
തൊടുപുഴ ∙ ജാതി സർട്ടിഫിക്കറ്റ് സമയബന്ധിതമായി കിട്ടാത്തതിനാൽ വിദ്യാർഥികൾ, ഉദ്യോഗാർഥികൾ നേരിടുന്ന പ്രശ്നത്തിന്റെ നേർച്ചിത്രമാണ് വിട വാങ്ങുന്നതിനു മുൻപ് പീരുമേട് എംഎൽഎ വാഴൂർ സോമൻ കഴിഞ്ഞ ദിവസത്തെ റവന്യു അസംബ്ലിയിൽ അവതരിപ്പിച്ചത്.
‘‘സ്കൂൾ, കോളജ് പ്രവേശന സമയത്ത് എംഎൽഎ ഓഫിസിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.’’– ഇതായിരുന്നു വാക്കുകൾ. ജാതി സർട്ടിഫിക്കറ്റിനായി എംഎൽഎ ഓഫിസിൽ വഎത്തുന്നവരെ കുറിച്ചാണ് പറഞ്ഞത്.വനംവകുപ്പുമായി നിരന്തരം കൊമ്പു കോർത്തിരുന്ന പീരുമേട് എംഎൽഎ സത്രം എയർ സ്ട്രിപ് പദ്ധതി മുടക്കിയതിൽ സർക്കാർ പരിഹാരം കാണാത്തതിനെ കുറിച്ചും പറഞ്ഞിരുന്നു.
ഇടുക്കിയിൽ വിമാനമിറങ്ങുന്ന സ്വപ്നം ഇനിയും അകലെയാണ്.
തോട്ടം മേഖലയിൽ പ്രശ്നം ഗുരുതരം
∙ദേവികുളം, പീരുമേട് മണ്ഡലത്തിലെ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്ക് വർഷങ്ങളായി ജാതി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തടസ്സം നേരിടുകയാണ്. ഭൂരിപക്ഷവും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരാണ്.
ബ്രിട്ടിഷ് ഭരണ കാലത്ത് തേയില, ഏലം തുടങ്ങിയ തോട്ടം മേഖലകളിൽ തൊഴിലാളികളായി എത്തിയവരാണ് തോട്ടം മേഖലയിലുള്ളവർ. ഭാഷ അടിസ്ഥാനത്തിൽ 1956–ൽ കേരളം രൂപീകരിച്ച സമയത്ത് സംസ്ഥാനത്തിന്റെ ഭാഗമായവരാണ് ഇവർ.
രാജ്യം റിപ്പബ്ലിക് ആയി ഉയർത്തപ്പെട്ടപ്പോൾ ഭരണഘടന അടിസ്ഥാനത്തിൽ 1950–ലെ പ്രസിഡൻഷ്യൽ ഓർഡർ അനുസരിച്ച് തൊഴിലിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ തുടർന്നും ഇവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു.1985–ൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അനുസരിച്ച്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 1950ന് മുൻപും ശേഷവും കുടിയേറിയവർക്ക് 1996–ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാതി സർട്ടിഫിക്കറ്റ് നൽകി വന്നിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി ജാതി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 1950ന് മുൻപ് കേരളത്തിൽ എത്തിയതിന്റെ രേഖകൾ ഹാജരാക്കണമെന്നാണ് റവന്യു അധികാരികൾ ആവശ്യപ്പെടുന്നത്.
സർട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഏറെ തടസ്സങ്ങളാണ് മണ്ഡലത്തിലുള്ളവർ നേരിടുന്നത്.
