പറവൂർ ∙ ഓണം വന്നത്തെത്തിയതോടെ പറവൂർ നഗരം ഉത്സവ പ്രതീതിയിലായി. വഴിയോരങ്ങൾ പൂക്കച്ചടവക്കാരും വസ്ത്ര വിൽപനക്കാരും കീഴടക്കി.
തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവ ഒരുക്കിയ ഓണച്ചന്തകൾ സജീവമാണ്. ഉത്രാടത്തിനു തലേദിവസമായ ഇന്നലെ രാവിലെ മുതൽ ഉണ്ടായിരുന്ന തിരക്കു വൈകിട്ടോടെ വർധിച്ചു. പൂക്കളും ഓണത്തപ്പനും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും വാങ്ങാൻ ഒട്ടേറെയാളുകൾ നഗരത്തിലെത്തി.
നഗരസഭാ ഓഫിസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിൽ ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ ഇക്കുറി പൂക്കടച്ചവടം പൊടിപൊടിക്കുകയാണ്.
പൂക്കളങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ബെന്തി, ജമന്തി, വാടാമല്ലി തുടങ്ങിയ പൂക്കൾക്കെല്ലാം ഇക്കുറിയും ആവശ്യക്കാർ ഏറെ. പുറത്തു നിന്നു കൊണ്ടുവന്ന പൂക്കൾക്കൊപ്പം തദ്ദേശസ്ഥാപനങ്ങളുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിവിധ സംഘടനകളും വ്യക്തികളും ഉൽപാദിപ്പിച്ച പൂക്കളും വിപണിയിലുണ്ട്. തുമ്പയ്ക്കും ഓണസദ്യയ്ക്കുള്ള തൂശനിലയ്ക്കും വരുംദിവസങ്ങളിൽ ഡിമാൻഡ് കൂടും.
ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങൾ വാങ്ങാനും ഒട്ടേറെയാളുകൾ വിവിധ സംഘങ്ങളുടെ സ്റ്റാളുകളിൽ എത്തുന്നുണ്ട്. നഗരത്തിലെ മറ്റു വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെട്ടു.
ഉത്രാട ദിനമായ ഇന്നും നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
നഗരസഭ
നഗരസഭയുടെ ഓണാഘോഷം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷൻ എം.ജെ.രാജു അധ്യക്ഷനായി. ജീവനക്കാരും കൗൺസിലർമാരും ചേർന്നു പൂക്കളം ഒരുക്കി.
ഓണപ്പാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറി. കുമാരമംഗലം സ്നേഹദീപം അയൽക്കൂട്ടത്തിന്റെ ഓണാഘോഷം സാഹിത്യകാരൻ ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണിയമ്മ സുഭാഷ് അധ്യക്ഷയായി.
നഗരസഭാ കൗൺസിലർ സി.എസ്.സജിത, കെ.ജി.ഹരിദാസ്, ഗീത പൊന്നൻ, സിഡിഎസ് അംഗം മഹേശ്വരി, കെ.വി.ജിനൻ എന്നിവർ പ്രസംഗിച്ചു.
പറവൂത്തറ ആശാൻ സ്മാരക വായനശാലയുടെ ഓണാഘോഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. വായനശാല ജനകീയ സമിതി കൺവീനർ ഡെന്നി തോമസ് അധ്യക്ഷനായി.
സെക്രട്ടറി കെ.വി.ജിനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, നഗരസഭാ കൗൺസിലർ സി.എസ്.സജിത, വാർഡ് അംഗം എം.കെ.രാജേഷ്, ഈഴവ സമാജം പ്രസിഡന്റ് സന്തോഷ്കുമാർ, എച്ച്.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. പൂക്കളമത്സരം, കായിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
ഓണക്കിറ്റ് വിതരണം
അഖില കേരള വിശ്വകർമ മഹാസഭ ടൗൺ ശാഖ നടത്തിയ ഓണക്കിറ്റ് വിതരണം താലൂക്ക് വർക്കിങ് പ്രസിഡന്റ് പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് ടി.കെ.വിജയൻ, സെക്രട്ടറി ടി.എൻ.വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി എസ്.പി.സഞ്ജീവ്, ട്രഷറർ കെ.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ഓണക്കോടി വിതരണം
നഗരസഭയുടെ കീഴിലുള്ള ശരണാലയത്തിലെ അന്തേവാസികൾക്ക് ഇന്നർവീൽ ക്ലബ് ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി ഓണക്കോടി നൽകി. വിതരണം ക്ലബ് പ്രസിഡന്റ് സന്ധ്യ അനിൽ നിർവഹിച്ചു.
സെക്രട്ടറി രാജേശ്വരി ഉണ്ണിക്കൃഷ്ണൻ, ട്രഷറർ നീന ശശി, വാർഡ് കൗൺസിലർ സജി നമ്പിയത്ത് എന്നിവർ പ്രസംഗിച്ചു. ഇന്ന് അന്തേവാസികൾക്ക് ക്ലബ് സദ്യയും നൽകുന്നുണ്ട്.
ചിത്രരചനാ മത്സരം 6ന്
ഓണാഘോഷത്തിന്റെ ഭാഗമായി പോസ്റ്റൽ ക്ലബ് സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം (വാട്ടർ കളർ) നടത്തും.
6ന് 10ന് സമൂഹം ഹൈസ്കൂളിൽ കാർട്ടൂണിസ്റ്റ് ശിവൻ ഉദ്ഘാടനം ചെയ്യും. കിഡ്സ്, എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. 94950 45219.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]