
മൂവാറ്റുപുഴ ∙ വാടകയ്ക്ക് എടുത്ത കെഎസ്ആർടിസി ബസിൽ അപകടയാത്ര നടത്തി എൻജിനീയറിങ് വിദ്യാർഥികളുടെ ഓണാഘോഷം. കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെ ആയിരുന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പൊതുവഴിയിൽ ഘോഷയാത്ര സംഘടിപ്പിച്ചത്.
ബസിന് മുന്നിലും പിന്നിലുമായി കാറുകളും പോത്തും ഒക്കെ ഉണ്ടായിരുന്നു. ഇലാഹിയ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടകരമായ ഓണാഘോഷം സംഘടിപ്പിച്ചത്. കോളജ് സ്ഥിതി ചെയ്യുന്ന മുളവൂരിലേക്ക് അമ്പലംപടിയിൽ നിന്നാണ് ഓണം ഘോഷയാത്ര സംഘടിപ്പിച്ചത്.
കെഎസ്ആർടിസി മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് വാടകയ്ക്ക് എടുത്ത ബസ് ആണ് ഘോഷയാത്രയ്ക്ക് ഉപയോഗിച്ചത്. ബസിനു മുന്നിൽ കറുത്ത ബാനർ സ്ഥാപിച്ച് കേരളീയ വേഷം ധരിച്ചായിരുന്നു പെൺകുട്ടികളും ആൺകുട്ടികളും ഘോഷയാത്രയിൽ പങ്കെടുത്തത്.
ഇടയ്ക്ക് ബസ് നിർത്തി പെൺകുട്ടികൾ ഉൾപ്പെടെ പുറത്തിറങ്ങി നൃത്തം ചെയ്തും ആർപ്പുവിളികൾ ഉയർത്തിയുമൊക്കെയായിരുന്നു ഘോഷയാത്ര കോളജിനു മുന്നിൽ എത്തിയത്. ബസ് കോളജിലേക്കു പ്രവേശിപ്പിക്കാൻ കോളജ് അധികൃതർ അനുമതി നൽകിയില്ല.
ഘോഷയാത്രയ്ക്കിടെ അപകടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഗതാഗതക്കുരുക്ക് സൃഷ്ടിച്ച യാത്രയ്ക്കിടെ ഓട്ടോറിക്ഷയുമായി എത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ വിദ്യാർഥികൾ കൈകാര്യം ചെയ്തു എന്ന് പരാതി ഉയർന്നിരുന്നു.
ഇതേ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ സംഘടിച്ച് കോളജിനു മുന്നിൽ എത്തിയതോടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കെഎസ്ആർടിസി ബസ് ഘോഷയാത്രയ്ക്ക് ഉപയോഗിച്ചപ്പോൾ ഗതാഗത നിയമ ലംഘനം നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്.
വാതിൽ അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ ബസ് മുന്നോട്ടെടുക്കാവൂ എന്നാണ് നിയമം. യാത്രക്കാർ കൈയും തലയും പുറത്തിടുന്നതിനും വിലക്കുണ്ട്.
എന്നാൽ ഇവിടെ യാത്രയിലുടനീളം ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടു എന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]