തൃപ്പൂണിത്തുറ ∙ സംസ്കൃത സ്കൂളിനു മുൻപിലെ കാനയുടെ സ്ലാബ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. സ്കൂളിന്റെ ഗേറ്റിനു തൊട്ടു മുൻപിൽ തന്നെയുള്ള കാനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബാണ് തകർന്നത്. സ്ലാബ് പൊട്ടി കാനയിലേക്ക് തന്നെ താഴ്ന്നു നിൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.
ദിവസങ്ങളായി സ്കൂളിനു മുൻപിലെ സ്ലാബ് തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. സ്കൂളിലെയും സമീപത്തെ അങ്കണവാടിയിലേക്കുമുള്ള വഴിയിൽ തന്നെ ഇതു തകർന്നു കിടക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കുട്ടികൾ ഇതിലൂടെ ഒറ്റയ്ക്കു പോകുന്നത് അധ്യാപകർ തടഞ്ഞിട്ടുണ്ട്.
പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ സ്കൂൾ അധികൃതർ തന്നെ ഇവിടെ അടയാളവും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും ഇതു വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
വാഹനത്തിരക്ക് ഏറെയുള്ള റോഡായതു കൊണ്ടു തന്നെ കാൽനട യാത്രികർക്കു കാനകളുടെ മുകളിലുള്ള സ്ലാബുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ. ഇവിടെ കാൽനടയാത്രികർ റോഡിലേക്ക് ഇറങ്ങുന്നതും അപകടങ്ങൾക്കു വഴിയൊരുക്കുന്നു. എത്രയും പെട്ടെന്ന് കാനയുടെ സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]