ഡോ. ആശാ തോമസ് ഒരു പുസ്തകപ്പുഴുവായിരുന്നില്ല.
ഖോഖോ ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലും പാഠ്യേതര വിഷയങ്ങളിലുമായിരുന്നു താൽപര്യവും. അതു കൊണ്ടുതന്നെ എസ്എസ്എൽസിക്ക് നല്ല മാർക്കുണ്ടാകുമോ എന്ന് വീട്ടുകാർ പേടിച്ചു.
ഏതായാലും 59% മാർക്ക് നേടി. പക്ഷേ പുഴുവിരിഞ്ഞ് ശലഭമായതു പോലെ ഇന്ന് അറിവിന്റെ ലോകത്തും, അധ്യാപന രംഗത്തുമെല്ലാം പാറിപ്പറക്കുകയാണ് ആശ.
പോളണ്ട് സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മികച്ച യുവ ശാസ്ത്രജ്ഞയുള്ള പുരസ്കാരം (40 ലക്ഷം രൂപ), മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി സയൻസസിന്റെ ഗവേഷണത്തിനുള്ള ഒരു കോടി രൂപയ്ക്കു മുകളിലുള്ള ഗ്രാൻഡ് എന്നിവയ്ക്കും അർഹയായി.
എംജി, കേരള സർവകലാശാലകളിൽ പഠിപ്പിക്കുന്ന 12 പാഠപുസ്തകങ്ങളുടെ രചയിതാവാണ് ആശ. യുകെയിലെ പ്രശസ്തമായ റൗട്ലെജ്, സേജ് എന്നീ പ്രസാധകർ പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
35ൽ അധികം രാജ്യാന്തര പ്രബന്ധങ്ങൾ രചിച്ചു. അവ ടൂറിസം മാനേജ്മെന്റ് പേർസ്പെക്ടീവ്, ജേണൽ ഓഫ് ബിസിനസ് റിസർച്, ജേണൽ ഓഫ് നോളജ് മാനേജ്മെന്റ്, യൂറോപ്യൻ ജേണൽ ഓഫ് ഇന്നവേഷൻ ഉൾപ്പെടെയുള്ള എണ്ണം പറഞ്ഞ ജേണലുകളിൽ പ്രസിദ്ധീകരിച്ചു.
ഒരു പ്രബന്ധമാകട്ടെ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഒരു ശതമാനം വിഭാഗത്തിൽ ഉൾപ്പെട്ടു.
റോമിൽ നടന്ന ജി20 ഉച്ചകോടിയിലെ ഒരു നയപ്രഖ്യാപന രേഖ തയാറാക്കിയതിലും ആശയുടെ പങ്കുണ്ടായിരുന്നു.
പോളണ്ടിലെ സർക്കാർ സർവകലാശാലയായ റോക്ലോ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസറായ ആശ നോളജ് മാനേജ്മെന്റ്, ഇന്നവേഷൻ, മനുഷ്യവിഭവശേഷി എന്നീ മേഖലകളിലാണ് ശ്രദ്ധേയയാകുന്നത്. മുപ്പതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന, മൂവായിരത്തോളം അധ്യാപകരുള്ള റോക്ലോ സർവകലാശാലയിലെ ഏറ്റവും നല്ല യുവ ശാസ്ത്രജ്ഞയ്ക്കുള്ള അവാർഡ്, അധ്യാപകർക്കിടയിൽ ഗവേഷണ മികവിനുള്ള സ്കോൻഡസ് അവാർഡ് എന്നിവയും ആശ സ്വന്തമാക്കി.
തുടർച്ചയായി രണ്ടു വർഷം ഈ നേട്ടം കൊയ്തു. ഡൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി സയൻസസിലാണ് പിഎച്ച്ഡി നേടിയത്.
മികച്ച ഗവേഷകയ്ക്കുള്ള അവാർഡും അവിടെ നിന്നും നേടി.
ഈ നേട്ടങ്ങളെല്ലാം ഒരു ലഘുവാചകത്തിൽ ഒതുക്കാനാണ് ആശയ്ക്കിഷ്ടം, ദൈവകൃപയും മാതാപിതാക്കളുടെ പ്രാർഥനയും. പ്രസവത്തോടെ തങ്ങളിലേക്ക് ഒതുങ്ങുന്ന അമ്മമാരോട് ആശ പങ്കുവയ്ക്കാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.
തന്റെ മകൻ വിഹാൻ ഉണ്ടായ ശേഷമാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്ന് ആശ അഭിമാനത്തോടെ പറയുന്നു. വിഹാന്റെ ഒന്നാം വയസ്സിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു.
