
പ്രതാപകാലത്ത് ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായിരുന്ന എവർഗ്രാൻഡ് (ചൈന എവർഗ്രാൻഡ് ഗ്രൂപ്പ്) ഓഹരി വിപണിയുടെ ലോകത്ത് ഇനി വെറും ഓർമ! ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് എവർഗ്രാൻഡിന്റെ ഓഹരികളെ പുറത്താക്കി (ഡിലിസ്റ്റ്).
കഴിഞ്ഞ 18 മാസമായി കമ്പനിയുടെ ഓഹരികളിൽ വ്യാപാരം സസ്പെൻഡ് ചെയ്തിരുന്നു. കെട്ടിപ്പടുത്ത കടക്കെണിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞതോടെ, കമ്പനിയെ ഡിലിസ്റ്റ് ചെയ്യാൻ ഹോങ്കോങ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
പ്രതിസന്ധികൾ പരിഹരിക്കാനും പാപ്പരത്ത നടപടികൾ ഒഴിവാക്കാനുമുള്ള പ്ലാൻ സമർപ്പിക്കാനും ജൂലൈയോടെ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കാനും കോടതി നിർദേശിച്ചിരുന്നു.
ഇതുപാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. തുടർന്നാണ്, ‘‘മടുത്തു, ഇനി അവസരം തരില്ല’’ എന്നു വ്യക്തമാക്കി കമ്പനിയുടെ ഓഹരികളെ ഡിലിസ്റ്റ് ചെയ്യാൻ ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടത്.
നിലവിൽ ലോകത്തെ ഏറ്റവും കടക്കെണിയിലായ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരാണ് എവർഗ്രാൻഡ് . 300 ബില്യൻ ഡോളറാണ് കടബാധ്യത.
ഏകദേശം 26.5 ലക്ഷം കോടി രൂപ. 2017ൽ 32 ഹോങ്കോങ് ഡോളറിനടുത്തായിരുന്നു എവർഗ്രാൻഡ് ഓഹരിക്ക് വില.
നിലവിൽ വില വെറും 0.16 ഹോങ്കോങ് ഡോളർ.
ലോകത്തെ പിടിച്ചുലച്ച ചൈനീസ് ‘ഭൂ’കമ്പം
ചൈനയിലെ ഭവന നിർമാണ പദ്ധതിയിൽ ശ്രദ്ധയൂന്നിയിരുന്ന വമ്പൻ കമ്പനിയായിരുന്നു എവർഗ്രാൻഡ് . 1990കളിൽ ചൈനയിൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന സ്ഥാപനം.
കടംകൊണ്ട് കെട്ടിപ്പൊക്കുകയായിരുന്നു ചൈന റിയൽ എസ്റ്റേറ്റ് പദ്ധതികൾ. 2009ൽ ആയിരുന്നു എവർഗ്രാൻഡ് ഓഹരി വിപണിയിലെത്തിയത് (ലിസ്റ്റിങ്).
അതേസമയത്തുതന്നെ, കമ്പനി വിദേശത്തുനിന്ന് ബോണ്ടുകളിറക്കി (കടപ്പത്രം) 20 ബില്യൻ ഡോളർ (അന്നത്തെ മൂല്യപ്രകാരം ഏകദേശം 1.5 ലക്ഷം കോടിയിലേറെ രൂപ) സമാഹരിക്കുകയും ചെയ്തു. ഒരു ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഏറ്റവും വലിയ വിദേശ കടംവാങ്ങൽ നടപടിയായിരുന്നു അത്.
എന്നാൽ, ഈ ബോണ്ടുകളിന്മേലുള്ള തിരിച്ചടവിൽ 2021ൽ കമ്പനി വീഴ്ചവരുത്തിയത്, ആഗോളതലത്തിൽതന്നെ വലിയ പ്രകമ്പനം സൃഷ്ടിച്ചു.
.
ചൈനയുടെ റിയൽ എസ്റ്റേറ്റ് രംഗത്ത് ബോണ്ടുവാങ്ങി പണമൊഴുക്കിയ വിദേശ ധനകാര്യ സ്ഥാപനങ്ങളാകെ പരുങ്ങലിലായി. ഓഹരി വിപണികളിലെല്ലാം നഷ്ടത്തിന്റെ കാറ്റ് ആഞ്ഞടിച്ചു.
പല രാജ്യങ്ങളിലും ധനകാര്യ, റിയൽറ്റി ഓഹരികൾ വിൽപന സമ്മർദത്തിൽ മുങ്ങി.
