
മാള ∙ ഓർപ്പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം ശുദ്ധജല സ്രോതസ്സുകളിൽ കലരുന്നതു തടയാനായി പ്രഖ്യാപിച്ച നെയ്തക്കുടി – പുത്തൻചിറ സ്ലൂസ് റഗുലേറ്ററിന്റെ നിർമാണം വൈകുന്നതിൽ നാട്ടുകാരിൽ ആശങ്ക. മഴയുടെ ലഭ്യത കുറയുന്നതോടെ ജലാശയങ്ങളിലെ ജലനിരപ്പ് താഴുന്നത് കായൽ നിരപ്പിനു മുകളിലേക്ക് ഉപ്പുവെള്ളം കയറാനുള്ള സാധ്യത വർധിച്ചതാണ് ആശങ്കയ്ക്കു കാരണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ കുറഞ്ഞതോടെ അപ്രതീക്ഷിത മാറ്റമാണ് ജലാശയങ്ങളിൽ സംഭവിച്ചിരിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. വേനൽക്കാലത്തിനു സമാനമായ വിധം ചൂട് അനുഭവപ്പെടുന്നതും ജലനിരപ്പ് താഴുന്നതും ഓർപ്പുഴയിൽ നിന്നുള്ള ഓരുവെള്ളം കയറാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഇവർ പറയുന്നു.
കനത്തമഴ ലഭിച്ച സമയങ്ങളിലായി ഉപ്പുവെള്ളം കയറാതിരിക്കാനുള്ള താൽക്കാലിക തടയണകൾ നീക്കം ചെയ്തതാണ് ഇതിനു കാരണം.
പലകയും വാരിയും തോടിനും കുറുകെ കുത്തി നിറുത്തി മണ്ണിട്ട് താൽക്കാലിക തടയണ ഒരുക്കിയാണ് ഇപ്പോൾ ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്കു കയറുന്നത് പ്രതിരോധിക്കുന്നത്. ഒരു തടയണയൊരുക്കാനായി പഞ്ചായത്തിന് ചുരുങ്ങിയത് 5 ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
പലപ്പോഴും നാട്ടുകാരും കർഷകരുമാണ് തടയണ നിർമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നെയ്തക്കുടി സ്ലൂസ് പോലുള്ള സ്ഥിര സംവിധാനങ്ങളുടെ ആവശ്യം പ്രയോജനപ്പെടുകയെന്നും നാട്ടുകാർ പറയുന്നു.
സ്ലൂസ് വരെയുള്ള ഭാഗങ്ങളിലെ വെള്ളം ശുദ്ധജലമായി നിലനിർത്തി ജലസേചന പദ്ധതികൾ സ്ഥാപിച്ച് വരൾച്ചയ്ക്കു പരിഹാരം കാണാനാകുമെന്ന പദ്ധതിയുടെ രൂപരേഖയും നാട്ടുകാർ സമർപ്പിച്ചിരുന്നു.
പതിറ്റാണ്ടുകളായുള്ള ഈ ആവശ്യങ്ങൾ പരിഗണിച്ച് സംസ്ഥാന ബജറ്റിൽ രണ്ടുഘട്ടങ്ങളിലായി 13 കോടി രൂപ സർക്കാർ നെയ്തക്കുടിയിൽ സോൾട്ട് വാട്ടർ എക്സ്ട്രൂഷൻ റഗുലേറ്റർ നിർമാണത്തിനായി നീക്കി വച്ചിരുന്നു. ഇറിഗേഷൻ വകുപ്പ് നൽകിയ കരാറിനെത്തുടർന്ന് 2024 മാർച്ചിൽ മണ്ണുപരിശോധന നടത്തിയതല്ലാതെ തുടർ പ്രവൃത്തികളൊന്നും ഉണ്ടായില്ലെന്നു പരാതിയുണ്ട്.
മാള, പുത്തൻചിറ, പൊയ്യ, വേളൂക്കര പഞ്ചായത്തുകൾക്ക് സ്ലൂസിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ സീസണിൽ ഉപ്പുവെള്ളം കയറി പുത്തൻചിറ, ചേന്ദങ്കിരി, കല്ലൻചിറ പാടങ്ങളിൽ ഉപ്പുവെള്ളം കയറി വലിയതോതിൽ നെൽക്കൃഷി നശിച്ചിരുന്നു.
കനത്തമഴ കുറഞ്ഞ സാഹചര്യത്തിൽ പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളം ഓർപ്പുഴയിലേക്ക് ഒഴുകുന്ന സ്ഥിതിക്കു മാറ്റം വന്നിട്ടുണ്ട്. നവംബർ അവസാനം മുതൽ ഉപ്പുവെള്ളം പതിയെ കൃഷിയിടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും പടരുന്ന സാഹചര്യമാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]