വർക്കല∙ വെട്ടൂർ പഞ്ചായത്തിനും വർക്കല നഗരസഭ അതിർത്തി ഭാഗത്തെ ചിലക്കൂർ പള്ളിക്കു താഴ്ഭാഗം പാപനാശം കുന്നുകൾ അവസാനിക്കുന്ന പ്രദേശത്തു കടൽ പുറമ്പോക്ക് അനധികൃതമായി കയ്യേറി കുന്നുകൾ ഇടിച്ചു നിരത്തി റോഡു വെട്ടിയതായി പരാതി. കാടുമൂടിയ സ്ഥലം വൃത്തിയാക്കാനെന്ന പേരിൽ എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഏകദേശം 5 മീറ്റർ വീതിയിൽ 500 ഓളം മീറ്റർ ദൂരത്തിൽ വഴി നിർമിച്ചത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ദിവസങ്ങളായി നടന്ന നിർമാണ പ്രവർത്തനങ്ങൾ ആരുടെയും ശ്രദ്ധയിൽപെട്ടില്ല.
ഒട്ടേറെ മരങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്.
നഗരസഭയിലെ ബിജെപി കൗൺസിലർ ആർ.അനിൽകുമാറിന്റെ പരാതിയിൽ റവന്യു അധികാരികൾ സ്ഥലത്ത് പരിശോധന നടത്തി. ഇതുസംബന്ധിച്ചു കലക്ടർക്കു റിപ്പോർട്ട് നൽകുമെന്നും തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് വർക്കല തഹസിൽദാർ അറിയിച്ചത്. സ്വകാര്യ താൽപര്യങ്ങളുമായി ചിലർ പ്രദേശത്ത് നടത്തുന്ന അനധികൃത നിർമാണ പ്രവൃത്തികൾക്കെതിരെ കർശന നടപടി എടുത്തില്ലെങ്കിൽ സമരപരിപാടി ആവിഷ്കരിക്കുമെന്നു ആർ.അനിൽകുമാറും, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജോബിനും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]