
കാഞ്ഞിരപ്പുഴ ∙ റോഡിന്റെ ഇരുവശവും പൊന്തക്കാടുകൾ, താഴെ അപകടം ഒളിപ്പിച്ചു കനാലും. ചെറിയൊരു അശ്രദ്ധ മതി കനാലിലേക്കു പതിക്കാൻ. വൻ അപകടം ഒളിപ്പിച്ചു വിയ്യക്കുറുശ്ശി– പള്ളിക്കുറുപ്പ് റോഡിൽ വിയ്യക്കുറുശ്ശി സ്കൂളുകൾക്കു സമീപമാണ് ഈ അവസ്ഥ.
ഏതു സമയത്തും അപകടം സംഭവിക്കാം. നടപടി വേണമെന്ന ആവശ്യം ശക്തം. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഉപ കനാലിനു മുകളിലൂടെയാണ് ഏറെ തിരക്കുള്ള റോഡ് കടന്നുപോകുന്നത്.
ഇവിടെ സുരക്ഷാ സംവിധാനം അപര്യാപ്തമാണ്.
ഇതുവഴി വാഹനങ്ങൾ വരുമ്പോൾ ഒന്നു മാറി നിൽക്കാൻ പോലും വേണ്ടത്ര സ്ഥലമില്ല. മാറി നിൽക്കുന്നതിനിടെ കാലൊന്നു തെറ്റിയാൽ ഇരുപതു മീറ്ററിലേറെ താഴ്ചയുള്ള ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്ന കനാലിലേക്കു പതിക്കും.
വാഹനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. റോഡ് നിർമാണത്തിന്റെ ഭാഗമായി ഇരുവശത്തും ഇരുമ്പു ദണ്ഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം തടയാൻ ഇവ അപര്യാപ്തമാണ്.
കൂടാതെ കാട്ടുചെടികൾ വളർന്നു പലതും കാണാനും പറ്റാത്ത അവസ്ഥയാണ്. വിയ്യക്കുറുശ്ശി ജിഎൽപി സ്കൂൾ, ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡു കൂടിയാണിത്. ചെറിയ കുട്ടികൾ സഞ്ചരിക്കുന്ന ഇടമായതിനാൽ ഏറെ ശ്രദ്ധയും കരുതലും അനിവാര്യമാണ്.
കാഴ്ചയ്ക്കു മറയായി ഇരുവശവും വളർന്നുനിൽക്കുന്ന ചെടികൾ വെട്ടിനീക്കണം. റോഡിന്റെ ഇരു വശങ്ങളിലും സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കേണ്ടതും അനിവാര്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]