
കോട്ടയം ∙ വിജിലൻസ് പിന്നാലെത്തന്നെയുണ്ടായിരുന്നു. ഒരിക്കൽ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു.
എങ്കിലും ജാഗ്രതയോടെ പിന്തുടർന്നു, പ്രതിയുടെ കീഴടങ്ങൽ പദ്ധതി പൊളിച്ചു. ഒടുവിൽ അറസ്റ്റ് ചെയ്തു.
കോട്ടയം വിജിലൻസ് യൂണിറ്റിന്റേതു പഴുതില്ലാത്ത അന്വേഷണം. ഉന്നതങ്ങളിൽ നിന്നു അറസ്റ്റിനുള്ള അനുമതി വൈകിയതാണ് അറസ്റ്റ് 6 മാസം വൈകിയതെന്നു സൂചന.
കോട്ടയം വെസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷിച്ചത്. പിന്നെയാണ് വിജിലൻസിനു കൈമാറിയത്.
വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നു 2.4 കോടി രൂപ തട്ടിയെടുത്ത മുൻ നഗരസഭ ക്ലാർക്ക് അഖിൽ സി.വർഗീസ് കേരളത്തിൽത്തന്നെ ഒളിവിലെന്നു വ്യക്തമായ സൂചനകളോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കേരള – തമിഴ്നാട് അതിർത്തിയിലായിരുന്നു അന്നു പ്രതി. സ്വദേശമായ കൊല്ലത്ത് ഇടയ്ക്ക് എത്തി മടങ്ങിയെന്നും വീണ്ടും തമിഴ്നാട്ടിലേക്ക് മാറിയേക്കും എന്നുമായിരുന്നു റിപ്പോർട്ട്.
പക്ഷേ, ഉന്നതങ്ങളിൽ നിന്നു ഒരു മറുപടിയും ലഭിച്ചില്ല. വിദേശത്തേക്കു കടക്കാനുള്ള എല്ലാ പഴുതുകളും ആദ്യം തന്നെ വിജിലൻസ് അടച്ചിരുന്നു.
ഭാര്യ സഹായിച്ചില്ല; ഒളിവിൽ പാർത്ത് വലഞ്ഞെന്ന് പ്രതി
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം പ്രതി മിക്കവാറും സമയങ്ങളിൽ കൊല്ലത്ത് തമ്പടിച്ചിരുന്നു.
എന്നാൽ സ്വന്തം വീട്ടിലേക്ക് പോയില്ല. വീട്ടിൽ വരുന്നത് ഭാര്യ വിലക്കിയിരുന്നു.
മാത്രമല്ല, ഒളിവിൽ കഴിയുന്നതിനു സഹായവും നൽകിയില്ല. ഇതോടെ മറ്റു ബന്ധുവീടുകളിലായി താമസം.
കേസിൽ ജാമ്യം കിട്ടിയെന്നും സസ്പെൻഷൻ ഉടൻ പിൻവലിക്കുമെന്നുമായിരുന്നു പ്രതി ബന്ധുക്കളോടു പറഞ്ഞിരുന്നത്.
തട്ടിപ്പ് പുറത്തുവന്ന നാളുകളിൽ അഖിലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് അടുത്ത ബന്ധുവായ കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ എസ്.ശ്യാംകുമാറാണ്. ശ്യാമിനെ അന്നു തന്നെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അഖിലിന് ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തു നൽകിയതും താമസിക്കാൻ സൗകര്യമൊരുക്കിയതും ശ്യാം ആണ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശ്യാമിന്റെ വീട്ടിൽ അഖിൽ പലതവണ ഒളിവിൽ കഴിഞ്ഞു.
പിന്നീട് ശ്യാം ഇതു വിലക്കി. പിന്നീടാണ് മറ്റുബന്ധു വീടുകളിൽ അഭയം തേടിയത്. ഒളിവിൽ താമസിച്ച് മടുത്തെന്നു അടുത്ത സുഹൃത്തുക്കളോടു തുറന്നു പറഞ്ഞിരുന്നു.
ഇതുമൂലമാണ് കീഴടങ്ങാൻ ആലോചന നടത്തിയത്.
ശ്യാമുമായി തെറ്റി; കുരുക്ക് വീണു
അറസ്റ്റ് ചെയ്യുമ്പോൾ അഖിലിന്റെ കൈയ്യിൽ ഉണ്ടായിരുന്നത് 2040 രൂപ മാത്രം. മൊബൈൽ ഫോണോ എടിഎം കാർഡോ പ്രതി ഉപയോഗിച്ചിരുന്നില്ല.
എന്നാൽ താമസ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചതായി കണ്ടെത്തി. വാട്സാപ് കോളുകൾ ചെയ്തിട്ടുണ്ട്.
4 ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചിട്ടുണ്ട്. അറസ്റ്റിന്, വിജിലൻസ് സംഘത്തിനു സഹായമായത് കൊല്ലത്തെ ഷാഡോ പൊലീസ്.
കൊല്ലം കോർപറേഷനിൽ ബിൽ കലക്ഷൻ ജോലിയിലിരിക്കെ അഖിൽ 45 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടിയത് ഷാഡോ പൊലീസാണ്.
