തൃശൂർ ∙ പൊലീസിന്റെ അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നു. 3 യുവാക്കളെ കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.
സുജിത്തിനെ (27) എസ്ഐ അടക്കം 4 പൊലീസുകാർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽനിന്നു ലഭിച്ചത്.
എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർ ചേർന്നു മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കരണത്തേറ്റ അടിയിൽ സുജിത്തിനു കേൾവിത്തകരാറും സംഭവിച്ചു.
പൊലീസുകാർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു.
ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ തന്നെ മർദനം ആരംഭിച്ചിരുന്നുവെന്ന സൂചന സ്റ്റേഷൻ ദൃശ്യങ്ങളിലുണ്ട്.
മുണ്ട് കയ്യിൽ പിടിച്ച് അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് സ്റ്റേഷന്റെ മുറ്റത്ത് സുജിത്തിനെ ഇറക്കിയത്.
സുജിത്തിന്റെ നിലവിളിയും പൊലീസിന്റെ ചീത്തവിളിയും മർദനത്തിന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാം. മുഖത്തും കയ്യിലും ഊഴംവച്ചു മാറിമാറി മർദിച്ച പൊലീസുകാർ പിന്നീടു കുനിച്ചുനിർത്തി പുറത്തിടിച്ചപ്പോൾ സുജിത് നിലത്തുവീഴുന്നുമുണ്ട്.
അപ്പോഴും എഴുന്നേൽക്കാൻ സമ്മതിക്കാതെ ചുറ്റുംനിന്നു മർദനം തുടർന്നതായി 13 മിനിറ്റ് വിഡിയോയിൽനിന്നു വ്യക്തമാണ്.
സുജിത് മദ്യപിച്ചിരുന്നതായി പൊലീസ് ആരോപിച്ചെങ്കിലും ഇല്ലെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതു വഴിത്തിരിവായി. റിമാൻഡ് ചെയ്യുന്നതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും കോടതി അന്നുതന്നെ ജാമ്യം നൽകി.
സുജിത്തിന്റെ പരാതിയിൽ 4 പൊലീസുകാർക്കെതിരെ കുന്നംകുളം മജിസ്ട്രേട്ട് കോടതി കേസെടുത്തിരുന്നു. എന്നാൽ, പേരിനൊരു സ്ഥലംമാറ്റമല്ലാതെ മറ്റൊരു നടപടിയും വകുപ്പുതലത്തിലുണ്ടായില്ല.
തളരാതെ നിയമപോരാട്ടം
വിവരാവകാശനിയമപ്രകാരം പൊലീസ് സ്റ്റേഷൻ ദൃശ്യങ്ങൾ പുറത്തുവരുന്നത് അപൂർവമായാണ്.
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് നൽകിയ വിവരാവകാശ അപേക്ഷ പൊലീസ് ആദ്യം തള്ളി. എന്നാൽ, അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ അനുകൂല നിലപാടെടുത്തു.
എന്നിട്ടും പൊലീസ് നൽകാതിരുന്നതോടെ ഇരുകക്ഷികളെയും കമ്മിഷൻ നേരിട്ടു വിളിച്ചുവരുത്തി. സുജിത്തിനു ദൃശ്യങ്ങൾ കൈമാറാൻ പൊലീസിനു കർശന നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

