
ഇന്ത്യ സുഹൃദ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറ്റ ചങ്ങാതി.
പക്ഷേ, ഇറക്കുമതി താരിഫ് കൂട്ടി മറ്റ് രാജ്യങ്ങൾക്കുനേരെ ആഞ്ഞടിച്ച യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയെയും വെറുതേ വിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും സാരമായി ആഞ്ഞടിച്ചതും ഇന്ത്യയ്ക്കെതിരെ. ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവയ്ക്ക് പുറമെ, റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി അടിച്ചേൽപ്പിച്ച 25 ശതമാനവും ചേർത്ത് മൊത്തം 50% തീരുവ ഓഗസ്റ്റ് 27ന് അമേരിക്കൻ സമയം പുലർച്ചെ 12.01ന് പ്രാബല്യത്തിൽ വരും.
ഇതു സംബന്ധിച്ച വിജ്ഞാപനം ട്രംപ് ഭരണകൂടം പുറത്തിറക്കി. അമേരിക്ക മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഇന്ത്യ വഴങ്ങാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇതിലൂടെ ട്രംപ്.
ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് 50% തീരുവ ബാധകം.
നിലവിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത ഉൽപന്നങ്ങൾ സെപ്റ്റംബർ 16നകം യുഎസിൽ എത്തണം. അല്ലാത്തപക്ഷം, സെപ്റ്റംബർ 17 മുതൽ അവയ്ക്കും 50% തീരുവ ബാധകമായിരിക്കും.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 19-20% വിഹിതവുമായി ഏറ്റവും വലിയ വിപണിയാണ് യുഎസ്.
അതുകൊണ്ടുതന്നെയാണ്, ട്രംപിന്റെ 50% തീരുവ ഇന്ത്യയെ സാരമായി ബാധിക്കുമെന്ന ആശങ്കയും. ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന 66% ഉൽപന്നങ്ങളെയും 50% തീരുവപ്രഹരം ബാധിക്കുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച് ഇനീഷ്യേറ്റീവ്സിന്റെ (ജിടിആർഐ) റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതായത്, നിലവിൽ യുഎസിൽ നിന്ന് ലഭിക്കുന്ന മൊത്ത കയറ്റുമതി വരുമാനത്തിൽ ഏതാണ്ട് 60.2 കോടി ഡോളർ മതിക്കുന്ന ഉൽപന്നങ്ങൾക്ക് 50% തീരുവ ബാധകമാണ്.
ടെക്സ്റ്റൈൽസ്, പാദരക്ഷകൾ, സമുദ്രോൽപന്നങ്ങൾ (പ്രത്യേകിച്ച് ചെമ്മീൻ), ജെം ആൻഡ് ജ്വല്ലറി, ഓർഗാനിക് കെമിക്കലുകൾ, സ്റ്റീൽ, അലുമിനിയം, ചെമ്പ്, വ്യാവസായിക ആവശ്യത്തിനുള്ള മെഷീനറികൾ, ഫർണിച്ചറുകൾ, വാഹനം, വാഹന ഘടകങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും തീരുവ ഷോക്ക്. ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ, സ്മാർട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് തൽക്കാലം തീരുവ ഭാരമില്ല.
എന്നാൽ, മരുന്നിനും ഫർണിച്ചറിനുമെല്ലാം തീരുവ കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
50 അല്ല, ഷോക്ക് 63.9% വരെ
മൊത്തം 50% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചതെങ്കിലും, യഥാർഥത്തിൽ തീരുവഭാരം ഇതിലും കൂടുതലാണ്. ഇന്ത്യയും യുഎസും തമ്മിൽ നിലവിലുള്ള ‘വാണിജ്യ താൽപര്യ കരാർ’ (എംഎഫ്എൻ) പ്രകാരം ചില ഉൽപന്നങ്ങൾക്ക് പ്രത്യേകമായി അധിക തീരുവയുണ്ട്.
റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ഇത് 9 ശതമാനം. 50% തീരുവ കൂടിച്ചേരുമ്പോൾ മൊത്തം തീരുവ 59%.
മറ്റ് വസ്ത്രങ്ങൾക്ക് 13.9% വരെ. ആകെ 63.9%.
