
പാലക്കാട് ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് പാലക്കാട് സ്വദേശിനി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു പരാതി നൽകി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതി ഇപ്പോൾ തനിക്കെതിരെ ദുരുദ്ദേശ്യത്തോടെ ഉപയോഗിക്കുകയാണെന്നു കൃഷ്ണകുമാർ പ്രതികരിച്ചു.
നടപടി ആവശ്യപ്പെട്ടു ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെത്തുടർന്നു പൊലീസ് ലാത്തി വീശി.
നഗരസഭാംഗം എഫ്.ബി.ബഷീറിനു തലയ്ക്കു പരുക്കേറ്റു. വർഷങ്ങൾക്കു മുൻപുണ്ടായ ശാരീരിക, മാനസിക പീഡനങ്ങളെക്കുറിച്ച് ആർഎസ്എസ്, ബിജെപി നേതാക്കൾക്കു പലവട്ടം പരാതി നൽകിയതാണെന്നും നീതി ഉറപ്പാക്കാമെന്നു പലരും മറുപടി പറഞ്ഞെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ, തനിക്ക് അനുകൂലമായ ഇടപെടൽ ഉണ്ടായില്ല.
പാർട്ടിയിലെ സ്ഥാനങ്ങളെ അഴിമതിക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണു കൃഷ്ണകുമാർ.
ഇത്തരത്തിലുള്ളയാളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫിസ് രസീത് നൽകിയിട്ടുണ്ട്. 2014 ലുണ്ടായ സംഭവം ഭാര്യവീട്ടിലെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ടാണെന്നും തനിക്കെതിരായ പരാതികൾ കോടതി തള്ളിക്കളഞ്ഞതാണെന്നും കൃഷ്ണകുമാർ വിശദീകരിച്ചു.
താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇത് ഉയർത്തിക്കൊണ്ടുവരാറുണ്ട്.
പാർട്ടി പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ പരാതികളിലും കംപ്യൂട്ടർ സംവിധാനം വഴി രസീത് നൽകാറുണ്ട്. തനിക്കെതിരെ പാർട്ടിയിൽ ലഭിച്ച പരാതികൾ അന്വേഷിച്ചതാണ്.
എന്നാൽ, പാർട്ടിയിൽ ഇത്തരം വിഷയത്തിൽ ആരോപണത്തിനു നടപടി നേരിട്ടയാൾ ഇപ്പോൾ കോൺഗ്രസിലാണ്. വി.ഡി.സതീശൻ പറഞ്ഞ ബോംബ് ഇതാണെങ്കിൽ നനഞ്ഞ പടക്കമായെന്നും കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹൂൽ മാങ്കൂട്ടത്തിലിനു പിന്നിൽ രണ്ടാമതെത്തിയയാളാണ് സി.കൃഷ്ണകുമാർ. യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷത്തെത്തുടർന്നു പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു.
എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഇതോടെ ലാത്തി വീശി. എഫ്.ബി.ബഷീറിന്റെ തലയ്ക്കടിയേറ്റതോടെ പ്രകോപിതരായ പ്രവർത്തകർ സുൽത്താൻപേട്ട
ജംക്ഷനിലേക്കു പ്രകടനം നടത്തി റോഡ് ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സി.കൃഷ്ണകുമാറിനെതിരെയുള്ള പരാതി നേതൃത്വം പരിശോധിക്കും: എം.ടി.രമേശ്
കോഴിക്കോട് ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെ ലഭിച്ച പരാതി സംസ്ഥാന പ്രസിഡന്റ് പരിശോധിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷനേതാവ് സ്വയം വിഡ്ഢിയാകുന്ന അപഹാസ്യനാടകങ്ങൾ അവസാനിപ്പിക്കണം.
ഓലപ്പാമ്പു കാണിച്ചു പേടിപ്പിക്കാമെന്നു കരുതരുത്. വരുംദിവസങ്ങളിൽ ബിജെപി സമരം ശക്തമാക്കുമെന്നും രമേശ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുന്നതിൽ കോൺഗ്രസിലെ മറ്റു നേതാക്കൾക്കൊന്നുമില്ലാത്ത വിഷമം പ്രതിപക്ഷ നേതാവിനാണ്.
ഇരകളുടെ ഒപ്പമല്ല വി.ഡി.സതീശൻ. അതിന്റെ ബാക്കി പത്രമാണ് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയുള്ള ആരോപണമായി പുറത്തുവന്നത്.
കോടതി വിചാരണ പൂർത്തിയായി തള്ളിക്കളഞ്ഞ സിവിൽ തർക്കം 2015 തിരഞ്ഞെടുപ്പു മുതൽ പാലക്കാട് പ്രതിപക്ഷ പാർട്ടികൾ ചർച്ചയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അത് വലിയൊരു ബോംബാണെന്നു കരുതി സ്വയം പരിഹാസ്യനായതു പ്രതിപക്ഷ നേതാവാണ്.രാഹുൽ എംഎൽഎ സ്ഥാനം എന്തുകൊണ്ടാണ് രാജിവയ്ക്കാത്തതെന്ന് വി.ഡി.സതീശൻ പറയണം. ബിജെപി പ്രക്ഷോഭവുമായി മുന്നോട്ടു പോകും.
പാലക്കാട്ട് എംഎൽഎ ഓഫിസിലേക്കും തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ വീട്ടിലേക്കും മാർച്ച് നടത്തും.
എഫ്.ബി.ബഷീറിന്റെ തലയ്ക്ക് അടിയേറ്റു
പാലക്കാട് ∙ സി.കൃഷ്ണകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലേക്കു നടത്തിയ മാർച്ചിനെതിരായ ലാത്തിച്ചാർജിൽ പാലക്കാട് നഗരസഭാംഗം എഫ്.ബി.ബഷീറിന്റെ തലയ്ക്കടിയേറ്റു. തലയിൽ 4 തുന്നൽ ഇട്ടിട്ടുണ്ട്.
മാർച്ചിനു നേരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
ആരോപണ വിധേയനായ നേതാവിനെതിരെ നടപടിയെടുക്കാൻ ബിജെപി നേതൃത്വം ആർജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷനായി. ഭാരവാഹികളായ പ്രതീഷ് മാധവൻ, പി.ടി.അജ്മൽ, രതീഷ് പുതുശ്ശേരി, ശ്യാം ദേവദാസ്, പി.എസ്.വിബിൻ, കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, പ്രശോഭ് വത്സൻ, സുധാകരൻ പ്ലാക്കാട്ട്, സാജോ ജോൺ, എ.കൃഷ്ണൻ, മൻസൂർ മണലാഞ്ചേരി, മിനി ബാബു, അനുപമ പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
മാർച്ച് സുൽത്താൻപേട്ട സ്കൂളിനു സമീപം പൊലീസ് തടഞ്ഞു.
ഈ സമയം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും തടിച്ചു കൂടിയിരുന്നു.
ഇവിടെയും പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]