പത്താം വയസ്സിൽ ആദ്യ രാജ്യാന്തര പുസ്തകം. ഈ വർഷം രണ്ടു പുസ്തകങ്ങൾ കൂടി പുറത്തിറങ്ങി.
പുസ്തകത്താൾ മറിയുന്നതുപോലെ എളുപ്പമായിരുന്നില്ല ഈ നേട്ടങ്ങൾ സ്വന്തമാക്കിയതെന്ന് ആശയുടെ കഥ കേൾക്കുമ്പോൾ മനസ്സിലാകും. കോടതി വ്യവഹാരം മുതൽ കടൽകടന്നുള്ള യാത്രകൾ വരെ അതിലുണ്ട്.
ഉറക്കമൊഴിയലിന്റെ, സമയം നോക്കാതെയുള്ള കഠിനാധ്വാനത്തിന്റെ, അലച്ചിലിന്റെ ഒക്കെ അധ്യായങ്ങൾ ഈ വിജയചരിത്രത്തിലുണ്ട്. സുഷുപ്തിയിലായിരുന്നപ്പോഴും മോഹച്ചിറകുകൾ മുളച്ചു നീലാകാശത്തേക്ക് പറന്നുയരുന്നത് സ്വപ്നം കണ്ടതിന്റെ വേദനയും സാഹസികതയും ഉണ്ട്.
വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം തോട്ടയ്ക്കാട് അയ്യംപറമ്പിൽ എ.ഐ തോമസിന്റെയും ശോശാമ്മയുടെയും മകളായ ആശ പിതാവിന്റെ ജോലിയുടെ പ്രത്യേകത കൊണ്ട് പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ ഉൾപ്പെടെ വിവിധ സ്കൂളുകളിലാണ് പഠിച്ചത്.
സ്കൂൾ ഹൗസ് ക്യാപ്റ്റനും ഖോഖോ സംസ്ഥാന ടീമിലും ഒക്കെ അംഗവുമായിരുന്നു. 12-ാം ക്ലാസിൽ കോമേഴ്സായിരുന്നു പഠിച്ചത്.
അവിടെ സ്കൂൾ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് കോട്ടയത്ത് ബസേലിയസ് കോളജിൽ ഡിഗ്രിക്കു ചേർന്നു.
കോളജ് തുറക്കാൻ രണ്ടുമാസം കാത്തിരിക്കേണ്ടി വന്ന സമയം ബിപിഎൽ കമ്പനിയിൽ പാർട് ടൈം ജോലി ചെയ്തു. ബികോം പഠനകാലത്തും വൈകിട്ട് നാലു മുതൽ ഏഴുവരെയുള്ള സമയം ജോലിയിൽ തുടർന്നു.
തുടർന്ന് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കിയിരുന്ന ഗുരുനാനാക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പിജിഡിജിഎമ്മിനു ചേർന്നു.
ഇക്കാലയളവിൽ മഹർഷി ദയാനന്ദ് സർവകലാശാലയിൽ എംബിഎയും പഠിച്ചു. അധ്യാപനമായിരുന്നു മോഹം.
ആദ്യ പരീക്ഷയിൽത്തന്നെ യുജിസി നെറ്റും പാസായി. അധ്യാപിക ആകാൻ കമ്പനികളിലെ പ്രവൃത്തിപരിചയം കൂടുതൽ ഗുണകരമാകും എന്ന ഉപദേശത്തെ തുടർന്ന് ഡൽഹിയിൽ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിയും നേടി.
തുടർന്ന് ജഗന്നാഥ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (ജിംസ്) അധ്യാപികയായി. 2008 മുതൽ 2012 വരെ അവിടെ തുടർന്നു.
ഇതിനിടെ വിവാഹിതയായി. പിന്നീട് ഭർത്താവിനൊപ്പം സിങ്കപ്പൂരിലേക്ക് ജിംസിൽ നിന്ന് അവധിയെടുത്ത് ആശയും പോയി.
എന്നാൽ അവിടെ ഒറ്റയ്ക്കുള്ള ഇരുപ്പ് മുഷിച്ചിലായതോടെ ഗ്രന്ഥശാലകളും പള്ളിയും ആശ്വാസ കേന്ദ്രങ്ങളായി.
അധ്യാപനം തുടരണമെന്നും പിഎച്ച്ഡി ചെയ്യണമെന്നുമുള്ള ആഗ്രഹം കലശലായതോടെ തിരികെ ഡൽഹിയിലേക്ക് വരാൻ തീരുമാനിച്ചു. യാത്ര പുറപ്പെടുന്നതിന്റെ തലേന്നാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.
