
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’ ഇന്നലെ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് ഏത് ദിശയിലേക്കാകും നീങ്ങുകയെന്ന് കടുത്ത ആശങ്കയിൽ നികേഷേപകർ. ഗണേശ ചതുർഥി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്നലെ അവധിയായിരുന്നു.
താരിഫ് ആഘാതത്തിന്റെ പ്രതിഫലനം ഇന്ന് ഓഹരി വിപണിയിൽ നഷ്ടക്കാറ്റായി ആഞ്ഞടിക്കുമോയെന്നതാണ് ആശങ്ക. മുന്നിൽ ചോരപ്പുഴയോ? ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 100ലേറെ പോയിന്റ് ഇടിഞ്ഞു.
ഇതു നൽകുന്നത് ശുഭസൂചനയല്ല.
ഇന്ത്യൻ ഓഹരികളുടെ ഓരോ ദിവസത്തെയും വ്യാപാരത്തിന്റെ ദിശാസൂചിക കൂടിയാണ് ഗിഫ്റ്റ് നിഫ്റ്റി എന്നിരിക്കേ, സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങാനാണ് സാധ്യത. കഴിഞ്ഞ സെഷനിൽ (ചൊവ്വ) സെൻസെക്സ് 850 പോയിന്റും നിഫ്റ്റി 255 പോയിന്റും ഇടിഞ്ഞിരുന്നു.
അതേസമയം, പരിഭ്രാന്തി വേണ്ടെന്നും ഏവരും ഭയക്കുന്നതുപോലെ ‘ട്രംപ് താരിഫ്’ പ്രതിസന്ധിയാകില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. 2024ൽ യുഎസിലേക്കുള്ള കയറ്റുമതിയിലൂടെ ഇന്ത്യ 8,700 കോടി ഡോളർ വരുമാനം നേടിയിരുന്നു.
ട്രംപ് കടുത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ 2025ലെ വരുമാനം 5,000 കോടിയിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തൽ.
അതായത്, 3 ലക്ഷം കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് ഇന്ത്യൻ കയറ്റുമതി മേഖലയെ കാത്തിരിക്കുന്നത്. ഇതാണ് ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതും.
ടെക്സ്റ്റൈൽസ്, ജെം ആൻഡ് ജ്വല്ലറി, സമുദ്രോൽപന്നം, പാദരക്ഷകൾ, വ്യാവസായിക മെഷീനറികൾ, വാഹനം തുടങ്ങിയ മേഖലകളാണ് കൂടുതൽ തിരിച്ചടി നേരിടുക. ഫാർമ, ഇലക്ട്രോണിക്സ് എന്നിങ്ങനെ ഏതാനും വിഭാഗങ്ങൾക്ക് താരിഫ് ബാധ്യതയില്ല.
എങ്കിലും, ഫാർമയുടെ തീരുവയും കൂട്ടുമെന്ന് ട്രംപിന്റെ മുന്നറിയിപ്പുണ്ട്.
അമേരിക്കൻ വിപണിക്ക് ബദലായി മറ്റ് 50ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇതിനുപുറമേയാണ്, ആഭ്യന്തര വിപണിയിൽ വിൽപന കൂടുതൽ ശക്തിപ്പെടുത്താനുള്ള ജിഎസ്ടി ഇളവിന്റെ നീക്കം.
പുറമെ, കയറ്റുമതി രംഗത്തെ കമ്പനികൾക്ക് കേന്ദ്രം ‘ഉത്തേജക പാക്കേജ്’ പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്; മുട്ടുമടക്കില്ലെന്ന് ഇന്ത്യ
റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യയ്ക്കെതിരെ ട്രംപ് താരിഫ് ആയുധം ചുഴറ്റുന്നതെങ്കിലും ട്രംപിന്റെ യഥാർഥ ലക്ഷ്യം ഇന്ത്യയുടെ ക്ഷീര, കാർഷിക വിപണികളിലേക്ക് അമേരിക്കൻ ഉൽപന്നങ്ങളുടെ വിപണി തുറന്നുകിട്ടുകയാണ്. എത്ര സമ്മർദമുണ്ടായാലും കർഷകരുടെയും ചെറുകിട
സംരംഭകരുടെയും താൽപര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി മോദി പറയുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ സമ്മർദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് ഇതു വ്യക്തമാക്കുന്നു.
