
പോത്തൻകോട് ∙ മംഗലപുരം പഞ്ചായത്തിലെ പാട്ടം, പോത്തൻകോട് പഞ്ചായത്തിലെ കല്ലൂർ വാർഡുകളിൽ പത്തു പേരെ കടിച്ച നായയെ അടിച്ചു കൊന്നെങ്കിലും ഭീതി മാറാതെ നാട്ടുകാർ. തിങ്കളാഴ്ച രാവിലെ 8ന് പാട്ടത്തിൻകര തുടിയാവൂർ ക്ഷേത്രത്തിനു സമീപം വീണാലയത്തിൽ അഞ്ചു വയസ്സുകാരി ദക്ഷിണ വീടിനു മുന്നിൽ പല്ലു തേച്ചുകൊണ്ടു നിന്നപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ തലയിലും കൈക്കും കടിയേറ്റു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ദക്ഷിണയുടെ മുത്തച്ഛൻ ബാബുപിള്ളയ്ക്കും (65) നായയുടെ കടിയേറ്റു.
‘പോവാൻ പറഞ്ഞിട്ട് പോയില്ല ആ നായ’…
‘പോവാൻ പറഞ്ഞു, ഓടിച്ചു നോക്കി എന്നിട്ടും ആ നായ പോയില്ല’–അഞ്ചു വയസ്സുകാരി അമാന ഫാത്തിമ അവിടെയെത്തിയവരോട് സങ്കടത്തോടെ പറഞ്ഞു. സ്കൂളിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു അവൾ. മകളെ നായ ആക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ പിതാവ് കല്ലൂർ മുസ്ലിം ജമാ അത്ത് ചീഫ് ഇമാം കൂടിയായ സൽമാൻ ഖാസിമിയുടെ വിരലുകളും നായ കടിച്ചു കീറി. ആക്രമണകാരിയായ തെരുവു നായയെക്കുറിച്ച് വാർത്ത പരന്നതോടെ പ്രദേശമാകെ പരിഭ്രാന്തിയിലായി.
പരിസര പ്രദേശങ്ങളിലായി നൂറുകണക്കിനു തെരുവുനായകൾ ഉണ്ടെന്നും ഇവയ്ക്കു കടിയേറ്റന്ന് സംശയമുണ്ടെന്നും വാർഡംഗം ഷിനു പറഞ്ഞു.
വൈകിട്ട് അഞ്ചോടെ ഖബറഡിയിൽ ഫസലുദ്ദീൻ (70) നെ നായ ആക്രമിച്ചതായി അറിഞ്ഞ് എല്ലാവരും അവിടെയെത്തി. നാടിനെ വിറപ്പിച്ച നായയെ നാട്ടുകാർ അടിച്ചു കൊന്ന് കുഴിച്ചുമൂടി. കഴിഞ്ഞമാസം മൂന്നിന് പോത്തൻകോട്, മാണിക്കൽ, വെമ്പായം പഞ്ചായത്തു പ്രദേശങ്ങളിലായി നാലു കിലോമീറ്ററോളം ചുറ്റളവിൽ തെരുവുനായ ഓടിനടന്ന് മൂന്നു സ്ത്രീകളും 9 അതിഥി തൊഴിലാളികളമടക്കം 25ഓളം ആളുകളെ കടിച്ചിരുന്നു. അണ്ടൂർക്കോണം, മംഗലപുരം, പോത്തൻകോട് വെമ്പായം ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരുവുനായ ശല്യത്തെപ്പറ്റി പരാതികളുണ്ട്.
നാവായിക്കുളത്തും രക്ഷയില്ല
കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്കും കോഴികൾക്കും ഭീഷണിയായി തെരുവു നായകൾ പെരുകിയിട്ടും ഒരു നടപടിയുമില്ലാതെ അധികൃതർ.
നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറയിൽ രണ്ടു ദിവസം മുൻപ് വീട്ടിൽ വളർത്തിയ 20 കോഴികളെയും ഒരു ആടിനെയും തെരുവുനായ്ക്കൾ കൊന്നിരുന്നു. വെട്ടിയറ ജെ.ജെ.മൻസിലിൽ ജബിനിസ ബീവിയുടെ കോഴിയും ആടും ആണ് ചത്തത്.
വീട്ടുകാരുടെ ഉപജീവനമാർഗമായിരുന്ന കോഴികളെയും ആടിനെയും തെരുവുനായ്ക്കൾ വക വരുത്തിയ സംഭവം പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നാണ് പരാതി.
വാർഡ് അംഗം വീട് സന്ദർശിച്ചെങ്കിലും നിസ്സഹായനായി മടങ്ങാനേ അദ്ദേഹത്തിനും കഴിഞ്ഞുള്ളൂ. നാവായിക്കുളം മേഖല മുഴുവൻ തെരുവു നായ്ക്കളുടെ പിടിയിൽ അമർന്നിട്ടും ഒരു ചെറുവിരലനക്കാൻ പോലും ബന്ധപ്പെട്ടവർക്ക് കഴിയാത്തതിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
പഞ്ചായത്തിലെ ഡീസന്റ്മുക്ക്,പാറച്ചേരി പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 100ൽപരം കോഴികളെ ആണ് തെരുവുനായ്ക്കൾ കൊന്നൊടുക്കിയത്. തെരുവുനായ വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടികൾ ആലോചിച്ച് നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]