വമ്പന്റെ വൻ വീഴ്ച
2017ൽ 39,880 കോടി ഹോങ്കോങ് ഡോളർ ആയിരുന്നു എവർഗ്രാൻഡിന്റെ വിപണിമൂല്യം. 2024 ജനുവരിയിൽ ഓഹരികളെ വ്യാപാരത്തിൽനിന്ന് സസ്പെൻഡ് ചെയ്തപ്പോൾ മൂല്യം വെറും 215 കോടി ഹോങ്കോങ് ഡോളറിലേക്ക് തകർന്നടിഞ്ഞു.
ഇതിനിടെ കമ്പനി വരുമാനക്കണക്കിൽ തിരിമറി നടത്തിയത് മറ്റൊരു വലിയ കോളിളക്കവും ചൈനയിൽ സൃഷ്ടിച്ചു. 2019-20 കാലയളവിൽ വരുമാനത്തിൽ 8,000 കോടി യുഎസ് ഡോളറിന്റെ വർധന കമ്പനി കൃത്രിമമായി കൂട്ടിച്ചേർത്തു.
ഇതു പിടിക്കപ്പെട്ടത് നിയമനടപടികൾക്ക് വഴിവച്ചു.
എവർഗ്രാൻഡെയുടെ ഓഡിറ്റർമാരായ പിഡബ്ല്യുസി ചൈനയ്ക്കെതിരെയും (പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്-ചൈന) നടപടിയുണ്ടായി; 6 മാസത്തെ വിലക്കും 44 കോടി ചൈനീസ് യുവാൻ പിഴയും. എവർഗ്രാൻഡിന് ചുമത്തിയ പിഴ 58 കോടി യുഎസ് ഡോളർ.
2024ൽ ഓഹരി വിപണിയിൽ സസ്പെൻഷൻ നേരിട്ട
വേളയിൽ 280 നഗരങ്ങളിലായി 1,300 ഭവന പദ്ധതികളായിരുന്നു എവർഗ്രാൻഡ് നിർമാണം പാതിവഴിയിൽ നിർത്തിയിരുന്നത്. റിയൽ എസ്റ്റേറ്റിനു പുറമെ, മുൻപരിചയമില്ലാത്ത, ഇലക്ട്രിക് വാഹന (ഇവി) നിർമാണ രംഗത്തേക്ക് ചുവടുവച്ചതും എവർഗ്രാൻഡിന് വൻ തിരിച്ചടിയായി.
റിയൽ എസ്റ്റേറ്റ് ട്രാജഡി!
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് റിയൽ എസ്റ്റേറ്റ് മേഖല.
രാജ്യത്തിന്റെ ജിഡിപിയിൽ വഹിക്കുന്ന പങ്ക് 25 ശതമാനത്തിലധികം. റിയൽ എസ്റ്റേറ്റ് മേഖല കുമിഞ്ഞുകൂടിയ കടത്തെ തുടർന്ന്, ചീട്ടുകൊട്ടാരം പോലെ തകർന്നതോടെ അത് ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്കുതന്നെ വലിയ ആഘാതവുമായി; അതിൽനിന്ന് ചൈന ഇനിയും കരകയറിയിട്ടില്ല.
കരകയറാനായി ഷി ജിൻപിങ് ഭരണകൂടം കൊണ്ടുവന്ന ആശയങ്ങൾ മിക്കതും പാളുകയും ചെയ്തു. എവർഗ്രാൻഡ് മാത്രമല്ല ചൈന സൗത്ത് സിറ്റി, കൺട്രി ഗാർഡൻ, വാൻക് തുടങ്ങിയ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനികളും തകർച്ച നേരിടുകയാണ്.
∙ 2017ൽ ചൈനീസ് നഗരങ്ങളിൽ പുതിയ ഭവന പദ്ധതികൾക്കുള്ള ഡിമാൻഡ് രണ്ടുകോടിയിലധികമായിരുന്നു.
അടുത്തവർഷങ്ങളിലായി ഇത് 50 ലക്ഷത്തിനും താഴെയാകുമെന്നാണ് വിലയിരുത്തൽ.
∙ ജനസംഖ്യ കുറയുന്നതും യുവാക്കൾ വിദേശത്തേക്ക് കൂടുമാറുന്നതും വലിയ തിരിച്ചടിയായി. പ്രതിസന്ധി പരിഹരിക്കാൻ ഒറ്റക്കുട്ടി നയത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
കടുത്ത സാമ്പത്തികഞെരുക്കമുള്ളതിനാൽ ജനങ്ങൾ സ്വമേധയാ ഒറ്റക്കുട്ടി നയം തന്നെ പിന്തുടുകയായിരുന്നു.
∙ പുതിയ ഭവന പദ്ധതികളുടെ വിൽപന ഇക്കഴിഞ്ഞ ജൂണിലും ജൂലൈയിലും നേരിട്ടത് ഇടിവ്. വാങ്ങാനാളില്ലാത്തതിനാൽ മുൻനിര നഗരങ്ങളിൽ ഭവനപദ്ധതിയുടെ വില 30% വരെ ഇടിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]