അതിനിടെ, റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം ചുമത്താനുള്ള നീക്കവും ഒരുവശത്ത് അമേരിക്ക നടത്തുന്നുണ്ട്.
യുക്രെയ്നുമായുള്ള സമാധാന ചർച്ചകൾക്ക് താൻ മധ്യസ്ഥത വഹിച്ചിട്ടും റഷ്യ വഴങ്ങാത്തതാണ് പ്രകോപനം. റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവയോ മറ്റ് നടപടികളോ പ്രഖ്യാപിക്കാനാണ് സാധ്യത.
അങ്ങനെയെങ്കിൽ ഇന്ത്യയ്ക്കത് കൂടുതൽ തലവേദനയാകും. ഇനിയും വെടിനിർത്തൽ നീക്കമുണ്ടായില്ലെങ്കിൽ ‘സാമ്പത്തിക യുദ്ധ’മാകും നേരിടേണ്ടിവരികയെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.
ഇറാനെതിരെ ‘ഇ3’, കടുപ്പിക്കും ‘ഉപരോധം’
ഇ3 രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇറാനെതിരെ വീണ്ടും ഉപരോധ നീക്കം കടുപ്പിക്കുന്നത് മധ്യേഷ്യയിൽ വീണ്ടും ആശങ്ക വിതയ്ക്കുന്നു.
ഇറാൻ ആണവ പദ്ധതികൾ തുടരുന്നതാണ് ഇവയെ അലോസരപ്പെടുത്തുന്നത്. സമ്മർദങ്ങൾക്ക് ഇറാൻ വഴങ്ങിയില്ലെങ്കിൽ മേഖലയെ അതു വീണ്ടും കലുഷിതമാക്കിയേക്കും.
ഇറാനുമേലുള്ള ഉപരോധം കൂടുന്നത് ക്രൂഡ് ഓയിൽ വിലവർധനയ്ക്കും വഴിവച്ചേക്കും.
വിദേശ സൂചനകൾ നെഗറ്റീവ്
ഇന്ത്യൻ ഓഹരി വിപണികളെ സ്വാധീനിക്കുന്ന വിദേശ സൂചനകളും നെഗറ്റീവാണ്. ലോകത്തെ ഏറ്റവും വമ്പൻ എഐ-ടെക് കമ്പനിയായ എൻവിഡിയ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടിട്ടും ഓഹരിവില ഇടിഞ്ഞു.
46.06 ബില്യൻ ഡോളറാണ് നിരീക്ഷകർ പ്രവചിച്ചത്. കമ്പനി നേടിയത് 46.74 ബില്യൻ ഡോളർ.
വരുമാനം വാർഷികാടിസ്ഥാനത്തിൽ 56% വർധിക്കുകയും ചെയ്തു. എന്നാൽ, ഓഹരിവില 3% വരെ താഴ്ന്നു.
ചൈനയ്ക്കായി കമ്പനി പ്രത്യേകം വികസിപ്പിച്ച എച്ച്20 എഐ ചിപ്പുകൾ ഏറ്റെടുക്കില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞപാദത്തിൽ ഈ ചിപ്പുകൾ ചൈനയിൽ വിൽക്കാനും കമ്പനിക്ക് കഴിഞ്ഞില്ല. ഈപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വരുമാനം കുറഞ്ഞേക്കാമെന്ന് കമ്പനി സൂചിപ്പിച്ചതും ഓഹരികളെ ബാധിച്ചു.
∙ യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സിൽ എസ് ആൻഡ് പി500 സൂചിക 0.3%, നാസ്ഡാക് 0.5%, ഡൗ ജോൺസ് 0.03% എന്നിങ്ങനെ താഴ്ന്നു.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.52%, ദക്ഷിണ കൊറിയയുടെ കോസ്പി 0.43% എന്നിങ്ങനെയും താഴ്ന്നു.
