ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിലെ മാലിന്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമായി ആസൂത്രണം ചെയ്ത മലിനജല സംസ്കരണ പ്ലാന്റ് പദ്ധതി ഫയലുകളിൽ ഒതുങ്ങി. ക്ഷേത്രത്തിൽ തിരക്കേറിയ സമയങ്ങളിൽ മാലിന്യം പ്രശ്നം രൂക്ഷമായതോടെ 10 വർഷം മുൻപ് ദേവസ്വം ബോർഡ് നടപ്പാക്കാനിരുന്ന പദ്ധതിയാണു എങ്ങുമെത്താതെ കിടക്കുന്നത്.
മണ്ഡലകാലങ്ങളിലടക്കം ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നതു പ്രതിഷേധങ്ങൾക്കു വഴിവച്ചതോടെയാണു ക്ഷേത്രത്തിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാൻ ബോർഡ് തീരുമാനിച്ചത്. പദ്ധതിക്കായി സർക്കാർ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
5 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു തെക്കേ നടയ്ക്കു സമീപത്തായി സ്ഥലവും കണ്ടെത്തി.
കോടതി നിർദേശപ്രകാരം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ദേവസ്വം പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും സർക്കാർ തലത്തിലെ നൂലാമാല തുടക്കം മുതലേ പ്രതിസന്ധിയായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുന്നതിലെ കാലതാമസമായിരുന്നു ആദ്യ തടസ്സം.
ഇവയെല്ലാം പരിഹരിച്ചു പദ്ധതിക്കുള്ള തുകയ്ക്കായി സർക്കാരിനെ സമീപിച്ചെങ്കിലും നടന്നില്ല. പ്ലാന്റിനുള്ള തുക പഞ്ചായത്തിനേ കൈമാറാനാകൂ എന്നായിരുന്നു നിലപാട്.
ഇതോടെ ദേവസ്വം പദ്ധതിയിൽ നിന്നു പിന്നോട്ടുപോയി. ഇതോടെ പദ്ധതി തന്നെ നാട്ടുകാർ മറന്നു.
ഇതിനിടെ ക്ഷേത്രം വൃത്തിഹീനമാണെന്നു കാണിച്ചു ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി തമ്പി തിലകൻ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കേസെടുത്തതോടെ മാലിന്യ സംസ്കരണ പദ്ധതി വീണ്ടും ചർച്ചയാകുന്നുണ്ട്.
പ്രതീക്ഷ ശുചിത്വ മിഷനിൽ
സംസ്ഥാന ശുചിത്വമിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ചോറ്റാനിക്കര മലിനജല സംസ്കരണ പ്ലാന്റ് നടപ്പാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് ദേവസ്വം ബോർഡും പഞ്ചായത്തും. 2 കോടി രൂപ സിവിൽ നിർമാണ പ്രവർത്തനങ്ങൾക്കും 3 കോടി വൈദ്യുതി യന്ത്രസാമഗ്രികൾക്കും അനുബന്ധ ഉപകരണങ്ങൾക്കും വേണ്ടിവരുന്ന പദ്ധതിക്കു ശുചിത്വ മിഷനിൽ നിന്നു 4.38 കോടി അനുവദിക്കാൻ ധാരണയായിട്ടുണ്ടെന്നാണു വിവരം. ബാക്കി തുക ദേവസ്വവും നൽകണമെന്നാണു നിലവിലുള്ള നിർദേശം.
ഇതു പ്രകാരം വിശദമായ പദ്ധതി രേഖ സമർപ്പിക്കാൻ ശുചിത്വ മിഷൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുവേണ്ട
രേഖകൾ പഞ്ചായത്തിന്റെ നിർദേശപ്രകാരം ദേവസ്വം കൈമാറി. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ പഞ്ചായത്ത് ഏജൻസിയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രസിഡന്റ് എം.ആർ.രാജേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]