കോഴിക്കോട്∙ ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം നാലാം തവണയും ചതുപ്പു നീക്കി തിരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. 30 മീറ്റർ നീളത്തിലുള്ള കുഴിയിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് അറസ്റ്റിലായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവർ മൊഴി നൽകിയത്.
ഈ ഭാഗത്ത് ഇന്നലെ പത്തു മീറ്റർ ചതുപ്പ് നീക്കി പരിശോധിച്ചു. ഇതിനിടയിൽ ഒരു ഷൂ, ഒരു തലയോട്ടി പോലുള്ള ഭാഗം എന്നിവ കിട്ടിയെങ്കിലും പരിശോധനയിൽ ഷൂ വിജിലിന്റേതല്ലെന്നു വ്യക്തമായി.
തലയോട്ടിയോടു സാമ്യമുള്ള വസ്തു ആമയുടെ പുറം തോടാണെന്നു വ്യക്തമായി. കഴിഞ്ഞ ദിവസം മണ്ണുമാന്തി എത്തി പരിശോധിച്ചെങ്കിലും ചതുപ്പിൽ താഴ്ന്നു പോയിരുന്നു.
ഈ സാഹചര്യത്തിൽ ഇന്നലെ പൊക്ലെയ്ൻ എത്തിച്ചാണ് പരിശോധന നടത്തിയത്. എന്നാൽ 10 മീറ്റർ പരിശോധന കഴിഞ്ഞു മുന്നോട്ടു നീങ്ങിയതോടെ പൊക്ലെയ്ൻ ചതുപ്പിൽ താഴ്ന്നു.
തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് 7 അടിയോളം താഴ്ചയുള്ള ചതുപ്പിൽ വെള്ളം പമ്പ് ചെയ്തു വറ്റിച്ചു.
പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അബ്ദുൽ അസീസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷൂ, ആമത്തോട് എന്നിവ കണ്ടെത്തിയത്.
തഹസിൽദാർ എ.എം.പ്രേംലാൽ, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും മൃതദേഹം കണ്ടെത്താൻ മായ, മർഫി എന്നീ പൊലീസ് നായ്ക്കളെയും സ്ഥലത്തെത്തിച്ചിരുന്നു. വൈകിട്ട് നാലോടെ തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ് സംഘം പ്രതികളുമായി മടങ്ങി.
ഇന്നു രാവിലെ 8 ന് തിരച്ചിൽ തുടരും. സ്ഥലത്ത് വെള്ളത്തിൽ ഇറക്കുന്ന കുണ്ടൂർ യന്ത്രം എത്തിച്ചു ചെളി കോരിയിടാൻ പദ്ധതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]