കോട്ടയത്തെ തട്ടിപ്പ് അന്വേഷിച്ച വിജിലൻസ് സിഐ ബി. മഹേഷ് പിള്ള മുൻപ് കൊല്ലത്ത് ജോലി നോക്കിയിരുന്നു.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ച മഹേഷ് പലതവണ കൊല്ലത്ത് എത്തി ഷാഡോ പൊലീസിന്റെ സഹായത്തോടെ പിടികൂടാനുള്ള നീക്കം നടത്തിയിരുന്നു.
ഒളിവിൽ കഴിയാൻ എല്ലാ സഹായവും നൽകിയിരുന്ന ബന്ധു ശ്യാം കുമാറുമായി തെറ്റിയതാണ് അഖിലിനെ കുടുക്കാൻ ഏറെ സഹായകമായത്. കൂടുതൽ ചോദ്യം ചെയ്യലിനു ശ്യാമിനെ വിജിലൻസ് വിളിപ്പിച്ചിട്ടുണ്ട്.
യുകെയിലുള്ള ബന്ധുവിലേക്കും അന്വേഷണം
തട്ടിപ്പിനു നാട്ടിൽ നിന്നു കൂടുതൽ സഹായം ലഭിച്ചില്ലെന്നാണ് വിജിലൻസിന്റെ നിഗമനം.
എന്നാൽ യുകെയിലുള്ള ഒരു ബന്ധു സഹായിച്ചിട്ടുണ്ട്. ബന്ധു മറ്റൊരാൾ വഴി അഖിലിന്റെ ഭാര്യയുമായി സംസാരിച്ചു.
അഖിലിനു ഭാര്യയെ കാണണമെന്നും കൂടുതൽ വിവരങ്ങൾ സംസാരിക്കാനുണ്ടെന്നുമായിരുന്നു പറഞ്ഞത്.
എന്നാൽ തട്ടിപ്പ്കാരനായ അയാളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. മാത്രമല്ല, ഈ വിവരം വിജിലൻസിനു കൈമാറുകയും ചെയ്തു.
യുകെയിലുള്ള ബന്ധു അഖിലിനെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യത പലതവണ പലരോടും പങ്കിട്ടതായും വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്.
പണം എവിടെ?
തട്ടിപ്പ് പണം ഉപയോഗിച്ച് 2 ബൈക്കുകളും ഒരു കാറും വാങ്ങി. ഈരാറ്റുപേട്ട
നഗരസഭയിൽ ജോലി നോക്കിയപ്പോൾ എടുത്ത വായ്പ മുഴുവൻ അടച്ചു തീർത്തു. എന്നാൽ ബാക്കി പണമെല്ലാം എവിടെ പോയെന്നാണ് പൊലീസിനെ കുഴയ്ക്കുന്ന പ്രധാന കാര്യം.
ആർക്കെങ്കിലും കടം കൊടുത്തതായോ മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് മാറ്റിയതായോ മൊഴി നൽകിയിട്ടില്ല.
ഒളിവിൽ പോയതിനു ശേഷം സ്ഥലമോ വാഹനങ്ങളോ വാങ്ങുന്നതിനു ശ്രമം നടത്തിയിട്ടില്ല. കൊടൈക്കനാൽ, മൈസൂരു, സേലം, പളനി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു.
ഹോട്ടലുകളിലെ ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാതെ പണം നേരിട്ടു നൽകുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയാണ് അഖിൽ.
ദിവസസവും 3 തവണ ഇൻസുലിൻ കുത്തിവയ്പ് എടുത്തിരുന്നു.
കോട്ടയത്ത് 4 വർഷം തട്ടിപ്പ്
2020 ഫെബ്രുവരി മുതൽ 2024 ഓഗസ്റ്റ് 7 വരെ 4 വർഷമാണ് അഖിൽ കോട്ടയം നഗരസഭയിൽ തട്ടിപ്പ് നടത്തിയത്. ഈ സമയമത്രയും ഇയാൾ എല്ലാ മാസവും പണം തട്ടിപ്പ് നടത്തിയിരുന്നു.
അമ്മയുടെ അക്കൗണ്ടിലേയ്ക്കാണ് പണം മാറ്റിയിരുന്നത്. പിന്നീട് വൈക്കത്തേയ്ക്ക് സ്ഥലം മാറ്റിയ ശേഷവും ഏതാനും മാസം ഇയാൾ കോട്ടയത്ത് എത്തി തട്ടിപ്പ് തുടർന്നു.
നഗരസഭയിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്.
കഴിഞ്ഞ വർഷം പുതുതായി എത്തിയ ജീവനക്കാരിയാണ് തട്ടിപ്പ് കണ്ടെത്തിയത്. സെക്രട്ടറി കൗൺസിൽ യോഗത്തെ അറിയിച്ച ശേഷം പൊലീസിൽ പരാതി നൽകുകയാരുന്നു. തട്ടിപ്പു കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ കോട്ടയം നഗരസഭയിൽ നിന്നു സ്ഥലം മാറിപ്പോയത് 89 ജീവനക്കാരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]