നോയിഡ∙ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട്
യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ. നിക്കിയുടെ ഭർതൃസഹോദരൻ രോഹിത്, ഭർതൃപിതാവ് സത്യവീർ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
നിക്കിയുടെ ഭർത്താവ് വിപിൻ, വിപിന്റെ അമ്മ ദയ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 21നാണ് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള തർക്കത്തിനിടെ വിപിനും കുടുംബവും നിക്കിയെ ക്രൂരമായി മർദിക്കുകയും തുടർന്ന് തീവച്ച് കൊല്ലുകയും ചെയ്തത്.
36 ലക്ഷം രൂപ സ്ത്രീധനം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതോടൊപ്പം നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാർലർ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവർ ഇൻസ്റ്റഗ്രാമിൽ റീൽസുകൾ ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് വിപിന്റെ കുടുംബവുമായി തർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. പാർലർ തുറക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് വിപിനും കുടുംബവും നിക്കിയെ മർദിക്കുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ഇവർ നിക്കിയെ ജീവനോടെ തീകൊളുത്തി.
വിപിന്റെ സഹോദരൻ രോഹിത്തിന്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമായ കാഞ്ചൻ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാഞ്ചനും നിക്കിയും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നു.
‘മേയ്ക്ക് ഓവർ ബൈ കാഞ്ചൻ’ എന്ന പേരിൽ ഇരുവരും ചേർന്ന് നടത്തിയിരുന്ന യൂട്യൂബ് ചാനലിനും അരലക്ഷത്തിലേറെ ഫോളോവർമാരുണ്ട്.
വിപിനും രോഹിത്തിനും പറയത്തക്ക ജോലിയില്ലാത്തതിനാൽ ഒന്നരവർഷം മുൻപ് എട്ടുലക്ഷത്തോളം രൂപ ചെലവിട്ടാണ് പാർലർ തുടങ്ങിയതെന്ന് നിക്കിയുടെയും കാഞ്ചന്റെയും സഹോദരൻ രോഹിത് ഗുർജാർ പറഞ്ഞു. ചെറിയ കടയിൽനിന്നുള്ള വരുമാനം മാത്രമായിരുന്നു ഇവരുടെ കുടുംബത്തിനുണ്ടായിരുന്നത്.
എന്നാൽ പാർലർ തുടങ്ങിയതിൽ എതിർപ്പുണ്ടായിരുന്ന വിപിന്റെ കുടുംബം ഫെബ്രുവരിയിൽ പാർലർ നശിപ്പിച്ചു എന്നും രോഹിത് കൂട്ടിച്ചേർത്തു.
നിക്കിയെ കൊലപ്പെടുത്തിയതിനുശേഷം ഉടൻ തന്നെ വിപിൻ വീടുവിട്ടുപോകുകയും ബന്ധുവീട്ടിൽ ഒളിക്കുകയും ചെയ്തു. ഭാര്യയെ കൊന്നതിൽ ഇയാൾ കുറ്റബോധമില്ലെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയിൽനിന്ന് കഴിഞ്ഞദിവസം രക്ഷപ്പെടാൻ ശ്രമിച്ച വിപിനെ പൊലീസ് കാലിനു വെടിവച്ചു വീഴ്ത്തിയാണ് പിടികൂടിയത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം X/@ASHISHDUBEY0001ൽ നിന്ന് എടുത്തതാണ്.
…