ഓർഗാനിക് കെമിക്കൽസിന് 4%, കാർപറ്റുകൾക്ക് 2.9%, ഡയമണ്ട്, സ്വർണാഭരണം തുടങ്ങിയവയ്ക്ക് 2.1%, ഫർണിച്ചറിനും കിടക്കകൾക്കും 2.3% എന്നിങ്ങനെയും എംഎഫ്എൻ റേറ്റുകളുണ്ട്. അതായത്, ഇവയുടെ തീരുവയും 50 ശതമാനത്തിൽ ഒതുങ്ങില്ല.
ഇന്ത്യ-യുഎസ് വ്യാപാരം
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്.
ഇന്ത്യയ്ക്ക് യുഎസുമായി ഉള്ളത് വ്യാപാര സർപ്ലസ് ആണെന്ന നേട്ടവുമുണ്ട്. എന്നാൽ, ഇന്ത്യയ്ക്കെതിരെ ട്രംപ് ‘തീരുവ വടി’ എടുക്കാനുള്ളൊരു കാരണവും ഇന്ത്യയ്ക്കുള്ള ഈ മുൻതൂക്കമാണ്.
കണക്കുകൾ നോക്കാം: 2024-25ലെ കണക്കനുസരിച്ച് മൊത്തം 131.84 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ഇന്ത്യയും യുഎസുമായി നടന്നു. ഇന്ത്യയിൽ 86.51 ബില്യനും ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയാണ്.
യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയത് 45.33 ബില്യന്റെ ഉൽപന്നങ്ങൾ. അതായത്, ഇന്ത്യയ്ക്ക് 41.18 ബില്യൻ ഡോളറിന്റെ വ്യാപാര സർപ്ലസ്.
ജിഡിപിയിലെ തിരിച്ചടി
ഇന്ത്യൻ ജിഡിപിയിൽ 60% പങ്കുവഹിക്കുന്നതും ആഭ്യന്തര ഉപപഭോക്തൃ വിപണിയാണ്.
അതുകൊണ്ടുതന്നെ, കയറ്റുമതി മേഖലയ്ക്കുണ്ടാകുന്ന തിരിച്ചടി ജിഡിപി വളർച്ചയെ ഗുരുതരമായി ബാധിക്കില്ല. ട്രംപ് പ്രഖ്യാപിച്ച 50% തീരുവമൂലം ജിഡിപി വളർച്ചയിൽ 0.2 മുതൽ ഒരു ശതമാനം വരെ കുറവുണ്ടായേക്കാം.
ഇന്ത്യയുടെ മൊത്തം ജിഡിപിയിൽ യുഎസിലേക്കുള്ള കയറ്റുമതിയുടെ പങ്ക് ഏകദേശം 2% മാത്രമാണ്. എന്നിരുന്നാലും തീരുവഭാരം മൂലം ഇന്ത്യയ്ക്ക് 7 മുതൽ 25 ബില്യൻ ഡോളർ വരെ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
എന്തു ചെയ്യണം മോദി സർക്കാർ?
ആഭ്യന്തര ഉപഭോഗം കൂട്ടുക, കയറ്റുമതി വിപണി വൈവിധ്യവൽക്കരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ താരിഫ് ഷോക്ക് മറികടക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്.
ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുന്നത് ഉന്നമിട്ടാണ് കേന്ദ്ര സർക്കാർ ജിഎസ്ടി പരിഷ്കരണത്തിന് ഒരുങ്ങുന്നത്. ജിഎസ്ടി സ്ലാബിൽ നിന്ന് 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കുന്നത് ഉപഭോക്താക്കൾക്കും കമ്പനികൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് സിഐഐ കേരള ചെയർമാനും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ വി.കെ.സി.
റസാഖ്
പറഞ്ഞു.
ഫുട്വെയർ ശ്രേണി പരിഗണിച്ചാൽ കേരളത്തിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതി കാര്യമായില്ല. അതുകൊണ്ട്, 50% തീരുവ കേരളത്തിൽ ഈ മേഖലയെ ബാധിക്കില്ല.
എന്നാൽ വസ്ത്രം, കയർ തുടങ്ങിയവ ഉൾപ്പെടെ മറ്റ് മേഖലകളെക്കൂടി പരിഗണിച്ചാൽ 50% തീരുവ വലിയ തിരിച്ചടിയുമാണ്. ഉയർന്ന വിലയുള്ള ഉൽപന്നങ്ങൾ വാങ്ങാൻ ഒരു രാജ്യവും തയാറാവില്ല.
ബദൽ വിപണികൾ കണ്ടെത്തുകയാണ് പോംവഴി. തീരുവയെ എന്തായാലും നേരിടേണ്ടിവരും.