പക്ഷേ പഠിക്കണമെന്ന മോഹത്തിന് പിന്നാലെ പായാൻ തീരുമാനിച്ച് ഡൽഹിയിലേക്കു തിരിച്ചു. എന്നാൽ ഗർഭകാലം പ്രശ്നങ്ങളുടേതായിരുന്നു.
ഒടുവിൽ ഇൻജക്ഷനുകളുടെ ബലത്തിൽ കോട്ടയത്തെ വീട്ടിലേക്ക് എത്തി. മന്ദിരം ആശുപത്രിയിലെ ഡോ.
മറിയം ബീന പകർന്നു നൽകിയ കരുത്തും ആശ്വാസവും വലിയ അനുഗ്രഹമായിരുന്നെന്ന് ആശ പറയുന്നു. എന്നാൽ ഗർഭകാലത്തും വെറുതേ ഇരിക്കാൻ ആശ തയാറായില്ല.
സിഎംഎ കോഴ്സിനു ചേർന്നു.
ബസേലിയസിലെ ആശയുടെ അധ്യാപകനായിരുന്ന ജോയ് മാർക്കോസിനെ നാട്ടിൽ ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ കണ്ടത് കോളജ് അധ്യാപനത്തിലേക്കുള്ള വഴി തുറന്നു. ബസേലിയസിൽ ബിബിഎ എയ്ഡഡ് കോഴ്സ് തുടങ്ങാൻ അനുമതി ലഭിച്ച കാലം.
അതിന്റെ തുടക്കപ്രവർത്തനങ്ങൾക്ക് ആശ നേതൃത്വം നൽകി. എന്നാൽ ഡൽഹിയിലെ എംബിഎയ്ക്ക് മഹാത്മാഗാന്ധി സർവകലാശലയുടെ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് വിനയായി.
ശമ്പളവും പിഎച്ച്ഡി മോഹവും പൊലിയുമെന്ന് തോന്നിച്ച ദിനങ്ങൾ. കോടതിയെ സമീപിച്ചു.
നാലു വർഷത്തോളം നീണ്ട വ്യവഹാരത്തിനൊടുവിൽ കേസു ജയിച്ചു.
തുല്യത സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതിനിടെ മഹാത്മാഗാന്ധി, കേരള സർവകലാശാലകളുടെ സിലബസ് അനുസരിച്ച് പത്തിലധികം പുസ്തകങ്ങൾ പലരുമായി ചേർന്ന് രചിച്ചു.
അവ പാഠപുസ്തകങ്ങളായി.
എങ്കിലും ഇന്ത്യയിലെ ഏതെങ്കിലും ഉയർന്ന സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടണമെന്ന് ഉറപ്പിച്ച് ആശ ന്യൂഡൽഹിയിലെ ഡിടിയുയിൽ (ഡൽഹി സാങ്കേതിക സർവലാശാല) പ്രവേശ പരീക്ഷ എഴുതി വിജയിച്ച് പിഎച്ച്ഡിക്കു ചേർന്നു. ഈ സമയം ഭർത്താവ് സുശീൽ സ്വിറ്റ്സർലൻഡിലായിരുന്നു.
രണ്ടര വയസ്സുള്ള മകനുമൊപ്പം ന്യൂഡൽഹിയിലേക്കു ആശ പോയി. അവിടെ ജിംസിൽ അധ്യാപികയായി വീണ്ടും ജോലിയിൽ പ്രവേശിച്ചു.
പിഎച്ച്ഡി പഠനവും തുടർന്നു. മകനെ നോട്ടവും പഠനവും ജോലിയും എല്ലാം ചേർന്ന് ആകെ വലഞ്ഞ ദിനങ്ങൾ.
പല ദിവസങ്ങളിലും തലകറങ്ങി വീഴുമായിരുന്നു. എങ്കിലും വാശിയോടെ എല്ലാം ചെയ്തു മുന്നോട്ട് നീങ്ങി.
ഈ സമയം പല ജേണലിലുകളിലും ആശ നൽകിയ പ്രബന്ധങ്ങൾ തള്ളപ്പെട്ടു. എന്നാൽ ഒരു ക്രിസ്മസ് ദിനത്തിൽ പ്രബന്ധം തള്ളപ്പെട്ടത് വളരെ വേദനയായി.
വളരെ വിഷമിച്ച ആശ ജേണലിന്റെ ഇറ്റലിയിലുള്ള എഡിറ്റർക്ക് ഇ-മെയിൽ അയച്ചു.
ക്രിസ്മസ് സമ്മാനം വിഷമിപ്പിച്ചെന്നും പ്രബന്ധത്തിന്റെ പോരായ്മകൾ എന്താണെന്നു വ്യക്തമാക്കാമോ എന്നും ചോദിച്ചു. ആ എഡിറ്റർ കാര്യങ്ങൾ വിശദീകരിക്കുക മാത്രമല്ല, ഇറ്റലിയിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണിക്കുകയും ചെയ്തു.
