അതിർത്തി തർക്കങ്ങൾ തൽക്കാലം മാറ്റിവച്ച്, വ്യാപാരരംഗത്ത് കൈകോർത്ത് മുന്നോട്ടുപോകാൻ ഇന്ത്യയും ചൈനയും. ചൈന ശത്രുവല്ലെന്നും വ്യാപാര പങ്കാളിയാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതേവാക്കുകൾ ആവർത്തിച്ച ഷി ജിൻപിങ്, ഇന്ത്യ വികസനരംഗത്ത് ചൈനയുടെ പങ്കാളിയാണെന്നും പറഞ്ഞു.
വ്യാപാര, നയതന്ത്ര ബന്ധങ്ങൾ വീണ്ടും സജീവമാക്കാൻ ഇരു നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. 7 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മോദിയുടെ ചൈന സന്ദർശനം.
ചൈനയിലെ ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാനാണ് മോദി എത്തിയത്. റഷ്യൻ പ്രസിഡന്റ് പുട്ടിനും പാക്കിസ്ഥാൻ, ഇറാൻ എന്നിവയ്ക്കു പുറമെ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കളും സന്നിഹിതരായിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവയ്ക്കുമേൽ കടുത്ത നിലപാട് എടുക്കുന്നതിനിടെയാണ്, എസ്സിഒ ഉച്ചകോടി നടന്നതെന്നത് ശ്രദ്ധേയം.
മോദി-ഷി, പുട്ടിൻ-മോദി, ഷി-പുട്ടിൻ കൂടിക്കാഴ്ചകൾക്കും ഉച്ചകോടി വേദിയാകുന്നുവെന്നതും ഈ രാജ്യങ്ങളെല്ലാം വീണ്ടും പരസ്പരസഹകരണം ശക്തമാക്കുന്നതും അമേരിക്കയ്ക്കും ട്രംപിനും കടുത്ത ക്ഷീണമായിട്ടുണ്ട്.
ട്രംപിന്റെ നയങ്ങളാണ്, അമേരിക്കയുടെ എക്കാലത്തെയും വലിയ ‘സുഹൃത്ത്’ ആയിരുന്ന ഇന്ത്യയെ ചൊടിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യൻ എണ്ണയല്ല, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം താനാണ് അവസാനിപ്പിച്ചതെന്ന ട്രംപിന്റെ അവകാശവാദം അംഗീകരിക്കാൻ മോദി തയാറാകാതിരുന്നതും ട്രംപിന്റെ നോബേൽ മോഹത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതുമാണ് ഇന്ത്യയ്ക്കുമേൽ 50% തീരുവ ചുമത്താൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
യുക്രെയ്നിലേക്ക് യൂറോപ്പിന്റെ പട
യുക്രെയ്ന്റെ സുരക്ഷ ഉറപ്പാക്കാനായി യൂറോപ്പിന്റെ സംയുക്ത സേന അമേരിക്കയുടെ പിന്തുണയോടെ യുക്രെയ്നിലെത്തും.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനാണ് ഇക്കാര്യം പറഞ്ഞത്. വൈകാതെ പാരീസിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
തൽക്കാലം, റഷ്യയ്ക്കെതിരായ യുദ്ധമല്ല ലക്ഷ്യം.
റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ഉണ്ടാവുകയും തുടർന്ന് മറ്റൊരു ആക്രമണത്തിൽനിന്ന് യുക്രെയ്നെ സംരക്ഷിക്കുകയുമാണ് യൂറോപ്യൻ പടയുടെ ലക്ഷ്യം. യുദ്ധാനന്തര യുക്രെയ്ന്റെ പുനരുജ്ജീവനത്തിന് പിന്തുണയും നൽകും.
എന്നാൽ, അമേരിക്കയുടെ പിന്തുണയോടെയുള്ള യൂറോപ്യൻ പടയുടെ യുക്രെയ്നിലെ സാന്നിധ്യത്തെ പുട്ടിൻ അംഗീകരിക്കാനുള്ള സാധ്യത വിരളം.
അതേസമയം, മോദിയും പുട്ടിനും തമ്മിലെ കൂടിക്കാഴ്ച ഇന്നു നടക്കുമെന്നതും ലോക ശ്രദ്ധനേടും. ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച.
യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ മോദിയുടെ ഇടപെടലുകൾക്കാവുമോയെന്നും ലോകം ഉറ്റുനോക്കുന്നു.
തിരിച്ചുകയറാൻ ഇന്ത്യൻ വിപണി
ട്രംപ് ഇന്ത്യയ്ക്കെതിരെ തൊടുത്തുവിട്ട 50% താരിഫ് ഷോക്കിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ നേരിട്ടത് കനത്ത നഷ്ടമായിരുന്നു.
സെൻസെക്സ് 1,497 പോയിന്റും (-1.84%) നിഫ്റ്റി 443 പോയിന്റുമാണ് (-1.78%) താഴേക്കുപോയത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് 100 സൂചികകൾ നേരിട്ട
നഷ്ടം 3-3.9 ശതമാനവും. എഫ്എംസിജി ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം കനത്ത നഷ്ടം രുചിച്ചു; വിപണിമൂല്യത്തിലും വൻ വീഴ്ചയുണ്ടായി.