രാജ്യതാൽപര്യം മുറുകെപ്പിടിച്ച് മറ്റ് രാജ്യങ്ങളുമായി ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും വി.കെ.സി. റസാഖ് പറഞ്ഞു.
ഉന്നതതല യോഗം ചേർന്ന് കേന്ദ്രം
താരിഫ് ആഘാതം ചർച്ച ചെയ്യാനും പരിഹാര നടപടികളെടുക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലതല യോഗം ചേർന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതീക്ഷിക്കുന്ന നടപടികൾ ഇങ്ങനെ:
∙ കയറ്റുമതി മേഖലയ്ക്കായി ഉത്തേജക പാക്കേജ്.
∙ പ്രതിസന്ധി ഏറ്റവുമധികം നേരിടുന്ന മേഖലകളെ തിരഞ്ഞെടുത്തുള്ള സഹായപ്പാക്കേജാകും നൽകുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെയാകും പ്രധാനമായും ഉന്നമിടുക.
∙ ജിഎസ്ടി കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്തുണയെന്നോണം അടുത്ത യോഗത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കും കുറച്ചേക്കും.
∙ നികുതിയിളവിനൊപ്പം പലിശയിളവും ലഭിക്കുന്നതും ജനങ്ങൾക്കും കമ്പനികൾക്കും വലിയ ആശ്വാസമാകും.
∙ ഉത്സവകാലം കൂടിയാണ് മുന്നിലുള്ളതെന്നത് ഉപഭോക്തൃ വിപണിക്കും ഗുണം ചെയ്യും.
∙ നികുതി, പലിശ ഇളവിനൊപ്പം മറ്റ് സാമ്പത്തിക പരിഷ്കാര നടപടികൾ കൂടി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.
ഇത് ഇന്ത്യയെ നിക്ഷേപത്തിനും ബിസിനസ് പ്രവർത്തനങ്ങൾക്കുമുള്ള മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.
അമേരിക്കയ്ക്ക് ബദൽ കണ്ടെത്തുക പ്രയാസം
പ്രതിവർഷം ശരാശരി 85 ബില്യൻ ഡോളറിന്റെ വസ്ത്രങ്ങൾ (ടെക്സ്റ്റൈൽസ്) ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യുഎസ്. ഇതിൽ 27% വിഹിതവുമായി ചൈന ഒന്നാമതും 23 ശതമാനവുമായി വിയറ്റ്നാം രണ്ടാമതും 11 ശതമാനവുമായി ബംഗ്ലദേശ് മൂന്നാമതുമാണ്.
നാലാമതുള്ള ഇന്ത്യയുടെ വിഹിതം 8%. ട്രംപ് പ്രഖ്യാപിച്ച 50% തീരുവ നിലവിലെ ഓർഡറുകൾക്ക് പ്രതിസന്ധിയാണെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു എം.
ജേക്കബ് പറഞ്ഞു. ഹ്രസ്വകാലത്തേക്ക് ഓർഡറുകൾ കുറയുന്നത് ഉൾപ്പെടെ തിരിച്ചടിയുണ്ടാകും.
ഇപ്പോൾ കിറ്റെക്സ് അടുത്ത ജനുവരി മുതൽ മേയ് വരെയുള്ള ഓർഡറുകളാണ് യുഎസിൽ നിന്ന് സ്വീകരിക്കുന്നത്. തീരുവഭാരം മൂലമുള്ള വിലവർധന ഏറക്കുറെ യുഎസ് ഇറക്കുമതിക്കാർ സ്വീകരിച്ചുകഴിഞ്ഞു.
ട്രംപ് അടിക്കടി തീരുമാനം മാറ്റുന്ന വ്യക്തിയാണ്.
ഇന്ത്യയ്ക്കുമേലുള്ള തീരുവ അദ്ദേഹം കുറയ്ക്കാനാണ് സാധ്യത. അമേരിക്ക വലിയ വിപണിയാണ്.
അമേരിക്കയ്ക്ക് ബദലായി ഉടനടി മറ്റ് വിപണികൾ കണ്ടെത്തുക. പ്രയാസമാണ്.
ചൈനയും റഷ്യയും ഇന്ത്യയ്ക്ക് പ്രായോഗിക വിപണികളല്ല. കാരണം, വിലകുറഞ്ഞ ഉൽപന്നങ്ങളുടെ ധാരാളിത്തം ഇപ്പോഴേ അവിടങ്ങളിലുണ്ട്.
