
കോട്ടയം∙ പുന്നമടക്കായലിൽ ആവേശത്തീ കോരിയെറിയാൻ ഇത്തവണ ജില്ലയിൽനിന്ന് മത്സരിക്കുന്നത് 4 ചുണ്ടൻവള്ളങ്ങൾ. നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിന്റെ ക്ഷീണം തീർക്കാൻ ചുണ്ടൻ വള്ളങ്ങൾ ഇന്ന് വിശ്രമത്തിലാണ്.
വള്ളംകളി ദിവസമായ നാളെ പുലർച്ചെ ശക്തി സംഭരിച്ചു പുന്നമടയിലേക്ക്. ആയിരക്കണക്കിന് ആരാധകരും ഏറെ പ്രശസ്തിയുമുള്ള ക്ലബ് മുതൽ പുതിയതായി രൂപം കൊണ്ട
ക്ലബ് വരെ ഇത്തവണ കോട്ടയത്തുനിന്ന് പുന്നമടയിൽ മാറ്റുരയ്ക്കുന്നു. ചങ്ങനാശേരി ബോട്ട്ക്ലബിന്റെ ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റൻ ടോണി അച്ചായൻസ് ഗോൾഡ്, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ഉടമ ജിഫി ഫെലിക്സ് നടുവിലേപ്പറമ്പിൽ, വെള്ളൂർ ബോട്ട് ക്ലബ് ക്യാപ്റ്റൻ പി.വി.രാജു എന്നിവർ ജലോത്സവ ആവേശം പങ്കുവയ്ക്കുന്നു.
ടോണി അച്ചായൻസ് ഗോൾഡ് (പായിപ്പാടൻ ചുണ്ടൻ– കുമരകം ടൗൺ ബോട്ട്ക്ലബ്) ∙ ഇത്തവണ നെഹ്റുട്രോഫി ജില്ലയിലേക്ക് എത്തുമോ ?
താഴത്തങ്ങാടി വള്ളംകളിയിലൂടെയാണ് ഞാൻ വള്ളംകളിയുമായി അടുക്കുന്നത്.
അന്നുണ്ടായ അനുഭവങ്ങളും അതിൽ എനിക്കും കോട്ടയം, കുമരകത്തുകാർക്കുമുണ്ടായ വിഷമവുമാണ് ഇത്തവണത്തെ കരുത്ത്. നെഹ്റു ട്രോഫി നേടുമെന്ന് അന്ന് ഉറപ്പിച്ചതാണ്.
15 വർഷമായി കുമരകത്തേക്ക് ട്രോഫി എത്തിയിട്ട്. ഈ നാടിന്റെ വികാരമാണ് വള്ളംകളി.
ഇത്തവണ നേടും.
∙ ഒരുക്കം എങ്ങനെ?
28 ദിവസം ഒരുക്കം നടത്തി. പുന്നമടയിൽ പോയി പരിശീലിച്ചു മികവ് അടിസ്ഥാനപ്പെടുത്തി മാത്രമാണു തുഴച്ചിലുകാരെ തിരഞ്ഞെടുത്തത്.
ജയിച്ചേ തിരിച്ചുവരൂ എന്നതാണ് ലക്ഷ്യം. നാളെ അതു സത്യമാകുമെന്നാണ് ഉറച്ച പ്രതീക്ഷ.
∙ വള്ളംകളി ആവേശം സജീവമാണോ?
നാട്ടുകാർ ഒറ്റക്കെട്ടായി ആവേശത്തിലാണ്. വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുകയെക്കാൾ ചെലവിനത്തിൽ വന്നിട്ടും എല്ലാവരും പങ്കെടുക്കുന്നത് അതുകൊണ്ടാണ്.
സണ്ണി തോമസ് ഇടിമണ്ണിക്കൽ (ചമ്പക്കുളം ചുണ്ടൻ– ചങ്ങനാശേരി ബോട്ട് ക്ലബ്) ∙ ചങ്ങനാശേരിക്കായി ഒരു ബോട്ട് ക്ലബ് ?
കുട്ടനാട്ടിലേക്കുള്ള ഗേറ്റ്വേയാണ് ചങ്ങനാശേരി.
കുട്ടനാട്ടിൽനിന്നു കുടിയേറിയ വലിയ ജനസമൂഹം ചങ്ങനാശേരിയിലുണ്ട്. ഇവരുടെ മനസ്സിൽ ഇന്നും വള്ളംകളിയുടെ താളമുണ്ട്.
ചങ്ങനാശേരി ബോട്ട് ക്ലബ് ആരംഭിച്ചപ്പോൾ സാധാരണക്കാർ മുതൽ വിദേശത്തുള്ള ചങ്ങനാശേരിക്കാർ വരെ പിന്തുണയുമായി എത്തി.
∙ ക്യാപ്റ്റനും ടീമും
ക്ലബ്ബിന്റെ ക്യാപ്റ്റനായി രണ്ടാം ഉൗഴമാണിത്. ഊർജസ്വലരായ ചെറുപ്പക്കാർ അടങ്ങിയ മികച്ച ടീമാണിത്.
ഒരു മാസം നീണ്ട പരിശീലനവുമായാണ് ഇറങ്ങുന്നത്.
വള്ളംകളിയിൽ എന്റെ 5ാമത്തെ ക്യാപ്റ്റൻ സ്ഥാനമാണിത്.
∙ ക്ലബ്ബിന്റെ ഭാവി പദ്ധതികൾ?
