
കൊച്ചി ∙ തിരുവനന്തപുരം ഫോർട്ട്
സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെ വിടാൻ
ചൂണ്ടിക്കാട്ടിയത് കേസന്വേഷണത്തിലും തുടർനടപടിക്രമങ്ങളിലും സിബിഐ വരുത്തിയ വീഴ്ചകൾ. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിലെല്ലാം വൈരുധ്യം കാണുന്നുവെന്നും മാപ്പുസാക്ഷികളുടെ മൊഴികളിൽ അന്വേഷണത്തിലെ ന്യൂനതകൾ ദൃശ്യമാണെന്നും ഉത്തരവിൽ പറയുന്നു.
സംശയത്തിന് അതീതമായി കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. തെറ്റായതും കളങ്കിതമായതുമായ അന്വേഷണം ചെന്നെത്തുക പ്രോസിക്യൂഷൻ കേസ് പരാജയപ്പെടുന്നതിലായിരിക്കും.
അതുകൊണ്ടുതന്നെ കോടതി മുൻപാകെ സമർപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകൾ പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമല്ല എന്ന് വ്യക്തമാക്കിയാണ് കേസിലെ 4 പ്രതികളെയും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് വെറുതെ വിട്ടത്. കേസില് ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കി.
സിബിഐ അന്വേഷണത്തിലെ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ച തന്നെയാണ് കോടതി, പ്രോസിക്യൂഷൻ പരാജയമായി പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്.
സപ്ലിമെന്ററി റിപ്പോർട്ട് സമർപ്പിക്കേണ്ടത് വിചാരണ കോടതിയായ സെഷൻസ് കോടതിയിൽ ആയിരുന്നെങ്കിലും സിബിഐ ഇത് സമർപ്പിച്ചത് മജിസ്ട്രേറ്റ് കോടതിയിലാണ്. പ്രതികളാക്കപ്പെട്ടവരെ മാപ്പുസാക്ഷികളാക്കാൻ സിബിഐ അനുമതി തേടിയതും എറണാകുളം മജിസ്ട്രേട്ട് കോടതിയിലാണ്.
അതുകൊണ്ടു തന്നെ കോടതികളുടെ അധികാരപരിധി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു എന്ന് ഉത്തരവിൽ പറയുന്നു. മുൻപു രേഖപ്പെടുത്തിയ തെളിവുകൾ സെഷൻസ് കോടതി കണക്കാക്കിയില്ലെന്നും ഇത് അവഗണിക്കാൻ പാടില്ലായിരുന്നു എന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സിബിഐ നടത്തിയ അന്വേഷണം അടിസ്ഥാനപരമായി തന്നെ കളങ്കിതവും ന്യൂനതകളുള്ളതുമാണെന്ന് വിധിന്യായത്തിൽ കോടതി പറയുന്നു.
അതിന് ഉദാഹരണമായി ഒട്ടേറെ കാര്യങ്ങളും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തതു മുതൽ അതു തുടങ്ങുന്നു.
തുടർ അന്വേഷണം നടത്താനായിരുന്നു സിബിഐയോട് ആവശ്യപ്പെട്ടതെങ്കിലും അവർ നടത്തിയത് പുനരന്വേഷണമായിരുന്നു. ഇതിനൊപ്പമാണ് സാക്ഷികളുടെ അറസ്റ്റും പിന്നീട് അവരെ മാപ്പു സാക്ഷിയാക്കലും.
മാപ്പുസാക്ഷിയാകുന്ന ആൾ വിശ്വസനീയമായ സാക്ഷിയാണ് എന്നതിനു തെളിവുണ്ടാകണം.
അതോടൊപ്പം, മാപ്പുസാക്ഷിയുടെ മൊഴിയെ സാധൂകരിക്കുന്ന മറ്റു തെളിവുകളും ആവശ്യമാണ്. എന്നാൽ സിബിഐ കസ്റ്റഡിയിൽ അനുഭവിക്കേണ്ടി വന്ന സമ്മർദ്ദത്തെ തുടർന്നാണ് മാപ്പുസാക്ഷിയാകേണ്ടി വന്നത് എന്നാണ് ഇവർ പിന്നീട് മൊഴിയായി നൽകിയിട്ടുള്ളത്.
ഇതാകട്ടെ പല മാപ്പുസാക്ഷികളും മുമ്പ് നൽകിയിട്ടുള്ള മൊഴികൾക്ക് വിരുദ്ധമാണ്. അതുകൊണ്ടു തന്നെ മാപ്പുസാക്ഷികൾ പലരും സമർപ്പിച്ച തെളിവുകൾ കളങ്കിതമാണെന്നും സ്വതന്ത്രമായി പിരശോധിക്കാതെ അവയിന്മേൽ നടപടികൾ സാധ്യമാകില്ലെന്നും കോടതി വ്യക്തമാക്കുന്നു.
സിബിഐ ഇത്തരത്തിൽ മാപ്പുസാക്ഷികളാക്കിയവരെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും അവർ സമർപ്പിച്ച തെളിവുകളിൽ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു കൊണ്ടാണ് കോടതി ഹർജിക്കാരെ വെറുതെ വിട്ടത്.
നഗരത്തിലെ ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെ മരിച്ചു എന്നായിരുന്നു കേസ്. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികൾ. ഇതിൽ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ൽ വധശിക്ഷ വിധിച്ചു.
ഇതിൽ ശ്രീകുമാർ 2020ൽ മരണമടഞ്ഞു. നാലു മുതൽ ആറു വരെ പ്രതികളായ അജിത് കുമാർ, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ 3 വർഷം തടവാണ് ശിക്ഷിച്ചിരുന്നത്.
കേസിലെ മൂന്നാം പ്രതിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കെ.വി.സോമൻ വിചാരണ വേളയിൽ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
…