എത്തിച്ചേർന്നു. വിവിധ സ്ഥലങ്ങളിൽ പ്രയാണത്തിനു സ്വീകരണമുണ്ടായിരുന്നു.വയലാറിലെ യോഗത്തിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു.
ജാഥാ വൈസ് ക്യാപ്റ്റൻ ബിനിത വിൻസെന്റ്, ഡയറക്ടർ വിപിൻ ഏബ്രഹാം, അംഗങ്ങളായ കെ.ഷാജഹാൻ, പി.ദർശിത്, നേതാക്കളായ ടി.ജെ.ആഞ്ചലോസ്, പി.വി.സത്യനേശൻ, ടി.ടി.ജിസ്മോൻ, ദീപ്തി അജയകുമാർ, ഡി.സുരേഷ്ബാബു, എൻ.എസ്.ശിവപ്രസാദ്, എം.കെ.ഉത്തമൻ, എം.സി.സിദ്ധാർഥൻ, ബി.ബിമൽ റോയി തുടങ്ങിയവർ പങ്കെടുത്തു.
ഇന്നു രാവിലെ 9.30ന് 100 വനിതാ അത്ലിറ്റുകളുടെ അകമ്പടിയോടെ പ്രതിനിധി സമ്മേളന സ്ഥലമായ കളർകോട് എസ്.കെ.കൺവൻഷൻ സെന്ററിലേക്കു ദീപശിഖാ പ്രയാണം തുടരും. 10.15ന് അവിടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും.
10.30ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹൻ പതാകയുയർത്തും.ഇന്ത്യ സഖ്യത്തിനു ശക്തി പകരാൻ അതിനു നേതൃത്വം നൽകുന്ന കോൺഗ്രസിനു കഴിഞ്ഞില്ലെന്ന് ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസ് യാഥാർഥ്യബോധത്തോടെ പ്രവർത്തിച്ചെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ ബിജെപി ഭരണം അവസാനിപ്പിക്കാമായിരുന്നു.
വീഴ്ചകൾ മനസ്സിലാക്കി കോൺഗ്രസ് തിരുത്തിയാൽ ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]