കൊടുങ്ങല്ലൂർ ∙ ദേശീയപാത 66ൽ കോതപറമ്പിൽ ആറുവരി പാത നിർമാണത്തിനിടെ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു. ആറുവരി പാതയുടെ വശങ്ങൾ ഭിത്തി കെട്ടുന്നതിനു കുഴിയെടുത്തപ്പോഴാണ് സർവീസ് റോഡ് പിളർന്നത്.
കൊടുങ്ങല്ലൂർ – ഗുരുവായൂർ റോഡിലെ തിരക്കേറിയ പ്രദേശത്തു റോഡ് ഇടിഞ്ഞതോടെ ഇതുവഴി യാത്ര ദുരിതമായി. ഏതു നിമിഷവും അപകടം സംഭവിച്ചേക്കാവുന്ന സ്ഥിതിയായി.അഞ്ച് അടി വീതിയിലും ഏകദേശം 150 മീറ്റർ നീളത്തിലും മണ്ണുമാന്തി ഉപയോഗിച്ചു മണ്ണെടുത്തതോടെയാണ് റോഡ് തകർന്നത്.
ആവശ്യത്തിനു സുരക്ഷ ഒരുക്കാതെയാണ് കുഴിയെടുത്തതെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.
റോഡിന്റെ കിഴക്കു ഭാഗത്തായി ഗതാഗതം ക്രമീകരിക്കുന്നതിനു ഒരുക്കിയിട്ടുള്ള പുതിയ റോഡിന്റെ പകുതി ഭാഗവും പൊളിച്ച നിലയിലാണ്. ബാക്കി ഇടുങ്ങിയ ഭാഗത്തു കൂടിയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നു പോകുന്നത്. വലിയ കണ്ടെയ്നറുകളും ടാങ്കർ ലോറികളും ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തിങ്ങി നിരങ്ങി കടന്നു പോകുന്നത്.
ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അപകടം സംഭവിച്ചു. ഒരു ആഡംബര കാർ കഴിഞ്ഞ ദിവസം കുഴിയിൽ വീണു.
തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു
കൊടുങ്ങല്ലൂർ∙ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയ മൂലമാണ് കോതപറമ്പിൽ റോഡ് തകർന്നതെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. ഇതോടെ കൊടുങ്ങല്ലൂർ – ഗുരുവായൂർ റോഡിൽ വാഹനങ്ങളുടെ നീണ്ട വരിയായി.
പൊലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്തതിനു ശേഷം ഗതാഗതം പുനരാരംഭിച്ചു. റോഡ് നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]