
സീതത്തോട് ∙ കണ്ണുകളുടെ കാഴ്ച മങ്ങിയിട്ട് നാളുകൾ ഏറെയായി. തൊട്ടുമുന്നിൽ നിൽക്കുന്നവരെ പോലും കാണാനാകില്ല.
എങ്കിലും കാട്ടിലെ ഓരോ വഴികളും അകകണ്ണിന്റെ വെളിച്ചത്തിൽ രാജമ്മയ്ക്കു (80) ഇന്നും തെറ്റാറില്ല. പ്രായം ഇത്രത്തോളം പിന്നിട്ടിട്ടും സ്വയം അധ്വാനിച്ച് കഴിയുന്ന ആദിവാസി ദമ്പതികളുടെ വേറിട്ട
ജീവിതം നൽകുന്ന പാഠം കണ്ടു പഠിക്കേണ്ട കാഴ്ചകൾ തന്നെ.
ഗൂഡ്രിക്കൽ റേഞ്ചിലെ വനമേഖലയിലായിരുന്നു കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും വർഷങ്ങളായി കഴിഞ്ഞിരുന്നത്. താവളങ്ങൾ പലതും മാറി മാറി അവസാനം പഞ്ചാരമണ്ണ് കൊടുംവനത്തിനുള്ളിലായിരുന്നു താമസം.
ഇരുവർക്കും പ്രായം ഏറിയെങ്കിലും പരസഹായം ഇല്ലാതെ ജീവിക്കുന്നതിനോടായിരുന്നു ഈ വൃദ്ധദമ്പതികൾക്കു ഇന്നും താൽപര്യം.
കാഴ്ച കുറഞ്ഞതോടെ ആശുപത്രിയിൽ ചികിത്സ തേടി ഓപ്പറേഷനും നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ലെന്നു രാജമ്മ പറയുന്നു. ഇതോടെ വനപാലകരുടെ കൂടി നിർദേശാനുസരണം ഉൾവനത്തിൽ നിന്നും ജനവാസമേഖലയോടു ചേർന്ന പ്രദേശമായ മൂഴിയാർ ലുക്ക് ഔട്ടിനു സമീപത്തേക്കു താമസം മാറ്റി.
കാഴ്ച പരിമിതി കാരണം ഉൾവനത്തിലേക്കു വനവിഭവങ്ങൾ തേടിയുള്ള നടത്തം അസാധ്യമായി. വന്യമൃഗങ്ങളെ പറ്റി ആശങ്കയൊന്നും ഇല്ലെങ്കിലും സ്വന്തമായി അധ്വാനിച്ച് ജീവിക്കാനാണ് ഇരുവർക്കും താൽപര്യം.
കാട്ടിൽ നിന്നും വിറക് ശേഖരിച്ച് കിട്ടുന്ന വരുമാനത്തിലാണു ഇരുവരും ഇന്ന് കഴിയുന്നത്.
റോഡിനോടു ചേർന്ന കാട്ടിൽ നിന്നും ഒടിഞ്ഞ് വീണ് കിടക്കുന്ന വിറകുകൾ ശേഖരിച്ച് കൊടുത്താണ് ഉപജീവനം കഴിയുന്നത്. കാട്ടിലെ ജീവിതത്തിൽ ഇരുവരും പൂർണ തൃപ്തരാണ്.വിറക് തേടി പോകുമ്പോൾ പലപ്പോഴും റോഡ് വക്കിൽ രാജമ്മയെ തനിച്ചിരുത്തിയ ശേഷമാണ് കൃഷ്ണൻകാണി കാടു കയറാറ്.തിരികെ വരും വരെ നിർഭയയായി ഏതെങ്കിലും മരത്തിന്റെയോ കാട്ടു ചെടിയുടെയോ ചുവട്ടിലുണ്ടാവും.
കാഴ്ചയില്ലെങ്കിലും കാടിനെ പൂർണവിശ്വാസമാണ്.
ഈ പ്രായത്തിൽ എത്തിയിട്ടും ജീവനു ഭീഷണിയായി ഒരു അനർഥങ്ങളും സംഭവിച്ചിട്ടില്ലെന്നു ഇവർ പറയുന്നു. വന്യമൃഗങ്ങൾ കൺമുന്നിലൂടെ പോയാലും ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല.
കാട് അവരുടെയല്ലേ. നമ്മൾ അവരുടെ ഇടയിൽ കഴിയുന്നെന്നു മാത്രമെന്ന് ഓമന.
കഴിയാവുന്നിടത്തോളം കാലം ഇനിയും അധ്വാനിച്ചു തന്നെ ജീവിക്കാനാണ് ഇരുവരുടെയും തീരുമാനം.പിന്തുണയുമായി വനപാലകരും ഒപ്പം മൂഴിയാർ മേഖലയിലെ വൈദ്യുതി ബോർഡ് ജീവനക്കാരും കൂടെയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]