
പോർക്കുളം∙ സംസ്ഥാന പാതയിൽ പാറേമ്പാടത്ത് ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിൽ വലിയ കുഴിയെടുത്താണ് അറ്റകുറ്റ പണി ചെയ്യുന്നത്.
പൊട്ടിയ പൈപ്പിന്റെ ഭാഗം കുഴിയിൽ നിന്നെടുത്ത് നീക്കി. പുതിയ പൈപ്പ് കൊണ്ടു വന്ന് സ്ഥാപിച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ജല അതോറിറ്റി.
പാവറട്ടി ശുദ്ധജല പദ്ധതിയുടെ വെള്ളം എത്തിക്കുന്ന വലിയ പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്.
നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന പാതയിൽ ടാറിങ് നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പൈപ്പ് പൊട്ടിയത്. ഇതോടെ ഈ ഭാഗത്ത് വലിയ കുഴിയായി.
വെള്ളം കുത്തിയൊലിച്ച് സമീപത്തെ വീടുകളിലേക്ക് ഒഴുകിയത് സമീപവാസികൾക്ക് ബുദ്ധിമുട്ടായി. പാറേമ്പാടത്ത് കാലപഴക്കം ചെന്ന പൈപ്പിലൂടെയാണ് വെള്ളം പമ്പ് ചെയ്യുന്നത്.
ഇതു മൂലം പൈപ്പ് പൊട്ടുന്നത് പതിവാകുകയാണ്. അക്കിക്കാവ് മുതൽ പാറേമ്പാടം വരെയുള്ള ഭാഗത്ത് പുതുതായി പൈപ്പ് ഇടുന്ന ജോലികൾ 4 മാസം മുൻപ് ആരംഭിച്ചെങ്കിലും പൂർത്തിയായില്ല.
പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്യാൻ ഇന്നലെ രാവിലെ പണിക്കാർ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
പാറേമ്പാടത്ത് പൈപ്പ് പൊട്ടുന്നതും റോഡിൽ കുഴിയാകുന്നതും പതിവാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. നിർമാണം തടഞ്ഞതിനെ തുടർന്ന് കുന്നംകുളം പൊലീസെത്തി ചർച്ച നടത്തി.
ജലഅതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരെത്തി പുതിയ പൈപ്പ് ലൈൻ വലിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാമെന്ന് അറിയിച്ചു. പ്രതിഷേധത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജെ.ജെബിൻ, മഹേഷ് തിരുത്തിക്കാട്, സുമേഷ് കളരിക്കൽ, പ്രഭാകരൻ പുഴങ്കര, എം.ബി.വിനോദ്കുമാർ, റോയ് മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]