എന്നാൽ, ഈയാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുകയറുമെന്നാണ് സൂചനകൾ.
കാരണങ്ങൾ നോക്കാം:
1)
.
2) സെപ്റ്റംബർ 3-4 തീയതികളിലാണ് ഏവരും കാത്തിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞ ‘‘ദീപാവലി സമ്മാന’’ പ്രഖ്യാപനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കാനുള്ള നീക്കം ഉപഭോക്താക്കൾക്കും വിപണിക്കും വൻ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
3) യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പ്രഖ്യാപിച്ച തീരുവകൾ മിക്കതും നിയമവിരുദ്ധവും ഇല്ലാത്ത അധികാരപ്രയോഗവുമാണെന്ന് യുഎസിലെ അപ്പീൽ കോടതി വിധിച്ചിരുന്നു. താരിഫുകൾ തൽക്കാലം നിലനിർത്തിയ കോടതി, അപ്പീൽ നൽകാൻ സമയവും അനുവദിച്ചിട്ടുണ്ട്.
സുപ്രീം കോടതിയും ട്രംപിനെതിരെ വിധിപറഞ്ഞാൽ അമേരിക്കയ്ക്ക് അത് കനത്ത ഷോക്കാകും; ഇന്ത്യയ്ക്ക് വൻ നേട്ടവും. കാരണം, താരിഫ് നിരക്ക് 15 ശതമാനത്തിലേക്കു താഴാം.
4) യുഎസിന്റെ തൊഴിൽക്കണക്ക്: യുഎസിന്റെ കഴിഞ്ഞമാസത്തെ തൊഴിലില്ലായ്മക്കണക്ക് ഈയാഴ്ച പുറത്തുവരും.
യുഎസിൽ പലിശനയത്തെ ഉൾപ്പെടെ സ്വാധീനിക്കാവുന്ന കണക്കാണിത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 60 പോയിന്റിലധികം ഉയർന്നത്, സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തിലേക്ക് തിരിച്ചുവരുമെന്ന സൂചന നൽകുന്നു. എൻവിഡിയ ചൈനയിൽനിന്ന് നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ യുഎസ് ഓഹരി വിപണി പൊതുവേ നഷ്ടത്തിലായിരുന്നു.
ട്രംപിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിലും ഏഷ്യൻ ഓഹരി വിപണികളും പൊതുവേ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ചൈന-ഹോങ്കോങ് വിപണികൾ 2% വരെ ഉയർന്നപ്പോൾ ജാപ്പനീസ് നിക്കേയ് 2% ഇടിഞ്ഞു.
ചൈനയിൽ ഓഗസ്റ്റിലെ ഫാക്ടറി പ്രവർത്തന വളർച്ചാസൂചിക 5 മാസത്തെ ഉയരത്തിലെത്തിയതും നേട്ടമായി.
∙ ഇന്നുമുതൽ പുറത്തുവരുന്ന ഓഗസ്റ്റിലെ വാഹന വിൽപനക്കണക്കുകളും ഇന്ത്യൻ ഓഹരികൾക്ക് നിർണായകമാണ്.
∙ കഴിഞ്ഞമാസത്തെ ജിഎസ്ടി വരുമാനക്കണക്കും ഇന്നറിയാം.
രൂപയുടെ പ്രകടനം നിർണായകം
ട്രംപിന്റെ താരിഫ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റുപ്പി കഴിഞ്ഞയാഴ്ച ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 88ലേക്ക് ഇടിഞ്ഞിരുന്നു. 88.19 എന്ന സർവകാല താഴ്ചയിലാണ് മൂല്യമുള്ളത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും രൂപയ്ക്ക് സമ്മർദമാണ്. ഓഗസ്റ്റിൽ മാത്രം അവർ 46,903 കോടി രൂപ തിരിച്ചെടുത്തു.
ജൂലൈയിൽ പിൻവലിച്ചത് 47,667 കോടി രൂപയായിരുന്നു. 2025ൽ ഇതുവരെയുള്ള മൊത്തം വിദേശ നിക്ഷേപ നഷ്ടം 2.16 ലക്ഷം കോടി രൂപയാണ്.
∙ ക്രൂഡ് ഓയിൽ വില നഷ്ടത്തിലാണുള്ളത്.
ബ്രെന്റ് വില ബാരലിന് 0.39% താഴ്ന്ന് 67.22 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് വില 0.37% കുറഞ്ഞ് 63.77 ഡോളറിലും വ്യാപാരം ചെയ്യുന്നു.
∙ സ്വർണവില കുതിപ്പ് തുടരുകയാണ്. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് ഔൺസിന് 26 ഡോളർ കുതിച്ച് 3,475 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കുതിക്കാനും റെക്കോർഡ് തിരുത്താനുമാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]