
കൊച്ചി∙ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴേക്കു പോയതായി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.സിരിജഗൻ. ഇപ്പോഴത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് കുട്ടികളെ വേണ്ട
രീതിയിൽ പ്രാപ്തരാക്കിയെടുക്കാൻ കഴിയുന്നില്ല. അടിസ്ഥാന വിവരം പോലും കുട്ടികൾക്ക് ഇല്ലാത്തത് വിദ്യാഭ്യാസത്തിന്റെ ന്യൂനതയാണ്.
രാഷ്ട്രീയക്കാർ വിദ്യാഭ്യാസ രംഗത്തെ ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് 57 മുൻ കോളജ് പ്രിൻസിപ്പൽമാർ ചേർന്നു തയാറാക്കിയ പുസ്തകം ‘ബുക്ക് ഓഫ് മെമ്മയേഴ്സ്’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിന്റെ കോളജ് ചരിത്രം വിശദമാക്കുന്ന പുസ്തകം എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഏറ്റുവാങ്ങി.
കേരളത്തിലെ സ്വകാര്യ, എയ്ഡഡ്, സർക്കാർ കോളജുകളിലെ മുൻ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് റിട്ടയേഡ് കോളജ് പ്രിൻസിപ്പൽസ് ആണ് 200 പേജുള്ള പുസ്തകം തയാറാക്കിയിട്ടുള്ളത്.
കോട്ടയം ബസേലിയസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.ഡോ.ഇ. ജോൺ മാത്യുവാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റർ.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുഖ്യപ്രഭാഷണം നടത്തിയ ഡോ.സിറിയക് തോമസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച പരീക്ഷകളിൽ ഒന്നായി പത്താംക്ലാസ് പരീക്ഷയെ കണക്കാക്കിയിരുന്ന കാലം ഉണ്ടായിരുന്നെന്നും ഇന്ന് എല്ലാവർക്കും 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിക്കുമ്പോൾ അതിന്റെ വില ഇടിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിൽ പ്രസിഡന്റ് ഡോ.കെ.പി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഡോ.പി.സി.അനിയൻകുഞ്ഞ്, പ്രഫ.ഡോ.ഇ.ജോൺ മാത്യു, ഓർഗനൈസിങ് കമ്മിറ്റി കൺവീനറും സെന്റ്.തെരേസാസ് കോളജ് സീനിയർ അഡ്മിനിസ്ട്രേറ്ററുമായ സജിമോൾ അഗസ്റ്റിൻ, കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡോ.പി.കെ.മോഹൻ രാജ് എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന അക്കാദമിക് സെഷനുകളിൽ ഡോ.ജി.എസ്. ഗിരീഷ് കുമാർ, ഡോ.എം.ഉസ്മാൻ, പ്രഫ.കോശി നൈനാൻ, അഡ്വ.
എം.എസ്.രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]