ആറന്മുള ∙ പമ്പയാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി പ്രേമികൾക്ക് ആവേശം പകർന്ന് ഒന്നാമത് ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവത്തിനു വിജയകരമായ പരിസമാപ്തി. ചെറുകോലും കോറ്റാത്തൂർ – കൈതക്കോടിയും ജേതാക്കൾ.
ഉത്രാടം തിരുനാൾ ജലോത്സവത്തിലെ എ ബാച്ചിൽ ചെറുകോലും ബി ബാച്ചിൽ കോറ്റാത്തൂർ – കൈതക്കോടിയുമാണ് വിജയികളായത്. എൻഎസ്എസ് ഡയറക്ടർ ബോർഡംഗവും റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.ആർ.രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ജലഘോഷയാത്ര പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ആർ.രാജീവ് മത്സരവള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു.
ഒരു മണിയോടെ ആരംഭിച്ച ജല ഘോഷയാത്ര കാണികൾക്ക് നയനാനന്ദകരമായി.
വഞ്ചിപ്പാട്ട് പാടിത്തുഴഞ്ഞ് നീങ്ങിയ ജലഘോഷയാത്രയിൽ 12 പള്ളിയോടങ്ങൾ പങ്കെടുത്തു. എ ബാച്ച് പള്ളിയോടങ്ങളുടെ ഒന്നാം ഹീറ്റ്സിൽ പൂവത്തൂർ പടിഞ്ഞാറ്, ചെറുകോൽ, കീഴുകര പള്ളിയോടങ്ങൾ മാറ്റുരച്ചപ്പോൾ ചെറുകോൽ പള്ളിയോടം ഒന്നാമതെത്തി.
രണ്ടാമത്തെ ഹീറ്റ്സിൽ കോയിപ്രവും അയിരൂരും മത്സരിച്ചപ്പോൾ അയിരൂർ ഒന്നാമതായി ഫിനിഷ് ചെയ്തു. ളാക – ഇടയാറന്മുള, കുറിയന്നൂർ, ചിറയിറമ്പ് പള്ളിയോടങ്ങൾ മത്സരം കാഴ്ചവച്ച മൂന്നാം ഹീറ്റ്സിൽ കുറിയന്നൂർ ഒന്നാമനായി.
ബി ബാച്ച് ആദ്യപാദ മത്സരത്തിൽ വന്മഴി പള്ളിയോടവും ഇടപ്പാവൂരും മത്സരിച്ചു. വന്മഴി ഒന്നാമതെത്തി.
രണ്ടാം ഹീറ്റ്സിൽ കോറ്റാത്തൂർ – കൈതക്കോടിയും കീക്കൊഴൂർ – വയലത്തലയും മത്സരിച്ചതിൽ കോറ്റാത്തൂർ ഫൈനിലേക്കു യോഗ്യത നേടി.
ഫൈനൽ മത്സരത്തിൽ വന്മഴിയെ പിന്തള്ളി കോറ്റാത്തൂർ – കൈതക്കോടി വിജയികളായി ഒന്നാമത് ഉത്രാടം തിരുനാൾ വിജയമുദ്രയ്ക്ക് അവകാശികളായി. എ ബാച്ച് ഫൈനലിൽ കുറിയന്നുർ, അയിരൂർ, ചെറുകോൽ പള്ളിയോടങ്ങളുടെ മത്സരം കാണികളിൽ ആവേശം വിതറി.
പമ്പയുടെ ഓളങ്ങളിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച മത്സരത്തിൽ ചെറുകോൽ പള്ളിയോടം വിജയികളായി. ഫോട്ടോ ഫിനിഷിങ്ങിൽ അയിരൂർ രണ്ടാം സ്ഥാനത്തും കുറിയന്നൂർ മൂന്നാമതുമെത്തി.
ഭംഗിയായി പാടിത്തുഴഞ്ഞ് മികച്ച ചമയങ്ങളോടെ എത്തിയ പള്ളിയോടങ്ങൾക്കുള്ള ഭാരതകേസരി ട്രോഫി പൂവത്തൂർ പടിഞ്ഞാറ്, ഇടപ്പാവൂർ പള്ളിയോടങ്ങൾ നേടി.
മികച്ച രീതിയിൽ വഞ്ചിപ്പാട്ട് പാടിത്തുഴഞ്ഞ പള്ളിയോടത്തിനുള്ള നെടുമ്പയിൽ ആശാൻ സ്മാരക ട്രോഫി കീഴുകര പള്ളിയോടത്തിനു സമ്മാനിച്ചു. ജലഘോഷയാത്രയിലെ മികച്ച പ്രകടനത്തിന് ളാക ഇടയാറന്മുള, കോയിപ്രം, കുറിയന്നൂർ, ഇടപ്പാവൂർ പേരൂർ പള്ളിയോടങ്ങൾ ട്രോഫി നേടി.
വഞ്ചിപ്പാട്ട് മത്സരത്തിൽ കീക്കൊഴൂർ വയലത്തല ഒന്നാം സമ്മാനം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, പള്ളിയോട
സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, രാജു ഏബ്രഹാം, എ.പത്മകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവി, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, ഉത്രാടം തിരുനാൾ ഫൗണ്ടേഷൻ സെക്രട്ടറി പി.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ആദ്യതവണ തന്നെ മികച്ച സംഘാടനം
2012 ജൂലൈ 31ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ചെറുകോൽ കരയിൽ സന്ദർശനം നടത്തി ചെറുകോൽ പള്ളിയോടത്തിന് രാജമുദ്ര നൽകിയതിന്റെ സ്മരണ നിലനിർത്തുന്നതിനായി ഈ വർഷമാണ് ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവത്തിനു തുടക്കം കുറിച്ചത്. കരയോഗ നവതി വർഷാചരണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ജലമേള ചെറുകോൽ 712–ാം നമ്പർ എൻഎസ്എസ് കരയോഗവും ഉത്രാടം തിരുനാൾ ഫൗണ്ടേഷനും ചേർന്നാണ് സംഘടിപ്പിച്ചത്.
സംഘാടനവും ചിട്ടയായ ക്രമീകരണങ്ങളും കൊണ്ട് മുൻപു നിശ്ചയിച്ചിരുന്ന സമയക്രമത്തിനു മുൻപ് വള്ളംകളി മത്സരം അവസാനിപ്പിക്കാൻ കഴിഞ്ഞതു ശ്രദ്ധേയമായി. ചെറുകോൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് സി.കെ.ഹരിശ്ചന്ദ്രൻ, രക്ഷാധികാരി പ്രദീപ് ചെറുകോൽ, ചെയർമാൻ രാജീവ് പൂതക്കുഴിയിൽ, വിവിധ കമ്മിറ്റി കൺവീനർമാരായ കെ.ജി.സനൽ കുമാർ, ഇ.എസ്.ഹരി കുമാർ, അജികുമാർ ഹരീന്ദ്ര ഭവനം, രാജശേഖരൻ നായർ നടുവിലയ്യത്ത്, സദാശിവൻ പിള്ള തോട്ടത്തിൽ, സദാശിവൻ നായർ പോച്ചപറമ്പിൽ, പ്രസന്ന വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]