ആഗോളതലത്തിൽ ഉൽപാദനത്തിന്റെ 50 ശതമാനവും തൊഴിൽ മേഖലയിൽ 60–70 ശതമാനവും വിഹിതം സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ജി-20 സമ്മേളനത്തിൽ പറയുകയുണ്ടായി. ഇന്ത്യയിലും ഈ മേഖലയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. ഈ വർഷത്തെ കേന്ദ്രബജറ്റിൽ 9000 കോടി രൂപ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ വായ്പകൾക്ക് വേണ്ടിയുള്ള ഗാരന്റി പദ്ധതിക്കായി മാറ്റിവച്ചു. ഇതിൽ 8000 കോടി രൂപ മാർച്ച് 30ന് തന്നെയുപയോഗിച്ച് ഈ വർഷം ഏപ്രിൽ 1 മുതൽ 5 കോടി രൂപ വരെയുള്ള വായ്പകൾ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഭൂമിയുടെയോ മറ്റോ ഈടൊന്നും ഇല്ലാതെ തന്നെ നൽകുവാനുള്ള പദ്ധതി നിലവിൽ വരികയും ചെയ്തുകഴിഞ്ഞു.
നേരത്തെ ഈ പരിധി 2 കോടി രൂപയായിരുന്നു. ഈടൊന്നും നൽകേണ്ടാത്തതിനാൽ സംരംഭകർക്ക് ഗുണം ചെയ്യുന്ന സിജിടി എംഎസ്ഇ പദ്ധതിയെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ ചുവടെ.
ഏതുതരം സംരംഭങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക ?
ഈ പദ്ധതി നടപ്പാക്കുന്നത് ‘സിഡ്ബി’ അഥവാ സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയാൽ രൂപീകരിക്കപ്പെട്ട ഗാരന്റി ട്രസ്റ്റ് ആണ്. പദ്ധതിയുടെ കീഴിൽ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ വായ്പകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രവർത്തന മൂലധനത്തിന് വേണ്ടിയുള്ള ഹൃസ്വകാല വായ്പയ്ക്കും ആസ്തികൾ വാങ്ങാനുള്ള ദീർഘകാല വായ്പയ്ക്കും കേന്ദ്ര സർക്കാരിന്റെ ഈ ഗാരന്റി പദ്ധതി ബാധകമാണ്. ചെറുകിട സംരംഭമെന്നത് ഉൽപാദനത്തിന് വേണ്ടിയുള്ള മുടക്കുമുതൽ 5 കോടി വരെയും വാർഷിക വിറ്റുവരവ് 50 കോടിവരെയുള്ളതുമായ സംരംഭങ്ങളാണ്.
സൂക്ഷ്മ യൂണിറ്റുകളാവട്ടെ, ഇവയെക്കാളും ചെറിയ തലത്തിൽ പ്രവർത്തിക്കുന്നവയാണ്. 1 കോടി വരെ ഉൽപാദനത്തിനു വേണ്ടിയുള്ള മുതലും 5 കോടി വരെ വിറ്റുവരവുമുള്ളവ. കേന്ദ്ര സർക്കാരിന്റെ ഉദ്യം റജിസ്ട്രേഷൻ ബാങ്കുകളുടെ ഇടയിൽ സംരംഭങ്ങളുടെ സ്വീകാര്യത വർധിപ്പിക്കും. ഇത്തരം സംരംഭകർക്കെല്ലാം വായ്പാ തുക 5 കോടി വരെ ഈടു കൂടാതെ എടുക്കാൻ ഈ പദ്ധതി ഉപകരിക്കുന്നു.
പദ്ധതിക്കു ഫീസ് ബാധകമാണോ?
അതെ. . ഈ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ കുറഞ്ഞ നിലവാരത്തിലുള്ള ഫീസും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ നിരക്കുകൾ ഈടാക്കുന്നത് വാർഷിക ഇടവേളയിൽ ആയിരിക്കും. കൂടാതെ ബാങ്കുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇത് സ്വയം വഹിക്കുകയോ വായ്പ എടുക്കുന്ന യൂണിറ്റുകളുടെ പക്കൽ നിന്നോ ഈടാക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഈ ഗാരന്റി ഫീസിന്റെ വിവരം ചുവടെ.
വാർഷിക അടിസ്ഥാനത്തിൽ ഈടാക്കുന്ന ഈ ഫീസ് വായ്പ അടച്ചു തീരുന്ന മുറയ്ക്ക് വായ്പാ തുക കുറയുമ്പോൾ തത്തുല്യമായി കുറയുകയും ചെയ്യും. അതായത് ആദ്യത്തെ വർഷം എടുക്കുന്ന മൊത്തം വായ്പാ തുകയ്ക്ക് ഫീസ് കൊടുക്കേണ്ടി വരുമ്പോൾ, പിന്നീടുള്ള വർഷങ്ങളിൽ തിരിച്ചടവു കിഴിച്ചിട്ടുള്ള തുകയ്ക്ക് മാത്രം ഫീസ് കൊടുത്താൽ മതിയാവും.2 ശതമാനം വരെ ഉണ്ടായിരുന്ന ഗാരന്റി ഫീസ് ഈ വർഷം മുതൽ കുറഞ്ഞ നിരക്കിൽ കേന്ദ്രം പരിമിതപ്പെടുത്തി
കൈവശമുള്ള ഈട് കൊടുക്കുകയും ബാക്കി തുകയ്ക്ക് ഗാരന്റി ഫീ കൊടുക്കുകയും ചെയ്യാമോ ?
ചെയ്യാം. ഫീസ് കൊടുക്കുന്നതിനു പകരമായി വീടോ മറ്റേതെങ്കിലും കൈവശമുള്ള വസ്തുവോ ഈടായി നൽകുന്നെങ്കിൽ ഈടിന്റെ മൂല്യത്തിലധികം വരുന്ന വായ്പയ്ക്ക് മാത്രം ഗാരന്റി എടുക്കാനുള്ള സൗകര്യവും പദ്ധതിയിൽ ഉണ്ട്. വളരെ ലളിതമായ ഗാരന്റി പദ്ധതിയാണ് സിജിടി എംഎസ്ഇ പദ്ധതി
ഏതൊക്കെ സ്ഥാപനത്തിൽ നിന്നുള്ള വായ്പകൾക്കാണു പദ്ധതിയുടെ ആനുകൂല്യം ?
പദ്ധതിയിലെ അംഗത്വം ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് . അവയ്ക്കു മെംബർ ലെൻഡിങ് ഇൻസ്റ്റിറ്റ്യൂഷൻ എന്നാണ് പറയുക. എല്ലാ ബാങ്കുകളും ഈ പദ്ധതിയിൽ അംഗങ്ങൾ ആണ്. അതുകൊണ്ട് ബാങ്ക് വായ്പകൾക്ക് (സ്വകാര്യ ബാങ്കുകളടക്കം) ഈ പദ്ധതി അനുസരിച്ച് 5 കോടി രൂപ വരെയുള്ള വായ്പയ്ക്ക് ഈട് നൽകേണ്ട ആവശ്യമില്ല. അംഗങ്ങളായ എൻബിഎഫ്സികളും ഈടില്ലാത്ത വായ്പ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് കൊടുക്കാൻ ബാധ്യസ്ഥരാണ്. ഇത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റും മറ്റു വിവരങ്ങളും www.cgtmse.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .
(ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ)
TAGS:
Micro LoansBank LoanBusiness
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]