
കോട്ടയം ∙ തെരുവുനായശല്യം രൂക്ഷമായതോടെ പ്രതിരോധ കുത്തിവയ്പ് ഊർജിതമാക്കി ജില്ലാ മൃഗസംരക്ഷണവകുപ്പ്. കോട്ടയം നഗരത്തിൽ ആളുകളെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനാൽ കെഎസ്ആർടിസി സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് പ്രദേശങ്ങൾ ഉൾപ്പെടുന്ന 20,29 വാർഡുകളിലെ 51 നായ്ക്കൾക്ക് കഴിഞ്ഞ ദിവസം ബൂസ്റ്റർ ഡോസ് വാക്സീൻ നൽകി.
പ്രദേശവാസികൾക്ക് ‘കാവ’ സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ മൃഗസംരക്ഷണവകുപ്പും കാവയും നടത്തുന്ന പേവിഷ മുക്ത കോട്ടയം പദ്ധതിയുടെ ഭാഗമായി 769 തെരുവുനായ്ക്കൾക്കു കുത്തിവയ്പ്പെടുത്തു. കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും കുമരകം, അയ്മനം, കാണക്കാരി, കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളിലും കുത്തിവയ്പ് പൂർത്തിയാക്കി.
വൈക്കം നഗരസഭയിലെകുത്തിവയ്പ് പുരോഗമിക്കുന്നു.
തദ്ദേശസ്ഥാപനങ്ങൾകടമ നിറവേറ്റണം
തെരുവുനായ പ്രശ്നത്തിൽ സാങ്കേതികസഹായം ചെയ്യാൻ മാത്രമേ മൃഗസംരക്ഷണ വകുപ്പിന് സാധിക്കൂവെന്നും തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. പി.കെ.മനോജ് കുമാർ.
2023ലെ സർക്കാർ ഉത്തരവ് പാലിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുറഞ്ഞത് 2 ഡോഗ് ഷെൽറ്ററുകളെങ്കിലും സ്ഥാപിക്കണം. 70% തെരുവുനായ്ക്കളുടെ പകുത്തിവയ്പ്, വന്ധ്യംകരണം എന്നിവ പൂർത്തിയാക്കിയിട്ടും നായശല്യം കുറയാത്തതിന്റെ പ്രധാനകാരണം വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നതിനാലാണ്. കാലാവസ്ഥാമാറ്റവും നായ്ക്കളെ അക്രമാസക്തരാക്കുന്നുണ്ട്.
മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതും കാരണമാണ്.
കുത്തിവയ്പിന് കാവ
നായ്ക്കൾക്കു കുത്തിവയ്പ് നൽകാൻ മൃഗസംരക്ഷണവകുപ്പുമായി സഹകരിക്കുന്നത് പഞ്ചാബിലെ പട്യാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘കാവ’ (കംപാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷൻ) എന്ന സന്നദ്ധസംഘടന. ദേശീയ ക്ഷീരവികസന വകുപ്പിനു കീഴിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡിന്റെ സിഎസ്ആർ പദ്ധതിയായ പേവിഷ മുക്ത കേരളത്തിന്റെ ഭാഗമായാണ് കാവ കുത്തിവയ്പ് യജ്ഞം നടത്തുന്നത്.
2023ൽ തിരുവനന്തപുരം കോർപറേഷനിലാണ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ പല ടീമുകളായി കാവ പ്രവർത്തിക്കുന്നു.
4 നായ്പിടിത്തക്കാർ, വെറ്റിനറി നഴ്സ്, ടീം ലീഡർ, ഡ്രൈവർ തുടങ്ങിയവരടങ്ങുന്ന ഏഴംഗ സംഘമാണ് ഓരോ ടീമിലും.
തിരുവനന്തപുരം, കൊല്ലം ജില്ലകളെക്കാൾ ഡോഗ് ഡെൻസിറ്റി (ഒരു നിശ്ചിത പ്രദേശത്തു കാണപ്പെടുന്ന നായ്ക്കളുടെ എണ്ണം ) കുറവാണ് കോട്ടയത്തെന്നും തെരുവുനായപ്രശ്നം പരിഹരിക്കാൻ വന്ധ്യംകരണമാണ് പ്രായോഗിക പരിഹാരമെന്നും കാവയുടെ വാക്സിനേഷൻ ഇൻ ചാർജ് ലയണൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]