കയറ്റുമതി മേഖലയ്ക്ക് പ്രവർത്തനനഷ്ടം നികത്താനുതകുന്ന രക്ഷാപദ്ധതികൾ ഒരുക്കാൻ കേന്ദ്രം തയാറാകണമെന്നും സാബു ജേക്കബ് പറഞ്ഞു.
സമുദ്രോൽപന്ന മേഖലയ്ക്ക് കടുത്ത തിരിച്ചടി
ട്രംപിന്റെ 50% തീരുവ സമുദ്രോൽപന്ന മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് ബേബി മറൈൻ ഇന്റർനാഷനൽ മാനേജിങ് പാർട്ണറും സീഫുഡ് എക്സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ അലക്സ് കെ. നൈനാൻ
പറഞ്ഞു.
മൊത്തം സമുദ്രോൽപന്ന കയറ്റുമതിയിൽ മൂന്നിലൊന്നും വാങ്ങിയിരുന്ന യുഎസിൽ നിന്നാണ് തിരിച്ചടിയെന്നത് മേഖലയെ സാരമായി ബാധിക്കും. ഉറപ്പിച്ചിരുന്ന ഓർഡറുകൾ പോലും റദ്ദാക്കപ്പെടുന്ന സ്ഥിതിയാണ്.
ബദൽ വിപണികൾ കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അവിടെയും തിരിച്ചടിയുണ്ട്.
ബദൽ വിപണി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യ വില വൻതോതിൽ കുറച്ചേക്കുമെന്ന പ്രതീക്ഷമൂലം ഈ രാജ്യങ്ങളും ഓർഡറുകൾ നൽകുന്നത് നീട്ടിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാവുന്ന ഉൽപന്നങ്ങളല്ല ഈ മേഖലയിലുള്ളത്.
അതിനാൽ, പ്രവർത്തനനഷ്ടം ഒഴിവാക്കാൻ സർക്കാരിന്റെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തന മൂലധനത്തിന്റെ നിശ്ചിതപരിധിയിൽ, രണ്ടുവർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ വായ്പ അനുവദിക്കണം. ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാൻ നടപടി വേണം.
താരിഫ് മൂലം ഈ മേഖല നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ ഒഴിവാക്കാൻ നികുതിയിളവ് ഉൾപ്പെടെ നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി കുറഞ്ഞതിനാൽ ഈ രംഗത്തുള്ളവരുടെ വായ്പകളെ കിട്ടാക്കട
വിഭാഗത്തിൽ (എൻപിഎ) ഉൾപ്പെടുത്താൻ ചില ബാങ്കുകൾ ശ്രമിക്കുന്നുണ്ട്. അത് ഒഴിവാക്കണം.
പ്രതിസന്ധി പരിഗണിച്ച് ക്രെഡിറ്റ് സ്കോർ വിലയിരുത്തൽ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമുദ്രോൽപന്ന മേഖലയ്ക്ക് പുതിയ വിപണികൾ കണ്ടെത്താനുള്ള അവസരമാണിതെന്ന് സമുദ്രോൽപന്ന കമ്പനിയായ കിങ്സ് ഇൻഫ്രയുടെ സിഎഫ്ഒ ലാൽബർട്ട് ചെറിയാൻ
പറഞ്ഞു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക വിപണികളിലേക്ക് കൂടുതലായി കടക്കാനുള്ള അവസരമാണിത്.
നിലവിൽ യുഎസിലേക്ക് ചെമ്മീൻ ഉൾപ്പെടെ അസംസ്കൃത വസ്തുവെന്നോണമാണ് കയറ്റുമതി. വിയറ്റ്നാം.
ചൈന എന്നിവിടങ്ങളിലാണ് റീ-പ്രോസസിങ് നടക്കുന്നത്. ഇതൊഴിവാക്കി, ഇന്ത്യയിൽതന്നെ മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നത് നേട്ടമാകും.
ഒട്ടേറെ അമേരിക്കൻ ഇറക്കുമതിക്കാർ തീരുവഭാരം അവർതന്നെ വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, കയറ്റുമതി ചെയ്യുന്നവരെയോ അമേരിക്കയിലെ ഉപഭോക്താക്കളെയോ തീരുവവർധന ബാധിക്കില്ല.
ഇതും ഒരുപരിധിവരെ തിരിച്ചടി ഒഴിവാക്കാൻ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]