
പഴകുളം∙ ആലുംമൂട്–പാറക്കൂട്ടം റോഡിലെ കലുങ്ക് തകർന്നതിനെ തുടർന്നു റോഡ് ഇടിഞ്ഞു താഴുന്നു. പഴകുളം സനാതന ഗ്രന്ഥശാലയ്ക്കു സമീപത്തു പള്ളിക്കലാറിന്റെ കൈത്തോടിനു കുറുകെയുള്ള കലുങ്ക് തകർന്ന് അപകടസ്ഥതിയിലായത്.
ഇതിനെ തുടർന്ന് ഇവിടെ റോഡിൽ വിള്ളൽ വീണു താഴേക്ക് ഇരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടങ്ങിയിട്ടു മൂന്നു മാസമായി. ഇവിടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ റോഡ് ഇടിഞ്ഞു പോവുക തന്നെ ചെയ്യും.
ഇക്കാര്യങ്ങൾ ചൂണ്ടി നാട്ടുകാർ പിഡബ്ല്യുഡിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അപകടാവസ്ഥയിലായ ഭാഗത്ത് 4 വീപ്പ വച്ചതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ബഡ്സ് സ്കൂളിലെ ബസും മറ്റു സ്കൂളുകളിലെ ബസും സ്വകാര്യബസും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന റോഡാണിത്. എന്നിട്ടും കലുങ്ക് പുനർനിർമിച്ചു റോഡിലെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടി ഉണ്ടാകുന്നില്ല. അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾ എപ്പോഴും ഇതുവഴി പോകുന്നതു കൊണ്ടാണു കലുങ്ക് അപകടാവസ്ഥയിലായതെന്നാണു നാട്ടുകാർ പറയുന്നത്.
ആലുംമൂട്–പാറക്കൂട്ടം റോഡ് നവീകരിക്കുമെന്നു പറയുന്നുണ്ടെങ്കിലും അതിനും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ നവീകരണത്തിനു ഇനിയും കാലതാമസമെടുക്കും.
തകർന്ന കലുങ്ക് അതിനു മുൻപുപുതുക്കി പണിയുന്നതിനുള്ള നടപടിയാണ് ഉടൻ ഉണ്ടാകേണ്ടത്.
കഴിഞ്ഞ പ്രളയകാലത്തു കലുങ്കും റോഡും മുങ്ങിയിരുന്നതാണ്. ശക്തമായ മഴയുണ്ടാകുമ്പോൾ ഇവിടെ വെള്ളം കയറുന്ന സ്ഥിതിയായതിനാൽ കലുങ്കിന്റെ പണി എത്രയും വേഗം ചെയ്ത് ഇവിടുത്തെ പ്രശ്നം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
താഴത്ത്-പാണ്ടി മലപ്പുറം റോഡിലെ കലുങ്ക്
മണ്ണടി∙താഴത്ത്-പാണ്ടി മലപ്പുറം റോഡിൽ കലുങ്ക് തകർന്ന് അപകട
ഭീഷണി. കടമ്പനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട
ആലിലമണ്ണ് ഭാഗത്തെ കലുങ്കിന്റെ റോഡിനോടു ചേർന്നുള്ള വശമാണ് ഇടിഞ്ഞു താണത്. കലുങ്കിന്റെ ഒരു വശം പകുതിയോളം ഭാഗം ഇടിഞ്ഞു തള്ളിയ അവസ്ഥയിൽ ആണ്.
ഇടിഞ്ഞു താണ സ്ഥലം ബലപ്പെടുത്താതെ പാറക്കഷണങ്ങൾ ഇട്ടിരിക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. ആലിലമണ്ണ് ഭാഗം മുതൽ പാണ്ടിമലപ്പുറം വരെ റോഡ് തകർന്നു കുഴിയുമായി കിടക്കുകയാണ്.
പൊതുഗതാഗതം ഇല്ലാത്ത റോഡിൽ ഓട്ടോറിക്ഷയാണു സാധാരണക്കാരായ യാത്രക്കാരുടെ ആശ്രയം.
എന്നാൽ തകർന്ന റോഡിലൂടെ യാത്ര പോകാൻ ഓട്ടോറിക്ഷ തൊഴിലാളികൾ വിസമ്മതിക്കുന്നതായി നാട്ടുകാർ പറഞ്ഞു. തകർന്ന റോഡിലൂടെയുള്ള യാത്ര ഇന്ധന ചെലവും വാഹനത്തിനു തകരാറും വരുത്തുന്നതിനാലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടം പോകാൻ വിസമ്മതിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]