
തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനവുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താതെ നഗരത്തിൽ കുറെ സിഗ്നൽ ലൈറ്റുകൾ. സോളർ പാനലുകൾ കേടായതു കാരണം പ്രവർത്തിക്കാതെ വെറെ കുറെ എണ്ണം.
സ്വിച്ച് ഓൺ ചെയ്യാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എത്തിയില്ലെങ്കിൽ പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകളുമുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലുൾപ്പെടെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതു കാരണം നഗര ഗതാഗതം താറുമാറായ അവസ്ഥയിലാണ്.
പ്രധാന ജംൿഷനുകളിലെ സിഗ്നൽ ലൈറ്റുകളുടെ വാർഷിക അറ്റകുറ്റപ്പണി കെൽട്രോണിനെയാണ് പൊലീസ് ഏൽപ്പിച്ചിരുന്നത്.
എന്നാൽ കെൽട്രോണുമായുള്ള കരാർ രണ്ടു വർഷമായി പൊലീസ് പുതുക്കിയിട്ടില്ല. കോടികളുടെ കുടിശിക ആയതോടെ കെൽട്രോൺ അറ്റകുറ്റപ്പണി നിർത്തി.
ഇതോടെ സിഗ്നൽ ലൈറ്റുകൾ കേടായാൽ നന്നാക്കാൻ ആളില്ലാത്ത അവസ്ഥയായി. പാളയത്ത് സിഗ്നൽ ലൈറ്റ് തകരാറിലായിട്ട് 3 ആഴ്ചയോളമായി.
പാളയം അടിപ്പാത നിർമിക്കുന്നതിനു മുൻപ് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് ആയതിനാൽ കേബിളുകൾ ഭൂമിക്കടിയിലാണ്.
ഇതു മാറ്റി സ്ഥാപിക്കാൻ കഴിയാത്തതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. പൊരി വെയിലത്തും തോരാ മഴയത്തും ട്രാഫിക് പൊലീസ് നേരിട്ടാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.
തിരക്കേറിയ 4 റോഡുകളുടെ സംഗമ സ്ഥാനമായ ഇവിടെ ഭാഗ്യം കൊണ്ടാണ് അപകടങ്ങൾ ഒഴിവാകുന്നത്.
സോളർ പാനലുകൾ ശരിയായി പ്രവർത്തിക്കാത്തതു കാരണവും ചില സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ചില ജംൿഷനുകളിൽ മരത്തണലിലാണ് ഇത്തരം സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
വെയിൽ ഇല്ലാത്ത സമയത്ത് ഇവ പ്രവർത്തിക്കാത്തതു കാരണം റോഡിലാകെ കുരുക്ക് ഉണ്ടാകുന്ന അവസ്ഥയാണ്.
മറ്റു ചിലയിടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്താൽ മാത്രമേ പ്രവർത്തിക്കൂ. ട്രാഫിക് ഉദ്യോഗസ്ഥർ അവധി ആയാൽ ഈ സിന്നലുകളുടെ പ്രവർത്തനം നിലയ്ക്കും.
ട്രാഫിക് പൊലീസ് ഡ്യൂട്ടി ആരംഭിക്കുന്നത് രാവിലെ 8 നാണ്. അതുവരെ സിഗ്നലുകൾ പ്രവർത്തിക്കാത്തതു കാരണം ജംകഷനുകളിൽ അപകടങ്ങൾ നിത്യകാഴ്ചയാണ്.
ജഗതി, മോഡൽ സ്കൂൾ ജംക്ഷനുകൾ ആണ് പ്രധാന അപകട കേന്ദ്രങ്ങൾ.
അതിരാവിലെ സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന ഇരുചക്ര വാഹനങ്ങൾ ജഗതിയിൽ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.
സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം രാവിലെ 6 മുതലാക്കണമെന്നാവശ്യപ്പെട്ട് സിഎംപി ജില്ലാ കൗൺസിൽ ട്രാഫിക് പൊലീസിന് നിവേദനം നൽകിയിട്ടുണ്ടെങ്കിലും അനുകൂല നടപടിയായിട്ടില്ല.
സ്മാർട് റോഡായി വികസിപ്പിച്ചെങ്കിലും മേട്ടുക്കട ജംക്ഷൻ, സംഗീത കോളജ് റോഡിലെ യാത്ര ആശയക്കുഴപ്പത്തിലാണ്.
റൗണ്ട് എബോട്ടുകളുടെ വലിപ്പം കാരണം മേട്ടുക്കട ജംക്ഷനിൽ വാഹനങ്ങൾക്ക് പോകാൻ ഇത്തിരി സ്ഥലമേയുള്ളൂ.
ഇതാണ് കുരുക്കിന് കാരണം. മേട്ടുക്കട ജംൿഷനിൽ നിന്ന് സംഗീത കോളജിലേക്ക് തിരിയുന്ന ജംൿഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തതിനാൽ അപകടങ്ങൾ പതിവാണ്.
തൈക്കാട് ഓവർബ്രിജിൽ നിന്ന് വഴുതക്കാടേക്ക് വരുന്ന വാഹനങ്ങളും മേട്ടുക്കട നിന്ന് സംഗീത കോളജിലേക്ക് പോകുന്നവയും സംഗീത കോളജ് റോഡിൽ നിന്ന് തൈക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തമ്മിലാണ് കൂട്ടിയിടിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]