
കൊച്ചി∙ കനത്ത യുഎസ് ഇറക്കുമതി തീരുവ താങ്ങാനാവാതെ ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഉൽപന്നങ്ങൾ ഓർഡർ റദ്ദാക്കൽ നേരിട്ടു തുടങ്ങി.
ഓർഡർ അനുസരിച്ചുള്ളവ തൽക്കാലം കപ്പലിൽ കയറ്റേണ്ടെന്നും ആവശ്യമുണ്ട്. മിക്ക ഉൽപന്നങ്ങളും ക്രിസ്മസ് സീസണിലേക്കാണ് ഇനി കയറ്റുമതി ചെയ്യാനുള്ളത്.
നവംബറിൽ തുടങ്ങുന്ന ക്രിസ്മസ് സീസണിലാണ് യുഎസിലേക്കുള്ള കയറ്റുമതിയുടെ പാതിയും.
കയർ, ഭക്ഷ്യോൽപന്നങ്ങൾ, സുഗന്ധസത്ത് എന്നിവയ്ക്കെല്ലാം ക്രിസ്മസ് സീസൺ നഷ്ടമാവുന്ന സ്ഥിതിയാണ്.
ആലപ്പുഴയിലെ കയർ മേഖലയ്ക്ക് വർഷം 1500 കോടിയുടെ കയറ്റുമതി യുഎസിലേക്കുണ്ട്. നിലവിൽ കുറച്ച് ഓർഡറുകൾ റദ്ദായിട്ടുണ്ട്.
കയറ്റി അയച്ചാൽ 45 ദിവസത്തോളം യുഎസിലെത്താൻ വേണമെന്നതിനാൽ അടുത്തമാസം തന്നെ ക്രിസ്മസ് സീസണിലേക്ക് കയറ്റുമതി തുടങ്ങേണ്ടതാണ്.
ശൈത്യകാലത്തേക്കുള്ള ചവിട്ടികളും തടുക്കുകളുമെല്ലാം പാക്ക് ചെയ്ത് റെഡിയായപ്പോഴാണ് തീരുവ ആക്രമണം.
അമേരിക്കൻ വിപണിയിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന ചവിട്ടിക്ക് വില കൂട്ടി പ്രൈസ് ടാഗ് വയ്ക്കണമെന്ന് ഇറക്കുമതിക്കാരിൽ നിന്നു നിർദേശമുണ്ട്.
ഇത് യുഎസ് ഉപയോക്താക്കൾക്ക് ബാധ്യതയാകും.
പ്രകൃതിദത്ത കയറുൽപന്നത്തിനു പകരം ചൈനയിൽ നിന്നുള്ള സിന്തറ്റിക് ഉൽപന്നം വില കുറച്ചു കിട്ടുമെന്നതിനാൽ ഭാവിയിൽ ഓർഡർ റദ്ദാക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്.
ചുരുക്കത്തിൽ കയറിന്റെ യുഎസ് കയറ്റുമതിയിൽ 40% ഇടിവാണു പ്രതീക്ഷിക്കുന്നത്. 600 കോടി നഷ്ടമായേക്കാം.
സുഗന്ധ സത്തിൽ എതിരാളികളില്ല
ഭക്ഷ്യ വിഭവങ്ങളിലും ഓർഡർ റദ്ദാക്കൽ തുടങ്ങിയിട്ടുണ്ടെങ്കിലും രുചിയിൽ മാറ്റം വരുത്തി മറ്റു വിപണികൾ പിടിക്കാവുന്നതാണ്.
യൂറോപ്പിൽ അതിനു ശ്രമിക്കുന്നുമുണ്ട്. അതേസമയം സുഗന്ധ സത്തിന്റെ കയറ്റുമതിയിൽ കേരളത്തിനു കുത്തകയുണ്ട്.
ചൈനയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ പകരം കൊടുക്കാൻ കഴിയില്ല. നിലവിൽ അമേരിക്കയിലെ ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികൾ പറയുന്നത്.
കേരളത്തിൽ നിന്നുള്ള സുഗന്ധ സത്ത് കയറ്റുമതിയുടെ 25 ശതമാനവും അമേരിക്കയിലേക്കാണ്. ഭക്ഷ്യോൽപന്നങ്ങളിലും മരുന്നുകളിലും പേഴ്സനൽ കെയർ പ്രോഡക്ടുകളിലുമാണ് ഇവയുടെ ഉപയോഗം കൂടുതൽ.
ചെമ്മീൻ കയറ്റുമതിക്കാരിൽ പലരും ഇപ്പോൾ കണ്ടെയ്നറുകൾ ഹോൾഡ് ചെയ്തിരിക്കുകയാണ്.
ഒരാഴ്ച നോക്കിയിട്ട് കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് പലരും കരുതുന്നത്. ഇന്ത്യയിൽ നിന്ന് ജൂലൈയിൽ കയറ്റി അയച്ച കപ്പലുകൾ അവിടെ എത്തുന്നതേയുള്ളൂ.
ഓഗസ്റ്റ് 7 നു ശേഷം ട്രാൻസിറ്റിൽ നിന്ന് അമേരിക്കയിലേക്ക് നീങ്ങിയ കപ്പലുകളിലെ ചരക്കിന് 25 ശതമാനവും സെപ്റ്റംബർ 17 നുശേഷം എത്തുന്നവയ്ക്ക് 50 ശതമാനവും നികുതി ബാധകമാണ്. ദുബായ് പോലുള്ള ട്രാൻസിറ്റ് തുറമുഖങ്ങളിൽ ചരക്ക് നീക്കം വൈകിയാലും കയറ്റുമതിക്കാർക്ക് വലിയ നഷ്ടം വരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]