കൊച്ചി∙ കടവന്ത്ര കേന്ദ്രീയ വിദ്യാലയയുടെ വളപ്പിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റാതെ തുടരുന്നു. കാലപ്പഴക്കത്തിൽ ജീർണിച്ച കെട്ടിടം ഏതു നേരവും പൊളിഞ്ഞു വീഴാറായ നിലയിലാണു നിൽക്കുന്നത്.
കെട്ടിടം ഇപ്പോൾ ഉപയോഗത്തിൽ ഇല്ലെങ്കിലും പലപ്പോഴും കുട്ടികൾ ഇതിനു തൊട്ടടുത്ത് കളിക്കാനും മറ്റുമായി എത്തുന്നതിനാൽ അപകടസാധ്യത ഏറെയാണ്. ഇതിനോടു ചേർന്നു തന്നെയുള്ള ബാസ്കറ്റ്ബോൾ കോർട്ടിലും കുട്ടികൾ കളിക്കാനെത്താറുണ്ട്.
മേൽക്കൂര തകർന്ന് ഏതു നേരവും വീഴാറായ നിലയിലാണ് കെട്ടിടം നിൽക്കുന്നത്.
അപകടാവസ്ഥയിലുള്ള കെട്ടിടം ദുരന്ത നിവാരണ നിയമപ്രകാരം പൊളിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് പിടിഎ നടത്തുന്ന സ്കൂൾ ബസുകൾ വളപ്പിൽ കയറ്റരുതെന്ന് മാനേജ്മെന്റ് നിർദേശം വന്നതു തർക്കത്തിനു കാരണമായി (പഴയ കെട്ടിടത്തോടു ചേർന്നാണു ബസുകൾ പാർക്ക് ചെയ്തിരുന്നത്). ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എംപിയും ടി.ജെ.വിനോദ് എംഎൽഎയും സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ഇതേ ചർച്ചയിൽ തന്നെ ഉപയോഗശൂന്യമായ പഴയ കെട്ടിടം പൊളിക്കാൻ എത്രയും വേഗം സെൻട്രൽ പിഡബ്ല്യുഡി വിഭാഗത്തെ കൊണ്ട് നടപടിയെടുപ്പിക്കണമെന്ന് ജനപ്രതിനിധികളും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
കലക്ടറുടെ ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം പൊളിക്കാൻ തുടങ്ങിയിട്ടില്ല. കെട്ടിടം പൊളിക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ സുനിൽ കുമാർ പറഞ്ഞു.
സെൻട്രൽ പിഡബ്ല്യുഡി വകുപ്പാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. ടെൻഡർ നടപടികളിലേക്കു കടന്നതായും 10 ദിവസത്തിനുള്ളിൽ തന്നെ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കാലതാമസം ഉണ്ടായതിന്റെ കാരണം കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]