റാന്നി ∙ മരിച്ചെങ്കിലും മോഹനന്റെ കണ്ണുകൾ ഇനി രണ്ടുപേർക്കു വെളിച്ചമേകും. പഴവങ്ങാടി ഒഴുവൻപാറ കൈരളിയിൽ മോഹനൻ (72) ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
മരണശേഷം കണ്ണുകൾ ദാനം നൽകുന്നതിന് കാഴ്ച നേത്രദാന സേനയിലൂടെ മോഹനൻ നേരത്തെ സമ്മതപത്രം നൽകിയിരുന്നു. തുടർന്ന് ബന്ധുക്കൾ സേന ജനറൽ സെക്രട്ടറി റോഷൻ റോയി മാത്യുവിനെ ബന്ധപ്പെടുകയായിരുന്നു.
ഡോ.ലാൽ കൃഷ്ണ, ഡോ.എം.ഡി.സിനി, ഒഫ്താൽമോളജിസ്റ്റുകളായ ജയലക്ഷ്മി, പ്രീജ പ്രസാദ്, സ്റ്റാഫ് നഴ്സ് സുജ എസ്.തോമസ്, ജീവനക്കാരായ സി.എം.സുധ, കെ.കെ.ശാന്തി, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മോഹനന്റെ നേത്രപടലം ശേഖരിച്ചത്.
ഇതു തിരുവനന്തപുരം മെഡിക്കൽ കോളജിലെ നേത്രബാങ്കിൽ എത്തിച്ചു. ഇവിടെ പേര് റജിസ്റ്റർ ചെയ്ത രണ്ടുപേർക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച നൽകും ഇതോടെ കാഴ്ച നേത്രദാന സേനയിലുടെ 30 പേർക്ക് കാഴ്ചയുടെ വെളിച്ചം പകരും.
ആരോഗ്യ വകുപ്പ്, ജില്ലാ അന്ധത നിവാരണ സമിതി എന്നിവയുമായി ചേർന്നാണ് കാഴ്ചയുടെ പ്രവർത്തനം.
ഇതിൽ അംഗങ്ങളായ 14 പേർ മരിച്ചപ്പോൾ അവരുടെ നേത്രപടലവും ദാനം ചെയ്തിരുന്നു. ചലച്ചിത്ര സംവിധായകൻ ബ്ലസിയാണ് സേനയുടെ ചെയർപഴ്സൻ. കാഴ്ച നേത്രദാന സേന വൈസ് ചെയർമാൻ ഷേർളി മോഹനാണ് മോഹനന്റെ ഭാര്യ.
മക്കൾ: വിമൽ, അമൽ. മരുമകൾ: ടീന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]