റവന്യു ഓഫിസിലും പ്രശ്നം
∙ജാതി സർട്ടിഫിക്കറ്റ് മുൻപ് ലഭിച്ചവരോട്, പുതിയതായി വരുന്ന ഓരോ ഉദ്യോഗസ്ഥനും, ആദ്യമായി ജാതി സർട്ടിഫിക്കറ്റ് ലഭിക്കുവാൻ വേണ്ടി പുതിയ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതു പോലെ എല്ലാ രേഖകളും വീണ്ടും സംഘടിപ്പിച്ച് നൽകുവാൻ ആവശ്യപ്പെടുന്നത് ജനങ്ങളെ വല്ലാത്ത ബുദ്ധിമുട്ടിക്കുന്നു. ഇതര ജില്ലയിൽ നിന്ന് വിവാഹം കഴിച്ച് ഇടുക്കിയിലേക്ക് വന്ന ശേഷം ഇവിടെ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോൾ മുൻപ് താമസിച്ചിരുന്ന വില്ലേജിൽ നിന്നും രേഖകളെല്ലാം ആവശ്യപ്പെട്ടതിനു ശേഷമാണ് സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർ തയാറാകുന്നത്.
മൂന്നു വർഷത്തിനുശേഷം വീണ്ടും സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഇതേ രേഖകൾ വില്ലേജിൽ നിന്ന് ഹാജരാക്കാൻ ആവശ്യപ്പെടുന്നതും പ്രശ്നമാണ്.
എയർ സ്ട്രിപ്പിലെ തടസ്സത്തിന് പരിഹാരം?
∙24 കോടി രൂപ എൻസിസി സർക്കാരിന് കൈമാറി വർഷങ്ങൾ കഴിഞ്ഞിട്ടും ഇടുക്കിയിൽ വിമാനം ഇറക്കാമെന്നുള്ള മോഹം അനന്തമായി നീളുകയാണ്. വനംവകുപ്പിന്റെ എതിർപ്പാണ് കാരണം.
വർഷം തോറും ആയിരം എൻസിസി കെഡറ്റുകൾക്ക് വിമാനം പറത്താൻ പഠിക്കാനുള്ള അവസരം നഷ്ടമായി. എൻസിസിയിലെ എയർവിങ് കെഡറ്റുകൾക്ക് പരിശീലനം നടത്താനാണ് ആദ്യ ഘട്ടത്തിൽ 12 കോടി രൂപ മുടക്കി സത്രത്തിൽ എയർ സ്ട്രിപ് നിർമിച്ചത്.
പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വനംവകുപ്പ് തടസ്സവുമായി രംഗത്തെത്തിയത്. 2022 ഡിസംബറിൽ പരീക്ഷണ ലാൻഡിങ്ങിന്റെ ഭാഗമായി ഇവിടെ ചെറുവിമാനം പറന്നിറങ്ങിയിരുന്നു.
എന്താണ് പ്രശ്നം?
∙എയർ സ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ വനഭൂമിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കാണിച്ചാണ് വനംവകുപ്പ് പണികൾ തടസ്സപ്പെടുത്തിയിരിക്കുന്നത്.
എൻസിസിക്ക് കൈമാറിയ 12 ഏക്കർ സ്ഥലത്തിൽ ഒരു ഭാഗം റിസർവ് വനമായി വിജ്ഞാപനം ചെയ്തതാണെന്നാണ് വനം വകുപ്പിന്റെ വാദം. മൂന്ന് വർഷം മുൻപ് കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു.
ഇതു പുനർ നിർമിക്കാൻ 6.30 കോടി രൂപ എൻസിസി കൈമാറി. എന്നാൽ വനംവകുപ്പിന്റെ തടസ്സവാദം കാരണം ഇതും നിർമിക്കാൻ കഴിയുന്നില്ല.
റിസർവ് വനം എന്നതിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ഈ ഭൂമി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കായി തിരിച്ചെടുക്കാൻ കഴിയുമെന്ന് നിയമ വകുപ്പിൽ നിന്നു ഉപദേശം ലഭിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വനം- റവന്യു – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ യോഗം ചേർന്നിരുന്നു. എന്നാൽ ഇതിനു ശേഷവും പദ്ധതിയിൽ പുരോഗതി ഉണ്ടായിട്ടില്ല. നാളെ: റവന്യു ഭൂമിയിലെ വനംവകുപ്പിന്റെ അവകാശവാദങ്ങൾക്ക് റവന്യു അസംബ്ലിയിൽ ഉയർന്ന പരിഹാരമാർഗമെന്ത്? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]