മുളന്തുരുത്തി ∙ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലത്തിൽ പൊട്ടൽ വീണത് മുകളിലത്തെ കോൺക്രീറ്റ് പാളിയിലെന്ന് (വെയർ കോട്ട്) കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ. പാലത്തിന്റെ സ്ലാബിനു മുകളിൽ ടാറിങ്ങിനു പകരം ചെയ്യുന്നതാണു വെയർ കോട്ട്. പാലത്തിന്റെ പ്രധാന സ്ലാബുകൾക്കു വിള്ളൽ ഉണ്ടായിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. ആർബിഡിസികെ പ്രോജക്ട് എൻജിനീയർ മുഹമ്മദ് അൽത്താഫ് ഇന്നലെ പാലത്തിൽ പരിശോധന നടത്തി.
റെയിൽവേയുടെ മേൽനോട്ടത്തിൽ നിർമിച്ച ഭാഗമായതിനാൽ റെയിൽവേയെ അറിയിച്ച ശേഷം തുടർ നടപടി ആലോചിക്കാനാണ് ആർബിഡിസികെ തീരുമാനം.
കോൺക്രീറ്റ് അടർന്നു കമ്പി കാണുന്ന അവസ്ഥയായതിനാൽ ഗതാഗതം നിരോധിക്കാതെ അറ്റകുറ്റപ്പണി നടത്തുക ദുഷ്കരമാകുമെന്നാണു വിലയിരുത്തൽ. ഭാരവാഹനങ്ങൾ കയറുമ്പോൾ പാലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ വീണു കോൺക്രീറ്റ് ഇളകുന്നുണ്ട്. കോൺക്രീറ്റ് ചെയ്തതിലെ അപാകതയോ കോൺക്രീറ്റിനു ശേഷം കൃത്യമായി നനവു ലഭിക്കാത്തതോ ആകാം പൊട്ടലിനു കാരണമെന്നാണ് വിലയിരുത്തൽ.
റെയിൽവേ പാളത്തിനു കുറുകെ റെയിൽവേയുടെ മേൽനോട്ടത്തിൽ 2018ൽ നിർമാണം പൂർത്തീകരിച്ച പാലത്തിലാണു പൊട്ടൽ വീണ് കോൺക്രീറ്റ് അടരുന്നത്.
കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ അപ്രോച്ച് റോഡ് ഒരുക്കി കഴിഞ്ഞ ഫെബ്രുവരി മുതലാണു പാലത്തിൽ വാഹനങ്ങൾ ഓടിത്തുടങ്ങിയത്. പാലം ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് തകർന്നത് നാട്ടിൽ ചർച്ചയായിട്ടുണ്ട്. പ്രശ്നത്തിനു അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആർബിഡിസികെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]