വള്ളംകളിയെ ആഘോഷമായി മാത്രം കണ്ടല്ല ചങ്ങനാശേരി ബോട്ട് ക്ലബ് ഇറങ്ങുന്നത്. ‘കായികമാണ് ലഹരി’ എന്ന സന്ദേശം യുവതലമുറയ്ക്ക് നൽകാനാണ് ശ്രമം.
കഴിഞ്ഞ വർഷം ചെലവ് കഴിഞ്ഞുള്ള തുക കാൻസർ രോഗികൾക്കായി കൈമാറി. ഇത്തവണ ഭവനരഹിതർക്ക് വീടു നൽകും.
സാധാരണക്കാരുടെ കുട്ടികൾക്കും കളിക്കാൻ പറ്റുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ടർഫ് ചങ്ങനാശേരിയിൽ ആരംഭിക്കാനും ചങ്ങനാശേരി ജലോത്സവം പുനരാരംഭിക്കാനും ആലോചനയുണ്ട്.
ജിഫി ഫെലിക്സ് നടുവിലേപ്പറമ്പിൽ (നടുവിലേപ്പറമ്പൻ ചുണ്ടൻ – കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്) ∙ ചുണ്ടൻ വള്ളം സ്വന്തമാക്കണമെന്ന മോഹം ഉണ്ടാകാൻ കാരണം?
കളിവള്ളങ്ങൾ വാടകയ്ക്കെടുത്താണു മത്സരത്തിൽ പങ്കെടുത്തിരുന്നത്. അപ്പോഴാണു ചുണ്ടൻ വള്ളം സ്വന്തമായി വാങ്ങണമെന്നു തോന്നിയത്. കുമരകം സ്വദേശി സ്വന്തമായി പണിത ഇല്ലിക്കളം ചുണ്ടൻ 2020ൽ വിലയ്ക്കു വാങ്ങി.
ചുണ്ടന് ഉലച്ചിൽ തട്ടാതെ ഇറക്കാനും കയറ്റാനും സംവിധാനമുള്ള വള്ളപ്പുരയാണ് ഇവിടെയുള്ളത്.
∙ കഴിഞ്ഞ വർഷങ്ങളിൽ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?
ചുണ്ടൻ വിലയ്ക്കു വാങ്ങിയ ശേഷം അറ്റകുറ്റപ്പണിക്കു സമയം വേണ്ടിവന്നു. അമരത്തിന്റെ പൊക്കം കുറച്ചു പുതുക്കിപ്പണിതാണ് ഇറക്കിയത്. ചുണ്ടൻ വാങ്ങിക്കഴിഞ്ഞു മറ്റു വള്ളംകളികളിൽ പങ്കെടുത്തിരുന്നു.
∙ വിജയപ്രതീക്ഷ എങ്ങനെ?
ഇമ്മാനുവൽ ബോട്ട് ക്ലബ് രൂപീകരിച്ചു മികച്ച തുഴച്ചിൽക്കാരെ അണിനിരത്തിയുള്ള പരിശീലനമാണ് നടത്തിയത്.
ഒന്നാം അമരക്കാരനായി ഞാനും വള്ളത്തിലുണ്ട്. ഈ വർഷം കന്നിയങ്കത്തിന് ഇറങ്ങുന്ന നടുവിലേപ്പറമ്പൻ ചുണ്ടൻ ട്രോഫി നേടുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് എല്ലാവരും.
പി.വി.രാജു (ആലപ്പാടൻ ചുണ്ടൻ– വെള്ളൂർ ബോട്ട് ക്ലബ്) ∙ പുന്നമടയിൽ കന്നിയങ്കമാണല്ലേ?
വിവിധ ചുണ്ടൻ വള്ളങ്ങളിൽ തുഴഞ്ഞും താളക്കാരനായും പുന്നമടക്കായലിൽ നെഹ്റു ട്രോഫിക്കു വേണ്ടി മത്സരിച്ചിട്ടുണ്ട്.
വെള്ളൂർ ബോട്ട്ക്ലബിനു വേണ്ടി ആലപ്പാടൻ പുത്തൻചുണ്ടനുമായി താളക്കാരനായാണ് ഇത്തവണ പുന്നമടക്കായലിൽ എത്തുന്നത്. പുന്നമടയിൽ ഗ്രാമത്തിന്റെ അഭിമാനം ഉയർത്തുകയാണ് ലക്ഷ്യം.
∙ ട്രോഫി നേടുമോ?
പിറവം വള്ളംകളി ഉൾപ്പെടെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള കന്നിയങ്കമാണ്.
തുഴച്ചിലുകാരിൽ പകുതിപ്പേരും പരിചയസമ്പന്നരാണ്. ട്രോഫി നേടും.
∙ പഴമയുടെ വീര്യം തിരികെപ്പിടിക്കുമോ?
പേരെടുത്ത വള്ളംകളി നടന്നിരുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വെള്ളൂർ. 1980ലെ അപകടത്തോടെയാണ് അതു നിലച്ചത്.
വെള്ളൂരുകാർക്ക് വള്ളംകളിയെന്നു പറഞ്ഞാൽ അതൊരു ലഹരിയാണ്. ആ ലഹരിയാണ് ലാഭനഷ്ടം നോക്കാതെ വള്ളംകളിയിലേക്കു വീണ്ടും ഇറങ്ങിത്തിരിക്കാൻ കാരണം.
ഇരുട്ടുകുത്തി വിഭാഗത്തിൽപ്പെട്ട സെന്റ് ആന്റണി വള്ളവും ഇക്കുറി വെള്ളൂരിൽനിന്നു പുന്നമട
കായലിൽ തുഴയും. എങ്കിലും പ്രഥമപരിഗണന ചുണ്ടൻ വള്ളത്തിനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]