പിഎച്ച്ഡി ഗവേഷണത്തിനും അത് ആശയ്ക്ക് ഏറെ സഹായകമായി. ഇറ്റലിയിൽ പോയ ശേഷം ജീവിതത്തിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് ആശ പറയുന്നു.
ഡിടിയുവിൽ നിന്ന് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള കാഷ് അവാർഡും പ്രശംസാപത്രവും ആശ നേടി. പിഎച്ച്ഡി ഡിഫൻസിന് മുൻപ് തന്നെ ജോലിക്കായി ആശ ശ്രമിച്ചു.
ഈ സമയം സുശീലിന് പോളണ്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. പോളണ്ടിലെ സർക്കാർ സർവകലാശാലയായ റോക്ലോയിലേക്കും അപേക്ഷിച്ചു. ഒഴിവൊന്നും ഇല്ലെന്നായിരുന്നു ആശയ്ക്ക് അവിടെ ജോലി ചെയ്തിരുന്ന പരിചയക്കാരന്റെ മറുപടി.
എന്നാൽ അന്ന് വൈകിട്ട് അദ്ദേഹം നടക്കാനിറങ്ങിയപ്പോൾ ഡിപ്പാർട്മെന്റ് ഓഫ് ഓപ്പറേഷൻസ് റിസർച് ആൻഡ് ബിസിനസ് ഇന്റലിജൻസ് വകുപ്പ് മേധാവി, ഒരു ഒഴിവ് ഉണ്ടെന്നും റിക്രൂട്മെന്റ് നടത്താൻ പോവുകയാണെന്നും പറഞ്ഞു.
തുടർന്ന് തിരഞ്ഞെടുപ്പിന്റെ വിവിധ കടമ്പകൾ. എല്ലാം വിജയകരമായി പൂർത്തിയാക്കിയതോടെ ആശ അവിടെ അധ്യാപികയായി.
ഇതു ദൈവം തനിക്കായി ഒരുക്കിയ ജോലിയായിരുന്നെന്നും ആശ വിശ്വസിക്കുന്നു. ഇറ്റലിയിൽ നിന്നും ആശയ്ക്കു ക്ഷണം ലഭിച്ചു.
എന്നാൽ ഭർത്താവിനൊപ്പം നിൽക്കാനായി പോളണ്ടിലെ റോക്ലോ തിരഞ്ഞെടുത്തു. സാധാരണയായി മൂന്നു വർഷം കൊണ്ടാണ് റോക്ലോയിൽ സ്ഥിരനിയമനം ലഭിക്കുക.
എന്നാൽ ഒരു വർഷത്തിൽ താഴെയെ ആശയ്ക്കു വേണ്ടി വന്നുള്ളൂ. ഇതിനിടെയാണ് രാജ്യാന്തര ജേണലുകളിൽ പ്രബന്ധങ്ങൾ എഴുതിയത്.
മൂന്നു പുസ്തകങ്ങളും സ്വന്തമായി എഴുതി.
നോളജ് മാനേജ്മെന്റ്, ലീഡർഷിപ് ആൻഡ് ഇന്നവേഷൻ ഇൻ ഡിജിറ്റൽ ട്രാൻസ്ഫമേഷൻ എന്ന ആദ്യ പുസത്കമടക്കം മൂന്നെണ്ണം പ്രസിദ്ധീകരിച്ചു. വിവിധ ജേണലുകളുടെ അസോഷ്യേറ്റ് ഗെസ്റ്റ് എഡിറ്ററുമാണ് ആശ.
മകൻ വിഹാനെ ഏറ്റവും മികച്ചതായി ഒരുക്കിയെടുക്കുക എന്ന അമ്മയുടെ ജോലി ഭംഗിയായി ചെയ്തു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ആശ അഭിമാനത്തോടെ പറയുന്നു. മാതാപിതാക്കളും ഭർത്താവു സുശീലും സഹോദരൻ ജിബും ഭാര്യ റയ്നയും എല്ലാം നൽകിയ പിന്തുണയെപ്പറ്റി എത്ര പുസ്തകങ്ങൾ എഴുതിയാലും മതിയാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
പഠനവും ഗവേഷണവും തുടരാൻ ഉറച്ചിരിക്കുന്ന ആശ ഇനിയും പുതിയ അധ്യായങ്ങൾ ജീവിതത്തിൽ എഴുതിച്ചേർക്കുന്നത് സ്വപ്നം കാണുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]