ഹോങ്കോങ് സൂചിക 0.68 ശതമാനവും ചൈനയിൽ ഷാങ്ഹായ് 0.10 ശതമാനവും നഷ്ടത്തിലാണെന്നതും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചേക്കാം.
കേന്ദ്ര ബാങ്ക് ‘പിടിച്ചെടുക്കാൻ’ ട്രംപ്
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽ തന്റെ സ്വാധീനം ശക്തമാക്കാനുള്ള പരിശ്രമത്തിലാണ് ട്രംപ്. ഫെഡിന്റെ പ്രവർത്തന സ്വാതന്ത്ര്യം നഷ്ടമാകുന്നത് ഫെഡിന്റെ തന്നെയും അമേരിക്കയുടെയും വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കുമെന്ന ആശങ്കകളുണ്ടെങ്കിലും ട്രംപ് കുലുങ്ങിയിട്ടില്ല.
വായ്പാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണം നേരിടുന്ന യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലീസ കുക്കിനെ ട്രംപ് പദവിയിൽനിന്ന് പുറത്താക്കിയിരുന്നു.
ആരോപണങ്ങൾക്ക് തെളിവില്ലെന്നും തന്നെ പുറത്താക്കാൻ ട്രംപിന് അധികാരമില്ലെന്നും പറഞ്ഞ കുക്ക്, ട്രംപിനെ കോടതി കയറ്റുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുക്കിന്റെ പകരക്കാരനെ ഉടൻ നിയമിക്കാനുള്ള നീക്കത്തിലാണ് ട്രംപ്.
പുറമെ, പുതിയ ഫെഡറൽ റിസർവ് ചെയർമാനെയും വൈകാതെ പ്രഖ്യാപിച്ചേക്കും.
സ്വർണവില കുതിപ്പിൽ
ട്രംപ്-ഫെഡറൽ റിസർവ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുമായി സ്വർണവില കൂടുകയാണ്. രാജ്യാന്തര വില ഔൺസിന് ഇന്നലെ 3,372 ഡോളർ നിലവാരത്തിലായിരുന്ന വില ഇന്ന് 3,399 ഡോളർ വരെയെത്തി.
ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 3,386 ഡോളറിൽ. കേരളത്തിൽ ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു.
ഇന്നും വില കൂടിയേക്കും. ഇന്നലെ പവൻ വില 75,120 രൂപയായിരുന്നു.
വിദേശ നിക്ഷേപത്തിലും ആശങ്ക
ചൊവ്വാഴ്ച വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) 6,517 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്.
സമീപകാലത്ത് ഒറ്റദിവസം ഇത്രയും നിക്ഷേപം പിൻവലിച്ചത് ആദ്യമാണ്. 2025ൽ മൊത്തം നഷ്ടം ഇതോടെ 1.8 ലക്ഷം കോടി രൂപയ്ക്കടുത്തായി.
വിദേശ നിക്ഷേപകർ പിൻവലിയുന്നത് ഇന്ത്യൻ ഓഹരി വിപണികൾക്ക് വലിയ തിരിച്ചടിയാണ്.
∙ ടെക്സ്റ്റൈൽ ഓഹരികളാണ് ട്രംപിന്റെ താരിഫ് ആശങ്കമൂലം ചൊവ്വാഴ്ച കൂടുതൽ നഷ്ടം നേരിട്ടത്. ഖനനം, വളം തുടങ്ങിയ മേഖലകളും സമ്മർദത്തിലായിരുന്നു.
∙ ഇൻഡിഗോയിലെ (ഇന്റർഗ്ലോബ് ഏവിയേഷൻ) 3.1% ഓഹരികൾ ഓഹരിക്ക് 5,808 രൂപയ്ക്കുവീതം പ്രമോട്ടർമാരായ രാകേഷ് ഗംഗ്വാളും കുടുംബവും വിറ്റഴിച്ചിരുന്നു.
മൊത്തം 7,027 കോടി രൂപയാണ് ബ്ലോക്ക് ഡീലിലൂടെ നേടിയത്. ഇത് ഇന്ന് ഇൻഡിഗോ ഓഹരികളിൽ പ്രതിഫലത്തിന് വഴിയൊരുക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]